Connect with us

Gulf

നോള്‍ കാര്‍ഡ്-സ്മാര്‍ട് ഫോണ്‍ പാര്‍കിംഗ് ഫീ സംവിധാനവുമായി ആര്‍ ടി എ

Published

|

Last Updated

ദുബൈ: നിങ്ങളുടെ കൈയില്‍ നോള്‍ കാര്‍ഡും സ്മാര്‍ട് ഫോണും ഉണ്ടോ? എങ്കില്‍ ദുബൈ നിരത്തുകളില്‍ പാര്‍കിംഗ് ഫീസ് അടക്കാനായി പ്രത്യേക സംവിധാനം. നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ (എന്‍ എഫ് സി) സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ആര്‍ ടി എ ഉപഭോക്താക്കള്‍ക്കായി പ്രത്യേക സൗകര്യമൊരുക്കിയിട്ടുള്ളത്. ഇതനുസരിച്ചു ആര്‍ ടി എ ദുബൈ ആപ് ഉപയോഗിക്കുന്നവര്‍ക്കും നോള്‍ കാര്‍ഡുകള്‍ ഫോണില്‍ ഉരസി പാര്‍കിംഗ് നിരക്കുകള്‍ ഒടുക്കുന്നതിനുള്ള സൗകര്യമുണ്ടായിരിക്കും.

ആന്‍ഡ്രോയിഡ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട് ഫോണുകളിലാണ് പുതിയ സൗകര്യം ഉപയോഗിക്കാനാവുക. ദുബൈ ഗവണ്‍മെന്റിന്റെ സ്മാര്‍ട് സിറ്റി ഇനീഷേറ്റീവ് പദ്ധതിയുടെ ഭാഗമായാണ് പുതിയ സംവിധാനം ഒരുക്കിയിട്ടുള്ളത്. സംവിധാനം ഉപയോഗിക്കുന്നതിന് ആദ്യമായി ആര്‍ ടി എ ആപ് ഡൗണ്‍ലോഡ് ചെയ്യേണ്ടതുണ്ട്. ശേഷം പുതിയ അക്കൗണ്ട് തുറക്കണം. ആപില്‍ ഒരുക്കിയിട്ടുള്ള ഇ-പാര്‍കിംഗ് ലിങ്ക് ഓപണ്‍ ചെയ്യണം. ശേഷം നോള്‍ കാര്‍ഡ് ഉരസി പാര്‍കിംഗ് നിരക്കുകള്‍ അടക്കാം. ഈ സംവിധാനം ഉപയോഗിക്കുന്നതിന് നിരക്ക് ഈടാക്കുകയില്ല. മറ്റ് ഇലക്ട്രോണിക് സംവിധാനങ്ങളേ അപേക്ഷിച്ചു വേഗതയേറിയതാണെന്നും അധികൃതര്‍ പറഞ്ഞു.

നോള്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് പാര്‍കിംഗ് മെഷീനുകളില്‍ നിന്ന് ടിക്കറ്റുകള്‍ എടുക്കുന്ന സംവിധാനം 2009 മുതല്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ പുതിയ സംവിധാനത്തിലൂടെ പാര്‍കിംഗ് മെഷീനുകളുടെ അടുത്തേക്ക് എത്താതെ തന്നെ പാര്‍കിംഗ് നിരക്കുകള്‍ ഒടുക്കി സമയ ലാഭം നേടുന്നതിന് സഹായിക്കുമെന്ന് ആര്‍ ടി എക്ക് കീഴിലെ ട്രാഫിക്ക് ആന്‍ഡ് റോഡ്‌സ് ഏജന്‍സി സി ഇ ഒ മൈത്ത മുഹമ്മദ് ബിന്‍ അദായി പറഞ്ഞു.