ഹര്‍ത്താലിനിടെ അക്രമം; പ്രതികളെ സ്റ്റേഷനില്‍ നിന്നും ലീഗ് നേതാവ് ബലമായി മോചിപ്പിച്ചു

Posted on: February 27, 2018 9:48 am | Last updated: February 27, 2018 at 12:01 pm

പാലക്കാട്: സഫീര്‍ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്നലെ മണ്ണാര്‍ക്കാട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ അക്രമം അഴിച്ചുവിട്ടതിന് അറസ്റ്റിലായ പ്രതികളെ ലീഗ് നേതാവ് പോലീസ് സ്‌റ്റേഷനില്‍ നിന്ന് ബലമായി ഇറക്കിക്കൊണ്ടുപോയി. ലീഗ് നേതാവ് റിയാസ് നാലകത്താണ് മൂന്ന് പ്രതികളെ ഇറക്കിക്കൊണ്ടു പോയത്. കല്ലടിക്കോട് പോലീസ് സ്‌റ്റേഷനില്‍ വെച്ചാണ് സംഭവം. എസ്‌ഐ അടക്കമുള്ളവരെ ഭീഷണിപ്പെടുത്തിയ ശേഷമാണ് ഇയാള്‍ പ്രതികളെ ഇറക്കിക്കൊണ്ടുപോയത്.

നഗരസഭാ മുസ്‌ലിം ലീഗ് കൗണ്‍സിലര്‍ വരോടന്‍ വീട്ടില്‍ സിറാജുദ്ദീന്റെ മകനും എം എസ് എഫ് പ്രവര്‍ത്തകനുമായ സഫീറി (23)നെ കുത്തികൊന്ന കേസില്‍ അഞ്ച് പേരേ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.. കുന്തിപ്പുഴ തച്ചംകുന്നന്‍ വീട്ടില്‍ അബ്ദുല്‍ ബഷീര്‍ എന്ന പൊടി ബഷീര്‍ (24), കോട്ടോപ്പാടം കച്ചേരിപ്പറമ്പ് മേലേപ്പീടിക വീട്ടില്‍ മുഹമ്മദ് ഷാര്‍ജിന്‍ എന്ന റിച്ചു (20), മണ്ണാര്‍ക്കാട് എം ഇ എസ് കോളജിന് സമീപം താമസിക്കുന്ന മുളയങ്കായില്‍ വീട്ടില്‍ റാഷിദ് (24), ചോമേരി ഗാര്‍ഡന്‍ കോലോത്തൊടി വീട്ടില്‍ മുഹമ്മദ് സുബ്ഹാന്‍ (20), കുന്തിപ്പുഴ പാണ്ടിക്കാട്ടില്‍ വീട്ടില്‍ അജീഷ് പി എന്ന അപ്പുട്ടന്‍ (24) എന്നിവരെയാണ് മണ്ണാര്‍ക്കാട് സി ഐ ഹിദായത്തുല്ല മാമ്പ്രയും സംഘവും പിടികൂടിയത്.

സഫീറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ വ്യാപകഅക്രമങ്ങള്‍ അരങ്ങേറിയിരുന്നു.