ഫലസ്തീനിലേക്കുള്ള സഹായം യു എന്‍ നിര്‍ത്തിവെക്കുന്നു

Posted on: February 22, 2018 9:17 am | Last updated: February 22, 2018 at 10:27 am

വെസ്റ്റ് ബാങ്ക്: ഫലസ്തീനിലേക്ക് ഭക്ഷണ പാനീയങ്ങളടക്കമുള്ള അവശ്യവസ്തുക്കളെത്തിക്കുന്ന യു എന്‍ ഏജന്‍സിയായ യു എന്‍ ആര്‍ ഡബ്ല്യു എയില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി. വെസ്റ്റ് ബാങ്കില്‍ കഴിയുന്ന ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കുള്ള സഹായം ഉടന്‍ അവസാനിക്കുമെന്നും ഭക്ഷ്യവസ്തുക്കളും മറ്റും ക്യാമ്പുകളിലെത്തില്ലെന്നും ഏജന്‍സി വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കി.
ജറൂസലം വിഷയത്തെ തുടര്‍ന്ന് അമേരിക്ക യു എന്‍ ഏജന്‍സിക്കുള്ള സഹായം വെട്ടിക്കുറച്ചിരുന്നു. കടുത്ത ഫലസ്തീന്‍വിരുദ്ധ സമീപനം സ്വീകരിക്കുന്ന ട്രംപ് ഭരണകൂടത്തിന്റെ നിലപാട് യു എന്‍ വക്താക്കളെ ചൊടിപ്പിച്ചിരിക്കുകയാണ്. ജൂണ്‍ അവസാനത്തോടെ ഫലസ്തീനിലെ യു എന്‍ സഹായം നില്‍ക്കുമെന്നും ജനങ്ങള്‍ കടുത്ത പ്രതിസന്ധിയിലാകുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കി. യു എന്‍ ഏജന്‍സിക്ക് ഏറ്റവും കൂടുതല്‍ തുക സംഭാവന നല്‍കുന്ന രാജ്യമാണ് അമേരിക്ക. ഇത് നില്‍ക്കുന്നതോടെ ഏജന്‍സി സാമ്പത്തിക പ്രതിസന്ധിയിലാകുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ സൂചന നല്‍കിയത്.
തങ്ങളുടെ ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിലൊരു സാമ്പത്തിക പ്രതിസന്ധി രാജ്യം നേരിടുന്നതെന്നും നാല് ലക്ഷത്തോളം വരുന്ന സിറിയന്‍ ജനതക്കടക്കം 53 ലക്ഷം പേര്‍ക്ക് സഹായമെത്തിക്കുന്ന സംഘടനയാണ് യു എന്‍ ആര്‍ ഡബ്ല്യു എയെന്നും അവര്‍ വ്യക്തമാക്കി. യുദ്ധം കൊണ്ടും ആഭ്യന്തരകലാപം കൊണ്ടും മറ്റും നിരാലംബരായ ലക്ഷക്കണക്കിനാളുകള്‍ക്ക് ഭക്ഷണം, പാര്‍പ്പിടം, ആരോഗ്യ സൗകര്യങ്ങള്‍, വിദ്യാഭ്യാസം എന്നിവയെത്തിക്കുന്ന യു എന്‍ ഏജന്‍സിയുടെ ബജറ്റില്‍ മൂന്നിലൊന്ന് കമ്മി നേരിടുന്നുവെന്ന് കമ്മീഷണര്‍ ജനറല്‍ വ്യക്തമാക്കി.
അതിനിടെ, പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി വെസ്റ്റ് ബാങ്കിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ നിന്ന് അധ്യാപകരെ യു എന്‍ തിരിച്ചുവിളിച്ചിട്ടുണ്ട്. കാലങ്ങളായി നല്‍കിവരുന്ന സഹായങ്ങള്‍ വെട്ടിക്കുറച്ചുകൊണ്ടിരിക്കുന്നതായും അഭയാര്‍ഥികള്‍ വ്യക്തമാക്കുന്നു.