ചെയര്‍മാന്‍ ക്ഷണിച്ചു; ടോം ഇന്ന് ഫൈനലിനെത്തും

Posted on: February 28, 2018 9:53 am | Last updated: February 28, 2018 at 9:53 am

കോഴിക്കോട്: മുന്‍ ഇന്ത്യന്‍ വോളി നായകന്‍ ടോം ജോസഫ് ഇന്ന് കേരളം-റെയില്‍വേ ഫൈനല്‍ കാണാനെത്തും. ദേശീയ വോളി ചാമ്പ്യന്‍ഷിപ്പിന്റെ സംഘാടക സമിതി ചെയര്‍മാന്‍ എം മെഹബൂബ് ടോം ജോസഫിനെ ഫോണില്‍ ബന്ധപ്പെടുകയും ഫൈനലിന് ക്ഷണിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണിത്.

കഴിഞ്ഞ ദിവസം അര്‍ജുന അവാര്‍ഡ് ജേതാക്കളെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ ടോം വരേണ്ടതായിരുന്നു. എന്നാല്‍, സംസ്ഥാന വോളി അസോസിയേഷനിലെ ഒരു പ്രധാനി ടോമിനെ അപകീര്‍ത്തിപ്പെടുത്തും വിധം സംസാരിച്ചത് വൈറലായിരുന്നു. ഇതേ തുടര്‍ന്ന് ടോം ചടങ്ങില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചു. കേരളം-പഞ്ചാബ് മത്സരം കാണാന്‍ ടിക്കറ്റെടുത്ത് കയറിയത് വലിയ ചര്‍ച്ചയായിരുന്നു.
ടോമിന് വലിയ സ്വീകരണമാണ് വോളി ആരാധകര്‍ നല്‍കിയത്.
കഴിഞ്ഞ ദിവസം റെയില്‍വേ-സര്‍വീസസ് സെമി മത്സരത്തിനിടെ ഗാലറിയില്‍ ടോമിനെ പിന്തുണച്ചു കൊണ്ട് പ്ലക്കാര്‍ഡുകള്‍ ഉയര്‍ന്നിരുന്നു.

സംഘാടക സമിതി ചെയര്‍മാന്റെ ക്ഷണം താന്‍ സ്വീകരിക്കുകയാണെന്നും കേരളം-റെയില്‍വേ ഫൈനല്‍ കാണാനെത്തുമെന്നും ടോം ജോസഫ് സിറാജിനോട് പറഞ്ഞു.