മധുവിന്റെ കൊലപാതകം: സമാന കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കും: മുഖ്യമന്ത്രി

Posted on: February 26, 2018 6:33 pm | Last updated: February 26, 2018 at 8:49 pm

തിരുവനന്തപുരം: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു മര്‍ദനമേറ്റു മരിച്ചതിനു സമാനമായ കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

സംഭവത്തില്‍ എല്ലാ കുറ്റവാളികള്‍ക്കും പരമാവധി ശിക്ഷ ഉറപ്പാക്കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മധുവിന്റെ കൊലപാതകവിഷയത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സബ് മിഷനുള്ള മറുപടിയായിട്ടാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

മധുവിന്റെ അമ്മയ്ക്ക് 10 ലക്ഷം രൂപ പ്രത്യേക സഹായമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് അനുവദിച്ചിട്ടുണ്ട്. ഈ തുക അടിയന്തരമായി കുടുംബത്തിന് നല്‍കുകാനുള്ള നിര്‍ദേശം നല്‍കി. എട്ടേകാല്‍ ലക്ഷം രൂപ പട്ടികജാതിപട്ടികവര്‍ഗ പീഡനനിരോധന നിയമവ്യവസ്ഥ അനുസരിച്ച് നല്‍കും. അതിന്റെ ആദ്യ ഗഡു കഴിഞ്ഞ ദിവസം കുടുംബത്തെ ഏല്‍പ്പിച്ചു. കേസിലെ കുറ്റപത്രം സമര്‍പ്പിച്ചശേഷം അവശേഷിക്കുന്ന തുക നല്‍കുമെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.