അപൂര്‍വ തലയുമായി ജനിച്ച കുഞ്ഞിന് അജ്മാന്‍ ഭരണാധികാരിയുടെ സാന്ത്വനം

  • പൂര്‍ണ സൗകര്യത്തോടുകൂടി ഭവനം സമ്മാനം.
Posted on: February 27, 2018 5:57 pm | Last updated: February 28, 2018 at 6:27 pm
സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന്‍ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന്‍ റാശിദ് അല്‍ നുഐമി

അജ്മാന്‍: തലയില്‍ മുഴയുമായി ജനിച്ച കുഞ്ഞിന്റെ പൂര്‍ണ ചികിത്സാചെലവ് ഏറ്റെടുത്ത് സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന്‍ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന്‍ റാശിദ് അല്‍ നുഐമി. മലക് എന്ന പേരുള്ള കുഞ്ഞിന്റെ പൂര്‍ണ ചികിത്സാ ചെലവ് മാത്രമല്ല, സ്വദേശമായ മൊറോക്കോയിലെ ശ്കിറാത്ത് നഗരത്തില്‍ മുഴുവന്‍ സൗകര്യങ്ങളോടുംകൂടിയ ഭവനം ശൈഖ് ഹുമൈദ് സമ്മാനമായിനല്‍കും. കുട്ടിയുടെ പിതാവിന് ജോലി കണ്ടെത്താനുള്ള സഹായവും ഭരണാധികാരിനല്‍കുമെന്ന് അല്‍ ബയാന്‍ റിപ്പോര്‍ട്ട് ചെയ്തു.

ശസ്ത്രക്രിയ കഴിഞ്ഞ കുഞ്ഞ് ആശുപത്രിയില്‍.

അപൂര്‍വമായ തലയോടുകൂടി ജനിച്ച കുട്ടിയുടെ വാര്‍ത്ത ഒരു പത്രത്തില്‍ ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ അംഗവും അജ്മാന്‍ ഭരണാധികാരിയുടെ പഴ്‌സണല്‍ സെക്രട്ടറിയുമായ ഹമദ് ബിന്‍ ഗലൈതയുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. ശസ്ത്രക്രിയ ആവശ്യമുള്ള കുഞ്ഞിന്റെ കാര്യവും സാമ്പത്തിക പ്രയാസമുള്ള കുടുംബത്തിന്റെ കാര്യവും ഹമദ് ബിന്‍ ഗലൈതയാണ് ഭരണാധികാരിയെ അറിയിച്ചത്. ശൈഖ് ഹുമൈദ് ഉടന്‍ തന്നെ മൊറോക്കോയിലെ യു എ ഇ സ്ഥാനപതി കാര്യാലയവുമായി ബന്ധപ്പെടുകയും ആവശ്യമായ എല്ലാ കാര്യവും ചെയ്തുകൊടുക്കാനും പൂര്‍ണചെലവ് ഏറ്റെടുത്തതായും അറിയിക്കുകയായിരുന്നു. കുഞ്ഞിന്റെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്.