ശുഐബ് വധം: രാഷ്ട്രീയ ഊര്‍ജം നേടി കോണ്‍ഗ്രസ്; സി പി എമ്മിന് പ്രതിച്ഛായ നഷ്ടം

Posted on: February 27, 2018 9:51 am | Last updated: February 27, 2018 at 12:19 pm

കണ്ണൂര്‍: ശുഐബിന്റെ കൊലപാതകം മൂലം കണ്ണൂരിലെ പൊതുസമൂഹത്തിനിടയില്‍ നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കുകയെന്നത് സി പി എമ്മിനുവലിയ തലവേദനയായി മാറിയപ്പോള്‍ അടുത്ത കാലത്തൊന്നുമില്ലാത്ത ജനപിന്തുണയും രാഷ്ട്രീയ ഊര്‍ജവും ലഭിക്കാനായെന്നതിന്റെ ആശ്വാസത്തിലാണ് കോണ്‍ഗ്രസ്. കണ്ണൂരിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയിലുള്‍പ്പെടെ സാധാരണക്കാരായ ജനങ്ങള്‍ക്കിടയില്‍പ്പോലും സി പി എം ശക്തമായ സാന്നിധ്യമുറപ്പിച്ചപ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിന്ന കോണ്‍ഗ്രസും യു ഡി എഫും ശുഐബ് വധം സി പി എമ്മിനെതിരെയുള്ള രാഷ്ട്രീയ ആയുധമാക്കി മാറ്റിയെന്നതിനപ്പുറം ഒരു തിരിച്ചുവരവിനുള്ള ഊര്‍ജമാക്കിയാണ് മാറ്റിയെടുത്തത്.

ജില്ലയില്‍ കോണ്‍ഗ്രസുമായി വലിയ രാഷ്ട്രീയ സംഘര്‍ഷമൊന്നും നിലനില്‍ക്കാത്ത സാഹചര്യത്തിലാണ് ശുഐബ് കൊല്ലപ്പെട്ടത്.ശുഐബിന്റെ കൊലപാതകം അക്ഷരാര്‍ഥത്തില്‍ ജില്ലയിലെ സി പി എം അണികള്‍ക്കിടയില്‍പ്പോലും ഞെട്ടലുണ്ടാക്കി. തുടക്കത്തില്‍ തന്നെ കൊലപാതകത്തെ പാര്‍ട്ടി തള്ളിപ്പറഞ്ഞെങ്കിലും സി പി എം പ്രവര്‍ത്തകരുടെ പങ്ക് വെളിപ്പെടുത്തുന്നതായിരുന്നു പിന്നീടുള്ള പോലീസ് അന്വേഷണങ്ങളും കണ്ടെത്തലുകളും.
ഇത് കണ്ണൂരില്‍ മാത്രമല്ല, സംസ്ഥാനത്താകെയും സി പി എമ്മിന്റെ പ്രതിച്ഛായ നഷ്ടത്തിനിടയാക്കിയെന്ന് നേതൃത്വം തന്നെ പിന്നീട് സൂചിപ്പിക്കുകയും ചെയ്തു. അന്വേഷണത്തെ പാര്‍ട്ടി പൂര്‍ണ്ണമായും തള്ളിപ്പറയുകയും കൊലപാതകത്തില്‍ ഉള്‍പ്പെട്ടവരെ പുറത്താക്കുകയും ചെയ്യുമെന്ന് സംസ്ഥാന നേതൃത്വം ഔദ്യോഗികമായി തന്നെ വ്യക്തമാക്കി പ്രശ്‌നത്തില്‍ നിന്ന് തലയൂരിയെങ്കിലും കണ്ണൂരില്‍ കുറച്ചുകാലമെങ്കിലും ഇതിന്റെ അപഖ്യാതി സി പി എമ്മിനെ വേട്ടയാടുക തന്നെ ചെയ്യും.

