മേഘാലയയില്‍ എന്‍സിപി സ്ഥാനാര്‍ഥി ഉള്‍പ്പെടെ നാല് പേര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു

Posted on: February 19, 2018 12:30 pm | Last updated: February 19, 2018 at 1:29 pm

ഷിംല്ലോംഗ്: മേഘാലയയില്‍ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി സ്ഥാനാര്‍ഥി സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു.
മേഘാലയ ഈസ്റ്റ് ഗരോ ഹില്‍സിലെ വില്ല്യംനഗര്‍ സീറ്റില്‍ മത്സരിക്കുന്ന ജോനാഥന്‍ സാങ്മയാണ് കൊല്ലപ്പെട്ടത്. തിരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് മടങ്ങുന്നതിനിടെ സമാന്തയില്‍ വെച്ച് സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചായിരുന്നു മരണം. ജോനാഥന്‍ സാങ്മക്കൊപ്പം അദ്ദേഹത്തിന്റെ മൂന്ന് സഹായികളും സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു.

സ്വതന്ത്ര ഗരോലാന്റിന് വേണ്ടി വാദിക്കുന്ന വിമത സംഘമായ നാഷണല്‍ ലിബറേഷന്‍ ആര്‍മിയാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. നേരത്തെയും ജോനാഥന് വധഭീഷണിയുണ്ടായിരുന്നു.

ജോനാഥന്‍ സാങ്മയുടെ മരണത്തില്‍ മുഖ്യമന്ത്രി മുകുള്‍ സാങ്മ ഉള്‍പ്പെടെയുള്ളവര്‍ അനുശോചനം രേഖപ്പെടുത്തി. നിരപരാധികളുടെ ചോര വീഴ്ത്തി സംസ്ഥാനത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം 27നാണ് മേഘാലയയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.