അധ്യാപകര്‍ക്ക് തോക്ക് ലഭ്യമാക്കണമെന്ന് ട്രംപ്

Posted on: February 23, 2018 7:41 am | Last updated: February 23, 2018 at 12:44 am

വാഷിംഗ്ടണ്‍: സ്‌കൂളുകളിലെ വെടിവെപ്പ് അവസാനിപ്പിക്കാന്‍ അധ്യാപകര്‍ക്ക് തോക്കുകൊടുത്താല്‍ മതിയെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 17 പേരുടെ മരണത്തിനിടയാക്കിയ ഫ്‌ളോറിഡയിലെ സ്‌കൂള്‍ വെടിവെപ്പിനെ കുറിച്ച് സംസാരിക്കവെയാണ് വിവാദ പരാമര്‍ശവുമായി ട്രംപ് രംഗത്തെത്തിയത്. ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ വളരെ പെട്ടെന്ന് അവസാനിപ്പിക്കാന്‍ തോക്കേന്തിയ അധ്യാപകരുണ്ടായാല്‍ മതിയെന്ന് അദ്ദേഹം പ്രസ്താവിച്ചു. ഫ്‌ളോറിഡ വെടിവെപ്പില്‍ നിന്ന് രക്ഷപ്പെട്ടവരുമായി നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം, തോക്കുപയോഗത്തില്‍ നിയന്ത്രണത്തിനൊരുങ്ങുകയാണ് യു എസ് ഭരണകൂടം. തോക്കു നിര്‍മാണത്തിന് ഉപയോഗിക്കുന്ന സാമഗ്രികള്‍ നിരോധിക്കുമെന്ന് ട്രംപ് പറഞ്ഞു. രാജ്യത്ത് വിനാശകരമായിക്കൊണ്ടിരിക്കുന്ന തോക്ക് സംസ്‌കാരത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് ട്രംപിന്റെ പ്രസ്താവന. സമാനമായ ആക്രമണങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് ട്രംപ് ഉറപ്പ് നല്‍കി.
തോക്ക് വിതരണത്തിന് നിയന്ത്രണമേര്‍പ്പെടുത്താനും തോക്ക് വാങ്ങുന്നവരെ കുറിച്ച് കൃത്യമായ അന്വേഷണം നടത്താനും യു എസ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍, അധ്യാപകര്‍ക്കും സ്‌കൂളിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും തോക്ക് നല്‍കണമെന്ന ട്രംപിന്റെ നിലപാടിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. അതേസമയം, അധ്യാപകര്‍ക്ക് തോക്ക് നല്‍കുന്നതിന് അനുകൂലമായ മുദ്രാവാക്യം ഉയര്‍ത്തിയുള്ള പ്രകടനങ്ങള്‍ വാഷിംഗ്ടണ്‍ ഡി സിയില്‍ നടന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വെടിവെപ്പിന് ദൃക്‌സാക്ഷികളായ 40 വിദ്യാര്‍ഥികളും അധ്യാപകരും അവരുടെ കുടുംബങ്ങളുമാണ് കഴിഞ്ഞ ദിവസം ട്രംപുമായി വികാരനിര്‍ഭരമായ കൂടിക്കാഴ്ച നടത്തിയത്. ഇത്തരം ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ അടിയന്തരമായി തോക്ക് നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഇവരുടെ അഭ്യര്‍ഥന മാനിച്ച് ഇതുസംബന്ധിച്ച നിയമനിര്‍മാണത്തിന് ട്രംപ് അറ്റോര്‍ണി ജനറലിന് ഉത്തരവ് നല്‍കി. സ്‌കൂളുകളില്‍ സുരക്ഷാമുന്‍കരുതലിന്റെ ഭാഗമായി അധ്യാപകര്‍ക്ക് ആയുധപരിശീലനം നല്‍കുമെന്നും ആദ്ദേഹം ഉറപ്പ് നല്‍കി.

തോക്കുനിയന്ത്രണം ആവശ്യപ്പെട്ട് അമേരിക്കയില്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ വലിയ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് തോക്കുപയോഗത്തില്‍ നിയന്ത്രണം പ്രഖ്യാപിച്ചുകൊണ്ട് ട്രംപ് രംഗത്തെത്തിയത്. സെമി ഓട്ടോമാറ്റിക് റൈഫില്‍ തോക്കുകളുടെ നിര്‍മാണ സാമഗ്രികള്‍ നിരോധിക്കാനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് പുറപ്പെടുവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കാതെ 100 യു എസ് ഡോളറിനുവരെ റൈഫിള്‍ തോക്കുകള്‍ വാങ്ങാന്‍ സാധിക്കും.
കഴിഞ്ഞ വര്‍ഷം നടന്ന ലാസവേഗസ് വെടിവെപ്പിന് അക്രമി ഉപയോഗിച്ചതും ഇത്തരം തോക്കുകളാണ്. അതിനാല്‍ ഇത്തരം തോക്കുകളുടെ നിര്‍മാണം നിയമവിരുദ്ധമാണെന്നും അത് നിരോധിക്കുമെന്നും ട്രംപ് വ്യക്തമാക്കി. ഇതുസംബന്ധിച്ച നിയമനിര്‍മാണത്തിന് ട്രംപ് അറ്റോര്‍ണി ജനറലിന് ഉത്തരവ് നല്‍കി. തോക്കുവാങ്ങുന്നവര്‍ക്ക് നിയന്ത്രണം കൊണ്ട് വരുമെന്ന് കഴിഞ്ഞ ദിവസം ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു.