കേരളത്തില്‍ നിന്നുള്ള എ ഐ സി സി അംഗങ്ങളുടെ ജംബോപട്ടിക രാഹുല്‍ ഗാന്ധി തള്ളി

Posted on: February 26, 2018 7:14 am | Last updated: February 26, 2018 at 12:15 am

ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നുള്ള എ ഐസി സി അംഗങ്ങളുടെ ജംമ്പോ പട്ടിക കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തള്ളി. സംഘടനാ തിരഞ്ഞെടുപ്പ് പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി എ ഐ സി സി പുനഃസംഘടനയുമായി ബന്ധപ്പെട്ട് കെ പി സി സി നല്‍കിയ കേരളത്തില്‍ നിന്നുള്ള അംഗങ്ങളുടെ പട്ടികയാണ് രാഹുല്‍ ഗാന്ധി തള്ളിയിരിക്കുന്നത്. രാഹുല്‍ ഉയര്‍ത്തിപിടിക്കുന്ന തലമുറ മാറ്റം കേരളം സമര്‍പ്പിച്ച പട്ടികയില്‍ പ്രതിഫലിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി. പട്ടികയില്‍ സ്ഥിരം അംഗങ്ങളാണെന്നതും, പ്രകടമായ ഗ്രൂപ്പ് വീതം വെപ്പും നടന്നിരിക്കുന്നുവെന്നും ദേശീയ നേതൃത്വത്തിന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കെ പി സി സിയുടെ പട്ടിക തള്ളിയതെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. പട്ടികയില്‍ രാഹുല്‍ ബ്രിഗേഡ് അംഗങ്ങളെന്ന് വിശേഷിപ്പിക്കുന്നവര്‍ പോലും തഴയപ്പെട്ടതായി പരാതി ഉയര്‍ന്നിരുന്നു. കൂടാതെ, ഗ്രൂപ്പ് വിതം വെപ്പില്‍ സ്ഥാനം ലഭിക്കാത്ത പല നേതാക്കളും ഡല്‍ഹിയിലെത്തി രാഹുല്‍ ഗാന്ധിക്ക് നേരിട്ട് പരാതി നല്‍കുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാകാം രാഹുല്‍ പട്ടിക തള്ളിയിരിക്കുന്നത്.