സംസ്ഥാനത്ത് മറ്റൊരിടത്തുമില്ലാത്ത തരത്തില്‍ സാന്ത്വന പ്രവര്‍ത്തനമടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തി ഏറ്റവും ജനകീയമായി മാറിയ പാര്‍ട്ടിക്ക് ഇത്തരത്തിലൊരു കൊലപാതകത്തിന്റെ പേരില്‍ കേള്‍ക്കേണ്ടി വന്ന പഴി അടുത്ത കാലത്തൊന്നുമുണ്ടായിട്ടില്ലെന്ന് അണികള്‍ തന്നെ സമ്മതിക്കുന്നുണ്ട്.
അതേസമയം, കോണ്‍ഗ്രസിനും കെ സുധാകരനും ഇത് രാഷ്ട്രീയമായ വലിയ ഊര്‍ജമാണ് പകര്‍ന്നു നല്‍കിയത്. തുടക്കത്തില്‍ ഡി സി സി പ്രസിഡന്റ്തുടങ്ങിയ നിരാഹാര സമരം പിന്‍വലിപ്പിച്ച് സുധാകരന്‍ രംഗത്തെത്തിയതോടെയാണ് സമരം ശക്തമായ രാഷ്ട്രീയ പ്രവര്‍ത്തനം കൂടിയായി മാറിയത്.
അരും കൊലക്കെതിരേ സംസ്ഥാനത്തുടനീളം ശക്തമായ പ്രതിഷേധം ഉയര്‍ത്താനായെന്ന രാഷ്ട്രീയ നേട്ടത്തിനപ്പുറം പ്രവര്‍ത്തകര്‍ക്ക് വലിയ ആവേശമായി മാറുകയും ചെയ്തു. ഒമ്പത് ദിവസം നീണ്ട നിരാഹാര സമരവും കണ്ണൂരിലൊഴുകിയെത്തിയ അണികളും നേതാക്കളും ഒടുവില്‍ സമരം യു ഡി എഫിന്റേതായി സംസ്ഥാനതലത്തിലേക്ക് മാറ്റാന്‍ കഴിഞ്ഞ രാഷ്ട്രീയ കൗശലവുമെല്ലാം സുധാകരന്റെ കോണ്‍ഗ്രസ് നേതൃതലത്തിലേക്കുള്ള വലിയൊരു തിരിച്ചുവരവിനുമാണിടയാക്കുന്നത്.

അതിനിടയില്‍ സി ബി ഐ അന്വേഷണമില്ലെന്ന സര്‍ക്കാറിന്റെ അസന്നിഗ്ധ പ്രഖ്യാപനം കോണ്‍ഗ്രസ് നേതൃത്വത്തെ കടുത്ത സമ്മര്‍ദത്തിലാക്കി. സി ബി ഐ അന്വേഷണമെന്ന ആവശ്യത്തിന്റെ മുനയൊടിഞ്ഞത് രാഷ്ട്രീയപരമായി ക്ഷീണം ചെയ്‌തെങ്കിലും സമരം വന്‍ വിജയമാണെന്ന് തന്നെയാണ് യു ഡി എഫ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍.
കേസിന്റെ തുടക്കത്തില്‍ സി ബി ഐ അന്വേഷണമെന്ന ആവശ്യം കോണ്‍ഗ്രസ് ശക്തമായി ഉയര്‍ത്തിയിരുന്നില്ല. പരോളിലിറങ്ങിയ ടി പി വധക്കേസ് പ്രതികളാണ് ശുഐബിനെ കൊലപ്പെടുത്തിയതെന്നായിരുന്നു ആദ്യത്തെ ആരോപണം. പിന്നീട് ആകാശ് തില്ലങ്കേരി ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായതോടെ ആക്ഷേപം ഡമ്മി പ്രതികളെന്നായി. പിന്നീട് ഈ ആരോപണവും പിന്‍വലിച്ചു. കണ്ണൂരില്‍ സര്‍വകക്ഷി സമാധാന യോഗത്തിനുശേഷം നിയമ മന്ത്രി എ കെ ബാലന്‍, സി ബി ഐ ഉള്‍പ്പെടെയുള്ള ഏത് അന്വേഷണത്തിനും സര്‍ക്കാര്‍ തയ്യാറാണെന്നു പ്രഖ്യാപിച്ചതോടെയാണ് സി ബി ഐ തന്നെ വേണമെന്ന ആവശ്യം കോണ്‍ഗ്രസ് ശക്തമാക്കിയത്.
ഇക്കാര്യമുന്നയിച്ച് ശുഐബിന്റെ മാതാപിതാക്കള്‍ മുഖ്യമന്ത്രിക്ക് കത്തയക്കുകയും ചെയ്തു. പ്രതിഷേധം തണുപ്പിക്കാന്‍ സര്‍ക്കാര്‍ സി ബി ഐ അന്വേഷണത്തിന് വഴങ്ങിയേക്കുമെന്ന പ്രതീതി ഉണ്ടായെങ്കിലും ഒന്നും സംഭവിച്ചില്ല. എന്തു തന്നെയായാലും ഒരു കൊലപാതകം സൃഷ്ടിച്ച അലയൊലി കുറച്ചു കാലമെങ്കിലും സര്‍ക്കാറിനു വലിയ മാനക്കേട് സൃഷ്ടിച്ചുവെന്നു തന്നെയാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.