സി പി എം സംസ്ഥാന സമ്മേളനത്തിന് നാളെ തൃശൂരില്‍ പതാകയുയരും

Posted on: February 21, 2018 9:28 am | Last updated: February 21, 2018 at 9:28 am

തൃശൂര്‍: സി പി എം സംസ്ഥാന സമ്മേളനത്തിന് തൃശൂരില്‍ നാളെ പതാകയുയരും. 37 വര്‍ഷത്തിന് ശേഷം തൃശൂരിലെത്തുന്ന സമ്മേളനം ചരിത്രസംഭവമാക്കാനുള്ള തയ്യാറെടുപ്പുകള്‍ അന്തിമ ഘട്ടത്തിലാണ്. സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള പതാക കയ്യൂരില്‍ നിന്നും കൊടിമരം വയലാറില്‍ നിന്നുമാണ് കൊണ്ടുവരുന്നത്. കേരളത്തിലെ 577 രക്തസാക്ഷികളുടെ ബലികുടീരങ്ങളില്‍ നിന്നും കൊണ്ടുവരുന്ന ദീപശിഖയാണ് തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ എത്തിച്ചേരുക. തുടര്‍ന്ന് പൊതുസമ്മേളനം നടക്കുന്ന കെ കെ മാമക്കുട്ടി നഗറില്‍ സ്വാഗതസംഘം ചെയര്‍. ബേബി ജോണ്‍ പതാകയുയര്‍ത്തും. പോളിറ്റ്ബ്യൂറോ അംഗവും സംസ്ഥാന മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍ ദീപശിഖ തെളിയിക്കും.

പ്രതിനിധി സമ്മേളനം 22ന് രാവിലെ പത്തിന് വിവി ദക്ഷിണാമൂര്‍ത്തി നഗറില്‍ (റീജ്യനല്‍ തിയേറ്റര്‍) ആരംഭിക്കും. ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍ പതാക ഉയര്‍ത്തും. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തിന് ശേഷം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് പ്രതിനിധി സമ്മേളനം മുമ്പാകെ അവതരിപ്പിക്കും. തുടര്‍ന്ന് ഗ്രൂപ്പ് ചര്‍ച്ചയും പൊതുചര്‍ച്ചയും ആരംഭിക്കും.

25 വരെ പ്രതിനിധി സമ്മേളനം തുടരും. പോളിറ്റ്ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രന്‍ പിള്ള, പിണറായി വിജയന്‍, എ കെ പത്മനാഭന്‍, എം എ ബേബി പങ്കെടുക്കും.
25ന് ഉച്ചകഴിഞ്ഞ് കാല്‍ലക്ഷം റെഡ് വളണ്ടിയര്‍മാരുടെ മാര്‍ച്ചും തുടര്‍ന്ന് രണ്ട് ലക്ഷം പേര്‍ അണിനിരക്കുന്ന പൊതു സമ്മേളനവും സംഘടിപ്പിച്ചിട്ടുണ്ട്.

475 തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും 87 സംസ്ഥാന കമ്മിറ്റി അംഗങ്ങളും നാല് സംസ്ഥാന കമ്മിറ്റി ക്ഷണിതാക്കളും 16 നിരീക്ഷകരും ഉള്‍പ്പെടെ 582 പ്രതിനിധികളാണ് നാല് ദിവസത്തെ സമ്മേളനത്തില്‍ സംബന്ധിക്കുന്നത്.