അടുത്ത മാസം 16 മുതല്‍ 18 വരെ ഡല്‍ഹിയില്‍ നടക്കുന്ന പ്ലീനറി സമ്മേളത്തിന് മുന്നോടിയായി എ െഎ സി സി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് നടപടിക്രമം പൂര്‍ത്തിയാക്കേണ്ടതുണ്ട്. എ ഐ സി സി യുടെ പുതിയ പ്രവര്‍ത്തന സമിതിയെ തിരഞ്ഞെടുക്കുന്നത് എ ഐ സി സി അംഗങ്ങളാണ്. ഇതിന് മുന്നോടിയായണ് സംസ്ഥാനളില്‍ നിന്നുള്ള അംഗങ്ങളുടെ ശിപാര്‍ശ തേടിയിട്ടുള്ളത്.
അംഗസംഖ്യക്കൊത്ത് ബ്ലോക്ക് തലം മുതല്‍ നടക്കുന്ന പുനഃസംഘടന പ്രകാരം കേരളത്തില്‍ നിന്ന് 39 പേര്‍ക്കാണ് എ ഐ സി സിയില്‍ അവസരം ലഭിക്കുക. പ്രത്യേക ക്ഷണിതാക്കളടക്കം 61 പേര്‍ വരെയാകാമെങ്കിലും 39 പേര്‍ക്ക് മാത്രമാകും വോട്ടവകാശം. എന്നാല്‍ 97 പേരുടെ ജംപോ പട്ടികയാണ് കെ പി സിസി പ്രസിഡന്റ് എം എം ഹസന്‍ ഹൈക്കമാന്റിന് സമര്‍പ്പിച്ചത്. രണ്ട് തട്ടായി സമര്‍പ്പിച്ച കേരളത്തില്‍ നിന്നുള്ള പട്ടികയില്‍ പ്രധാന വിഭാഗത്തില്‍ ഇടം പിടിച്ച 50 പേരില്‍ 23 പേരും എ ഗ്രൂപ്പുകാരാണ്.
16 പേര്‍ ഐ ഗ്രൂപ്പിലും 11 പേര്‍ മറ്റുള്ളവരുമാണ്. ഒപ്റ്റഡ് വിഭാഗമെന്ന രണ്ടാം പട്ടികയില്‍ 17 പേരും അഡീഷനല്‍ എന്ന വിഭാഗത്തില്‍ 30 ലിസ്റ്റില്‍ ഉള്‍പ്പെടുന്നു. ഇതിലെ പ്രധാന പട്ടികയില്‍ യുവ പ്രാധിനിത്യമില്ലെന്നതാണ് രാഹുല്‍ ഗാന്ധിയുടെ അമര്‍ഷത്തിനിടയാക്കിത്. ജില്ലാ തലങ്ങളില്‍ നടപ്പാക്കിയ തലമുറമാറ്റം എ ഐ സി സി പട്ടിക പരിഗണിച്ചില്ലെന്നും ഹൈക്കമാന്‍ഡ് വ്യക്തമാക്കി. മുന്‍ കെ പി സി സി പ്രസിഡന്റ് വി എം സുധീരന്റെ അഭിപ്രായം തേടാതെയാണ് പട്ടിക തയ്യാറാക്കി ഹൈക്കമാന്റിന് നല്‍കിയതെന്നും പരാതിയുണ്ട്.
ഇതിന് പുറമേ രാഹുലിന്റെ ബ്രിഗേഡില്‍ പ്രമുഖനായ വി ടി ബല്‍റാം, മുതിന്ന നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്‍, എ ഐ ടി യു സി സംസ്ഥാന പ്രസിഡന്റ് ചന്ദ്രശേഖരന്‍, കൊല്ലം ഡി സി സി പ്രസിഡന്റ് ബിന്ദുകൃഷ്ണ തുടങ്ങിയവരെയെല്ലാംല്ലാം പ്രധാന പട്ടിക തഴഞ്ഞിരുന്നു. അതേസമയം, അങ്കമാലി എം എല്‍ എ റോജി ജോണ്‍, ലതിക സുഭാഷ്, ഷാനിമോള്‍ ഉസ്മാന്‍, കെ എ തുളസി, സരളാ ദേവി തുടങ്ങിയ നേതാക്കള്‍ ഈ പട്ടികയില്‍ ഇടം പിടിച്ചു. വി എം സുധീരനെ പിന്തുണക്കുന്ന ടി എന്‍ പ്രതാപന്‍, പ്രൊഫഷനല്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് മാത്യു കുഴല്‍നാടന്‍ തുടങ്ങിയ നേതാക്കളും പട്ടികയില്‍ ഇടം കണ്ടില്ല. അതേസമയം, എം എം ജേക്കബ്, ശങ്കരനാരായണന്‍ തുടങ്ങിയ നേതാക്കളെ ഇത്തവണയും പട്ടിക ശിപാര്‍ശചെയ്യുന്നു.
ഒരു ഘട്ടത്തില്‍ രാഹുലിന്റെ സ്ഥാനാരോഹണത്തിനെ പോലും പ്രസിസന്ധിയിലാക്കും വിധം രൂക്ഷമായ ഗ്രൂപ്പ് തര്‍ക്കം ഹൈക്കമാന്റ് അന്ത്യശാസനം നല്‍കിയതോടെയാണ് അടങ്ങിയത്.

കെ പി സി സി അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനെ ചൊല്ലിയായിരുന്നു അന്നത്തെ തര്‍ക്കം. ഇതേ സാഹചര്യം എ ഐ സി സി തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുന്നതില്‍ ഹൈക്കാമന്‍ഡിനും അതൃപ്തിയുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലടക്കം സംസ്ഥാനത്തിന് കൂടുതല്‍ പ്രാധിനിത്യം ലഭിച്ചേക്കുമെന്ന സൂചനകള്‍ ശക്തമായിരിക്കെയാണ് കേരളം സമര്‍പ്പിട്ട പട്ടികപോലും തള്ളുന്ന സാഹചര്യമുണ്ടായത്.