Connect with us

Kerala

ഹര്‍ത്താലിന്റെ മറവില്‍ മണ്ണാര്‍ക്കാട്ട് ലീഗ് പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം

Published

|

Last Updated

പാലക്കാട്: മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ സഫീറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് മുസ്‌ലിം ലീഗ് ആഹ്വാനം ചെയ്ത ഹര്‍ത്താലിന്റെ മറവില്‍ മണ്ണാര്‍ക്കാട് വ്യാപക അക്രമം. കോഴിക്കോട് – പാലക്കാട് ദേശീയ പാതയില്‍ വിവിധയിടങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വഴിതടഞ്ഞു. സ്ത്രീകള്‍ അടക്കമുള്ള യാത്രക്കാരെ ഇവര്‍ അസഭ്യം പറഞ്ഞു.

ഹര്‍ത്താല്‍ നടക്കുന്ന പ്രദേശത്ത് ഓരോ കിലോ മീറ്റര്‍ ഇടവിട്ട് ലീഗ് പ്രവര്‍ത്തകര്‍ വാഹനം തടയാന്‍ നിന്നിരുന്നു. സ്ത്രീകളും കുട്ടികളും ഉള്ള വാഹനങ്ങള്‍ പോലും മണിക്കൂറുകളോളമാണ് തടഞ്ഞിട്ടത്. ഇത് ചിത്രീകരിക്കാന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ക്ക് നേരെയും അക്രമമുണ്ടായി. അക്രമം നടക്കുമ്പോള്‍ പോലീസ് കാഴ്ചക്കാരായി നോക്കിനിന്നുവെന്ന് ആക്ഷേപമുണ്ട്.

ഇന്നലെ രാത്രി 9.30ഓടെയാണ് മുസ്‌ലിം ലീഗ് പ്രവര്‍ത്തകനും മണ്ണാര്‍ക്കാട് മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ വറോടന്‍ വീട്ടില്‍ സിറാജുദ്ദീന്റെ മകനുമായ സഫീറിനെ കുത്തിക്കൊന്നത്. കോടതിപ്പടിയിലുള്ള സ്വന്തം തുണിക്കടയില്‍ നില്‍ക്കുന്നതിനിടെ ഒരു സംഘം ആളുകള്‍ വന്ന് കുത്തുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. സംഭവത്തില്‍ സിപിഐ അനുഭാവികളായ അഞ്ച് പേരെ പോലീസ് പിടികൂടിയിരുന്നു.