Connect with us

International

സിറിയന്‍ ഏറ്റുമുട്ടല്‍: ആശങ്കയറിയിച്ച് യു എന്‍ മേധാവി

Published

|

Last Updated

ന്യൂയോര്‍ക്ക്: സിറിയയിലെ തെക്കന്‍ ഹൗതയില്‍ നടക്കുന്ന ആക്രമണങ്ങളില്‍ ആശങ്ക അറിയിച്ച് യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. ഹൗതയിലെ ജനങ്ങള്‍ ഭൂമിയിലെ നരകത്തിലാണ് ജീവിക്കുന്നതെന്ന് സിറിയന്‍ വിഷയത്തില്‍ യു എന്‍ സരുക്ഷാ കൗണ്‍സിലില്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം വ്യക്തമാക്കി. സിറിയന്‍ ജനത അനുഭവിക്കുന്ന ദുരിതത്തില്‍ യു എന്‍ മേധാവി ശക്തമായ ആശങ്കയാണറിയിച്ചത്.

സൈന്യവും വിമതരും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ ഉടന്‍ അവസാനിപ്പിക്കണമെന്നും അവിടുത്തെ ജനങ്ങള്‍ക്ക് അടിയന്തര സഹായം എത്തിക്കാനുള്ള സൗകര്യം ഇരുപക്ഷവും ചെയ്തു കൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യു എന്‍ രക്ഷാ കൗണ്‍സിലിന് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയെന്നും ഗുട്ടറസ് അറിയിച്ചു. തെക്കന്‍ ഹൗതയില്‍ മാത്രം നാല് ലക്ഷത്തില്‍പരം ജനങ്ങള്‍ ഭീതിയുടെ മുനമ്പില്‍ ജീവിക്കുന്നുണ്ടെന്ന് അദ്ദേഹം രക്ഷാസമിതിയെ അറിയിച്ചു. കണ്‍മുന്നില്‍ നടക്കുന്ന ഇത്തരം മാനുഷിക ദുരന്തങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് ഗുട്ടെറസ് കൂട്ടിച്ചേര്‍ത്തു. സന്നദ്ധ സഹായങ്ങളെത്തിക്കാന്‍ ഒരുമാസക്കാലത്തേക്കെങ്കിലും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നാണ് യു എന്നിന്റെ ആവശ്യം.
ഫെബ്രുവരി 18 മുതല്‍ തെക്കന്‍ ഹൗതയില്‍ നടക്കുന്ന സൈനിക ആക്രമണത്തില്‍ ഇതുവരെ 335 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്.