അഴിമതി കുറഞ്ഞ രാജ്യങ്ങളില്‍ യു എ ഇ മുന്‍നിരയില്‍

Posted on: February 23, 2018 9:14 pm | Last updated: February 23, 2018 at 9:14 pm

ദുബൈ: ഏറ്റവും കുറവ് അഴിമതിയുള്ള രാഷട്രങ്ങളുടെ കൂട്ടത്തില്‍ യു എ ഇ ഉള്‍പെട്ടു. 2017ലെ പട്ടിക പ്രകാരം 71 പോയിന്റുകളുമായി 21ാം സ്ഥാനത്താണ് യു എ ഇ. മധ്യപൂര്‍വ രാഷ്ട്രങ്ങളില്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനമാണ് യുഎഇ സ്വന്തമാക്കിയിട്ടുള്ളത്. 2016 ല്‍ 66 പോയിന്റു നേടിയ യുഎഇയ്ക്ക് 2017ല്‍ 71 പോയിന്റുകളാണ് ലഭിച്ചത്.

പൂജ്യം മുതല്‍ 100 വരെയുള്ള പോയിന്റുകള്‍ അടിസ്ഥാനമാക്കിയാണ് ട്രാന്‍പറന്‍സി ഇന്റര്‍നാഷണല്‍ പുറത്തിറക്കിയ പട്ടികയില്‍ രാഷ്ട്രങ്ങളെ തിരിച്ചിരിക്കുന്നത്. പൂജ്യം പോയിന്റുള്ളവര്‍ സമ്പൂര്‍ണ അഴിമതി രാഷ്ട്രവും മുകളിലേക്കു പോകും തോറും അഴിമതിയുടെ തോത് കൂറയുന്നതുമാണ്. 100 പോയിന്റുകള്‍ ലഭിക്കുന്നവരാകും പട്ടികയില്‍ അഴിമതിയേ ഇല്ലാത്ത രാജ്യങ്ങള്‍. പട്ടികയില്‍ 81ാം റാങ്കിലുള്ള ഇന്ത്യയ്ക്ക് 2017ല്‍ 40 പോയിന്റുകളാണുള്ളത്. 2016ലും ഇന്ത്യയ്ക്ക് 40 പോയിന്റായിരുന്നു. ഏഷ്യ പസഫിക് മേഖലയിലെ ചില രാഷ്ട്രങ്ങളില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും പ്രതിപക്ഷ നേതാക്കള്‍ക്കുമെതിരെ വലിയ ഭീഷണിയുള്ളതായി ട്രാന്‍സ്പറന്‍സി ഇന്റര്‍നാഷണല്‍ വിലയിരുത്തി. ഫിലിപ്പീന്‍സ്, ഇന്ത്യ, മാലദ്വീപ് എന്നീ രാഷ്ട്രങ്ങള്‍ ഇക്കാര്യത്തില്‍ ഏറെ മുന്‍പിലാണ്. ആറുവര്‍ഷത്തിനിടെ അഴിമതിക്കെതിരായി പോരാടുന്ന 15 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായും ഇവര്‍ വ്യക്തമാക്കി. 89, 88 പോയിന്റുകളുമായി ന്യൂസീലന്‍ഡ്, ഡെന്‍മാര്‍ക് എന്നീ രാഷ്ട്രങ്ങളാണ് പട്ടികയില്‍ ഒന്നാമതുള്ളത്.