മയക്കുമരുന്ന് പ്രതിരോധം: ബോധവത്കരണത്തിന് മികച്ച പ്രതികരണം

Posted on: February 26, 2018 11:54 pm | Last updated: February 26, 2018 at 11:54 pm

ദോഹ: രാജ്യത്ത് മയക്കുമരുന്ന് പ്രതിരോധം ലക്ഷ്യമിട്ട് ആഭ്യന്തര മന്ത്രാലയം നടത്തിയ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുജങ്ങളില്‍ നിന്ന് മികച്ച പ്രതികരണം. വിവിധ തലങ്ങളിലായി നടത്തിയ ബോധവത്കരണ, പരിശീലന പരിപാടികളില്‍ അരലക്ഷത്തിലധികം പേര്‍ പങ്കെടുത്തു. സെമിനാറുകള്‍, പ്രദര്‍ശനങ്ങള്‍, വിദ്യാഭ്യാസ ഫോറം, ലഘുലേഖ വിതരണം എന്നിവയാണ് ബോധവത്കരണത്തിന്റെ ഭാഗമായി നടന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെയും പത്ര മാധ്യമങ്ങളിലൂടെയും ബോധവത്കരണം ഊര്‍ജിതമാക്കി. സര്‍വകലാശാലകള്‍, സ്‌കൂളുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, കമ്പനികള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചും പ്രചാരണ ക്യാമ്പയിനുകള്‍ നടത്തി. 191 ബോധവത്കരണ പ്രഭാഷണങ്ങളിലൂടെ 18,288 പേര്‍ക്കും 37 മയക്കുമരുന്ന് പ്രതിരോധ ബോധവത്കരണ പ്രദര്‍ശനങ്ങളിലൂടെ 44,984 ഓളം പേര്‍ക്കും വിവിധ ക്ലബ്ബുകളിലായി പതിനെട്ട് ക്ലാസുകള്‍ സംഘടിപ്പിച്ചതിലൂടെ 532 പേര്‍ക്കും പതിനേഴ് പരിശീലന കോഴ്‌സുകളിലായി 1,335 പേര്‍ക്കും നാല് ശില്‍പ്പശാലകളിലായി 141 പേര്‍ക്കും പ്രയോജനം ലഭിച്ചു. സ്‌കൂളുകളില്‍ സാംസ്‌കാരിക മത്സരങ്ങള്‍, ഇലക്ട്രോണിക് ബോധവത്കരണം, ശാസ്ത്രീയ പ്രസിദ്ധീകരണങ്ങള്‍ നടത്തി. ഏതുവിധത്തിലുമുള്ള മയക്കുമരുന്നിന്റെ ഉത്പാദനം, നിര്‍മാണം എന്നിവയില്‍ നിന്നും രാജ്യം പൂര്‍ണമായും സ്വതന്ത്രമാണ്. കര, വ്യോമ, സമുദ്ര പാതകളിലൂടെ രാജ്യത്തേക്കുള്ള മയക്കുമരുന്ന് കടത്ത് ശ്രമങ്ങളെയും പ്രതിരോധിക്കുന്നതിന് വിമാനത്താവത്തിലുള്‍പ്പെടെ നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് വരുന്നുണ്ട്.