ദേശീയ വോളി: ഫൈനല്‍ തേടി കേരളം ഇന്നിറങ്ങും

Posted on: February 26, 2018 9:54 am | Last updated: February 26, 2018 at 2:46 pm

കോഴിക്കോട്: ദേശീയ സീനിയര്‍ വോളിബോളില്‍ ഫൈനല്‍ തേടി കേരളത്തിന്റെ വനിതാ ടീം ഇന്നിറങ്ങും. തമിഴ്‌നാടാണ് എതിരാളികള്‍. നാളെ നടക്കുന്ന പുരുഷ വിഭാഗം സെമിയില്‍ കേരളം നാളെ തമിഴ്‌നാടിനെ നേരിടും.ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഹരിയാനയെ കീഴടക്കിയാണ് കേരളത്തിന്റെ പുരുഷ വനിതാ ടീമുകള്‍ സെമിയില്‍ പ്രവേശിച്ചത്.

ക്യാപ്റ്റന്‍ ജെറോം വിനീതിന്റെയും അഖിന്‍, വിപിന്‍, അജിത് ലാല്‍ എന്നിവരുടെയും മിന്നുന്ന പ്രകടനത്തിലൂടെയാണ് കേരള പുരുഷ ടീം സെമിഫൈനലില്‍ സ്ഥാനമുറപ്പിച്ചത്. ജെറോം വിനീതിന്റെയും അജിത്‌ലാലിന്റെയും സ്മാഷുകള്‍ക്കും അഖിനിന്റെയും രോഹിത്തിന്റെയും ബ്ലോക്കുകള്‍ക്കും മുന്നില്‍ പൊരുതിക്കളിച്ച ഹരിയാന ഒടുവില്‍ പരാജയം സമ്മതിക്കുകയായിരുന്നു. സ്‌കോര്‍: 30-32, 25-21,25-18, 25-22

കേരളത്തിന്റെയും ഹരിയാനയുടെയും താരങ്ങള്‍ ഇഞ്ചോടിച്ച് പോരാടിയ ആദ്യ സെറ്റ് ഹരിയാന സ്വന്തമാക്കി. ഇതോടെ ഉണര്‍ന്ന് കളിച്ച് ശക്തമായി തിരിച്ചടിച്ച കേരളം 25 -23 പോയിന്റുമായി രണ്ടാം സെറ്റ് സ്വന്തമാക്കി. രണ്ടാം സെറ്റില്‍ വിപിന്റെ സര്‍വുകളാണ് കേരളത്തിന് രക്ഷയായത്.
ആധികാരികമായാണ് കേരളം മൂന്നാം സെറ്റ് സ്വന്തമാക്കിയത്-25-18. നാലാം സെറ്റില്‍ ഹരിയാന മികച്ച പ്രകടനം നടത്തിയെങ്കിലും കേരളം വിട്ടുകൊടുത്തില്ല-25-22.
ഇതോടെ കേരളം സെമിയില്‍ സ്ഥാനമുറപ്പിക്കുകയായിരുന്നു.

വനിതകളുടെ മത്സരത്തില്‍ ഹരിയാനയെ നേരിട്ടുള്ള മൂന്ന് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് കേരളം സെമി പ്രവേശനം ഉറപ്പാക്കിയത്. മൂന്ന് സെറ്റിലും വ്യക്തമായ ആധിപത്യത്തോടെയായിരുന്നു കേരളത്തിന്റെ മുന്നേറ്റം. ആദ്യ സെറ്റ് 25-16ന് വിജയിച്ച കേരളം രണ്ടാം സെറ്റ് 25-13ന് സ്വന്തമാക്കി. നിര്‍ണായകമായ മൂന്നാം സെറ്റ് 25-14ന് വിജയിച്ചതോടെ മത്സരം കേരളത്തിന് അനുകൂലമായി.