ശുഐബ് വധം പ്രത്യേകസംഘം അന്വേഷിക്കുമെന്ന് ഡിജിപി

Posted on: February 19, 2018 12:09 pm | Last updated: February 19, 2018 at 1:08 pm

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവും സുന്നി പ്രവര്‍ത്തകനുമായ എടയൂരിലെ ശുഐബിന്റെ കൊലപാതകം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. കണ്ണൂര്‍ റേഞ്ച് ഐജി മഹിപാല്‍ യാദവിനാണ് അന്വേഷണ ചുമതല.

അന്വേഷണം ശരിയായ നിലയിലാണെന്നും കോണ്‍ഗ്രസ് ഉന്നയിക്കുന്ന ആക്ഷേപങ്ങളെക്കുറിച്ചും അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. പോലീസുകാരില്‍ ചിലര്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണത്തില്‍ വാസ്തവമുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു.

ശുഐബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആകാശും റിജിനും കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. കൊല നടത്തിയ സംഘത്തില്‍ അഞ്ച് പേരുണ്ടെന്നാണ് പോലീസ് നിഗമനം. അറസ്റ്റിലായവരെ ചോദ്യം ചെയ്തതില്‍നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പ്രതികളുടെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കുമെന്നാണ് സൂചന.