സലഫി പ്രചാരകൻ എംഎം അക്ബർ അറസ്റ്റിൽ

Posted on: February 25, 2018 9:49 am | Last updated: February 25, 2018 at 7:25 pm
എംഎം അക്ബര്‍

ഹെെദരബാദ്: സലഫി പ്രചാരകനും മുജാഹിദ് നേതാവുമായ എംഎം അക്ബർ അറസ്റ്റിൽ. പീസ് സ്കൂളുമായി ബന്ധപ്പെട്ട തീവ്രവാദ കേസിൽ ഹൈദരാബാദ് പോലീസ് ആണ് അക്ബറിനെ കസ്റ്റഡിയിലെടുത്തത്. ആസ്ത്രേലിയയിൽ നിന്ന് ദോഹയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അറസ്റ്റ്. അറസ്റ്റ് വിവരം അക്ബർ ഭാര്യയെ വിളിച്ച് അറിയിക്കുകയായിരുന്നു.

അക്ബറിൻെറ നേതൃത്വത്തിൽ  കൊച്ചിയിൽ പ്രവർത്തിച്ചിരുന്ന പീസ് സ്കൂളുമായി ബന്ധെപ്പട്ട് കേരളാ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. അക്ബറിനെ ഉടൻ കേരളാ പോലീസിന് കെെമാറും.

മതസ്പര്‍ധ വളര്‍ത്തുന്ന പുസ്തകങ്ങള്‍ സ്‌കൂളില്‍ പഠിപ്പിച്ചെന്ന കേസില്‍ അക്ബറിനെതിരെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.

മതസ്പര്‍ദ്ധ വളര്‍ത്തുന്ന പുസ്തകങ്ങള്‍ പഠിപ്പിക്കുന്നുവെന്ന പരാതിയെത്തുടര്‍ന്ന് എറണാകുളത്തെ പീസ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ മുഖ്യമന്ത്രിയും ഉത്തരവിട്ടിരുന്നു. ജില്ലാ കലക്ടറുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചാണു നടപടി. എറണാകുളം ജില്ലാ വിദ്യാഭ്യാസ ഓഫിസറുടെ പരാതിയെത്തുടര്‍ന്ന് 2016 ഒക്ടോബറിലാണ് പൊലീസ് കേസെടുത്തത്.

വിദ്യാഭ്യാസ വകുപ്പു നടത്തിയ അന്വേഷണത്തില്‍ എന്‍സിഇആര്‍ടി, സിബിഎസ്ഇ, എസ്ഇആര്‍ടി എന്നിവ നിര്‍ദേശിക്കുന്ന പാഠപുസ്തകങ്ങളല്ല ഇവിടെ പഠിപ്പിക്കുന്നതെന്നു കണ്ടെത്തിയിരുന്നു.

മുമ്പ് ചോദ്യം ചെയ്തതിനാല്‍ അറസ്റ്റ് ചെയ്യുമെന്ന് ഭയമുണ്ടായതായും എംഎം അക്ബറിന്റെ ഭാര്യ സ്വകാര്യ ടിവി ചാനലിനോട് പറഞ്ഞു.