കാല്‍ നൂറ്റാണ്ടിന്റെ പ്രവാസം; ഹസന്‍ കുട്ടി മദനി നാട്ടിലേക്ക്‌

Posted on: February 25, 2018 9:55 pm | Last updated: February 25, 2018 at 9:55 pm

കസബ്: കാല്‍ നൂറ്റാണ്ടിന്റെ പ്രവാസ ജീവിതം മതിയാക്കി ഹസന്‍ കുട്ടി മദനി നാട്ടിലേക്ക് മടങ്ങുന്നു. എഴുത്തുകാരനും പ്രഭാഷകനുമായ, കാസര്‍കോട് ദേലംമ്പാടി സ്വദേശിയായ മദനി 1992 ലാണ് ഒമാനിലെ കസബില്‍ പ്രവാസിയായി എത്തുന്നത്. 1981ല്‍ ഉള്ളാള്‍ സയ്യിദ് മദനീ അറബി കോളജില്‍നിന്നും മദനി ബിരുദം നേടി കുമ്പോല്‍ പാപംകോയ നഗറില്‍ മുദരിസായി സേവനം ചെയ്തു. പിന്നിട് പല സ്ഥലത്തും ദര്‍സ് നടത്തുന്നതിനിടയിലാണ് പ്രവാസ ജീവിതത്തിലേക്ക് വരുന്നത്. മദനിയുടെ ജ്യേഷ്ഠന്‍ ഹനീഫ ഫൈസിയും അടുത്തടുത്ത കാലങ്ങളിലാണ് കസബില്‍ എത്തിയത്.

ഹനിഫ ഫൈസി 2015ല്‍ പ്രവാസം മതിയാക്കി നാട്ടിലെത്തി ഒരു വര്‍ഷം കഴിഞ്ഞ് മരണപ്പെട്ടു. കസബില്‍ പള്ളി ഇമാമായിട്ടാണ് ജോലി ചെയ്തത്. 1998 മുതല്‍ യു എ ഇയിലെ റാസ് അല്‍ ഖൈമ ഔഖാഫിന്റെ കീഴില്‍ ശാം മസ്ജിദുന്നംറീദില്‍ 12 വര്‍ഷം ഇമാമായിരുന്നു. ശാം എസ് വൈ എസിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന മദനി ജോലി ചെയ്തിരുന്ന പള്ളിയിലായിരുന്നു മാസാന്ത ദിക്ര്‍ മജ്‌ലിസും മറ്റും പരിപാടികളും നടത്തിയിരുന്നത്. ശാമില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് സ്ഥാപനമായ നൂറ തഹ്ഫീളുല്‍ ഖുര്‍ആന്‍ സ്ഥാപനവുമായി സഹകരിച്ചായിരുന്നു വിദേശികള്‍ക്കുള്ള മദ്‌റസത്തുന്നൂറ പ്രവര്‍ത്തിച്ചിരുന്നത്. സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകാരമുള്ള ഈ സ്ഥാപനം ഇന്നും വളരെ നല്ല നിലയില്‍ മുന്നോട്ട് പോവുന്നു. പ്രവാസ ജീവിത കാലത്ത് തനിക്ക് ചെയ്യാന്‍ കഴിഞ്ഞ ഏറ്റവും വലിയ ദീനീ സേവനമായി ഇതിനെ കാണുന്നു. റാസ് അല്‍ ഖൈമയില്‍ നിന്നും ഒഴിവായ ശേഷം ഒരു ചെറിയ ഇടവേളക്ക് ശേഷം മദനി വീണ്ടും കസബിലേക്ക് തന്നെ മടങ്ങി. ഐ സി എഫ് സംഘടനാ രംഗത്തും സാമൂഹിക സാംസ്‌കാരിക മേഖലയിലും ആവുന്നത് ചെയ്യാന്‍ കഴിഞ്ഞു എന്ന സന്തോഷത്തോടെയാണ് മദനി പ്രവാസ ജീവിതം മതിയാക്കുന്നത്. നാട്ടില്‍ നിന്നെത്തുന്ന പണ്ഡിതന്‍ന്മാര്‍ക്കും സംഘടനാ പ്രവര്‍ത്തകര്‍ക്കും സ്വീകരണ, താമസ, ഭക്ഷണ സൗകര്യങ്ങള്‍ ഒരുക്കാന്‍ മദനി മുന്നിലായിരുന്നു. പ്രവാസ ജീവിതത്തിന്റെ മധുരവും കൈപും നിറഞ്ഞ നിരവധി ഓര്‍മകള്‍ താലോലിച്ച് മടങ്ങുന്ന മദനി ശിഷ്ടകാലം നാട്ടില്‍ ദീനീ സേവന രംഗത്ത് സജീവമാവും. ഐ സി എഫ് കസബ് സെന്റര്‍ കമ്മറ്റി യാത്രയയപ്പ് നല്‍കി.