Connect with us

Kerala

മോഷ്ടിച്ചെങ്കില്‍പ്പോലും വിശന്നിട്ടല്ലേ; അതിന് കൊല്ലുകയാണോ ചെയ്യേണ്ടത് ?

Published

|

Last Updated

തിരുവനന്തപുരം: മധുവിന്റെ കൊലയാളികള്‍ എത്ര ഉന്നതരായാലും നടപടിയെടുക്കണമെന്ന് ആദിവാസി നേതാവ് സികെ ജാനു. കേരളത്തില്‍ ആദ്യമായല്ല ആദിവാസികളെ കൊല്ലുന്നതെന്നും മുഴുവന്‍ ദുരൂഹമരണങ്ങള്‍ക്കും ഉത്തരവാദികളായവരെ കണ്ടെത്താന്‍ അന്വേഷണം വേണമെന്നും അവര്‍ പറഞ്ഞു.

മോഷ്ടിച്ചെങ്കില്‍പ്പോലും വിശന്നിട്ടല്ലേ. അതിന് കൊല്ലുകയാണോ ചെയ്യേണ്ടത്. സ്വര്‍ണവും പണവുമല്ലല്ലോ, ഭക്ഷണമല്ലേ അവനെടുത്തത്. ആദിവാസികളുടെ ശവപ്പറമ്പാണോ കേരളമെന്നും സികെ ജാനു ഫേസ്ബുക്ക് കുറിപ്പില്‍ ചോദിച്ചു.

സികെ ജാനുവിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം…..

മനുഷ്യരെ ഭയമായിരുന്നു മധുവിന്. അവന്‍ ഭയപ്പെട്ടത് തന്നെ സംഭവിച്ചു. ആള്‍ക്കൂട്ടം അവനെ ഇല്ലാതാക്കി. മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നു. വീട്ടില്‍ താമസിക്കാറില്ല. കുറ്റിക്കാട്ടിലും കല്ലുഗുഹയിലുമൊക്കെയാണ് കഴിയാറ്. വിശക്കുമ്പോള്‍ നാട്ടിലേക്ക് വരും. ഇതെല്ലാവര്‍ക്കുമറിയാം.

കൊല്ലാന്‍ വേണ്ടിത്തന്നെയാണ് അവരത് ചെയ്തത്. ദൃശ്യങ്ങള്‍ കണ്ടാല്‍ മനസിലാകും. ഉടുതുണി കൊണ്ട് കൈകള്‍ ബന്ധിപ്പിച്ചിരിക്കുന്നു. ഭക്ഷണം മോഷ്ടിച്ചതിന് മദ്യാസക്തിക്കു പുറത്തുള്ള തല്ലലായിരുന്നുവെങ്കില്‍ ഇത്ര ക്രൂരമായി മര്‍ദ്ദിക്കുമോ. ഒന്നോ രണ്ടോ തല്ല് നല്‍കി വിട്ടയക്കില്ലേ. മോഷ്ടിച്ചെങ്കില്‍പ്പോലും വിശന്നിട്ടല്ലേ. അതിന് കൊല്ലുകയാണോ ചെയ്യേണ്ടത്. സ്വര്‍ണവും പണവുമല്ലല്ലോ, ഭക്ഷണമല്ലേ അവനെടുത്തത്.
ആദ്യമായല്ല കേരളത്തില്‍ ആദിവാസികളെ കൊല്ലുന്നത്. പുഴക്കരയിലും കാട്ടിലുമൊക്കെ നിരവധി അജ്ഞാത മൃതദേഹങ്ങള്‍ പലതവണ കണ്ടെത്തിയിട്ടുണ്ട്. ഒരിടത്തും കൃത്യമായ അന്വേഷണം നടന്നിട്ടില്ല. ആര് ചോദിക്കാന്‍. മുഴുവന്‍ ദുരൂഹമരണങ്ങളുടെയും ഉത്തരവാദികളെ കണ്ടെത്താന്‍ അന്വേഷണം പ്രഖ്യാപിക്കണം. മധുവിന്റെ കൊലയാളികള്‍ എത്ര ഉന്നതരായാലും നടപടിയെടുക്കണം.

ആദിവാസികളുടെ ശവപ്പറമ്പാണോ കേരളം? വിശക്കുന്ന ആദിവാസി ഉത്തരേന്ത്യയില്‍ മതി, നമ്പര്‍ വണ്‍ കേരളത്തില്‍ വേണ്ട. അതായിരിക്കാം തല്ലിക്കൊന്നത്. ആദിവാസികള്‍ ഇനിയുമെത്ര ശവശരീരം തരണം പ്രബുദ്ധ കേരളമേ..

 

Latest