വായ്പയടക്കാന്‍ വായ്പ; കൂലി നല്‍കാന്‍ പണയം

ബാധ്യത നിലനിര്‍ത്തിക്കൊണ്ട് തന്നെ വരുമാനത്തിന്റെ നല്ലൊരു പങ്കും പലിശയടക്കാനായി വിനിയോഗിക്കുന്ന അശാസ്ത്രീയ സമീപനമാണ് കെ എസ് ആര്‍ ടി സിക്ക് കടത്തില്‍ നിന്ന് കരകയറാന്‍ സാധിക്കാത്തതിനുള്ള പ്രധാന കാരണമായി മാനേജ്‌മെന്റ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത് ദിവസം തോറുമുള്ള പ്രവര്‍ത്തന ചെലവ് 11 കോടി ആയിരിക്കെ നിലവില്‍ 5.5 കോടി രൂപ മാത്രമാണ് കെ എസ് ആര്‍ ടിസിയുടെ ദിവസ വരുമാനം. ഈ വരുമാനത്തില്‍ നിന്ന് മൂന്ന് കോടി രൂപ പ്രതിദിനം വായ്പയുടെ തിരിച്ചടവിനായി മാറ്റിവെക്കേണ്ടതുണ്ട്്.  
Posted on: February 18, 2018 6:05 am | Last updated: February 18, 2018 at 12:08 am

കെ എസ് ആര്‍ ടി സിയുടെ വരവും ചെലവും തമ്മില്‍ ഗുരുതരമായ അന്തരമാണുള്ളത്. പെന്‍ഷന്‍ നടപ്പിലാക്കിയതു മുതല്‍ റവന്യൂ വരുമാനത്തില്‍ നിന്നുമാണ് ഈ തുക നല്‍കി വരുന്നത്. റവന്യൂ അക്കൗണ്ടില്‍ ഇതിനുള്ള വരുമാനമില്ലാത്ത അവസ്ഥ വന്നതോടെ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് പലിശക്ക് പണം കടം വാങ്ങേണ്ടുന്ന സ്ഥിതിയായി. കടവും അതിന്റെ തിരിച്ചടവും വര്‍ധിച്ചു വരുന്ന അവസ്ഥയാണിപ്പോള്‍. കടത്തിന്റെ തിരിച്ചടവും ദൈനംദിന ചെലവും കഴിച്ചാല്‍ റവന്യൂ വരുമാനത്തില്‍ ഒന്നും മിച്ചമില്ലാത്ത സ്ഥിതിയാണ്. പെന്‍ഷനു മാത്രമല്ല ശമ്പളത്തിനും സര്‍ക്കാറിനേയോ മറ്റ് ഏജന്‍സികളില്‍ നിന്നുള്ള വായ്പയേയോ പൂര്‍ണമായി ആശ്രയിക്കേണ്ട അവസ്ഥയാണ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നിലനില്‍ക്കുന്നത്. കൂനിന്‍മേല്‍ കുരു എന്ന സ്ഥിതിക്ക് കഴിഞ്ഞ ഒന്നര മാസത്തിനിടെ ഡീസലിന്റെ വിലയില്‍ ഏഴ് രൂപയിലധികം വര്‍ധനവാണുണ്ടായത്. ഇതു മൂലം കോര്‍പറേഷന് പ്രതിമാസം 10 കോടിയുടെ അധിക ചെലവാണ് ഉണ്ടായത്.

പൊരുത്തപ്പെടാതെ പോകുന്ന ഇത്തരം കണക്കുകള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ കോര്‍പറേഷന്റെ ആസ്തി, ബാധ്യതകള്‍ കൂടി നാം വിലയിരുത്തണം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കണക്ക് അനുസരിച്ച് 22.78 കോടിയുടെ വസ്തുക്കളും, 183.19 കോടിയുടെ കെട്ടിടങ്ങളും, 830.60 കോടിയുടെ വാഹനങ്ങളും 247.85 കോടിയുടെ മറ്റ് ആസ്തികളുമടക്കം ആകെ 1284.62 കോടിയുടെ ആസ്തിയാണ് കെ എസ് ആര്‍ ടി സിക്കുള്ളത്. സര്‍ക്കാറില്‍ നിന്നുള്ള ബാധ്യതയായി 1876.36 കോടി രൂപയും, മറ്റു ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള വായ്പയായി 2844.03 കോടി രൂപയും, ഇന്ധനം സ്‌പെയര്‍ പാര്‍ട്‌സ് എന്നിവയടക്കമുള്ള ബാധ്യത മൂലം 2998.04 കോടി രൂപയുമടക്കം ആകെ 7718.39 കോടി രൂപയുടെ ബാധ്യതയാണ് പോയ ധനകാര്യ വര്‍ഷം അവസാനിക്കുമ്പോഴുള്ള കെ എസ് ആര്‍ ടി സിയുടെ ബാധ്യത. ബാധ്യത നിലനിര്‍ത്തിക്കൊണ്ട് തന്നെ വരുമാനത്തിന്റെ നല്ലൊരു പങ്കും പലിശയടക്കാനായി വിനിയോഗിക്കുന്ന അശാസ്ത്രീയ സമീപനമാണ് കെ എസ് ആര്‍ ടി സിക്ക് കടത്തില്‍ നിന്ന് കരകയറാന്‍ സാധിക്കാത്തതിനുള്ള പ്രധാന കാരണമായി മാനേജ്‌മെന്റ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്

ദിവസം തോറുമുള്ള പ്രവര്‍ത്തന ചെലവ് 11 കോടി ആയിരിക്കെ നിലവില്‍ 5.5 കോടി രൂപ മാത്രമാണ് കെ എസ് ആര്‍ ടിസിയുടെ ദിവസ വരുമാനം. ഈ വരുമാനത്തില്‍ നിന്ന് മൂന്ന് കോടി രൂപ പ്രതിദിനം വായ്പയുടെ തിരിച്ചടവിനായി മാറ്റിവെക്കേണ്ടതുണ്ട്്. എല്ലാ മാസവും ശമ്പളത്തിനായി 85 കോടിയും പെന്‍ഷന്‍ വിതരണത്തിനായി 60 കോടിയും കെ എസ് ആര്‍ ടി സിക്ക് കണ്ടെത്തേണ്ടതുണ്ട്. സാമ്പത്തിക പ്രതിസന്ധിയുടെ രൂക്ഷത മൂലം സ്വന്തമായുള്ള 93 ഡിപ്പോകളില്‍ പകുതിയിലേറെയും പണയം വെച്ച് പണം വായ്പയായി എടുത്തിരിക്കുകയാണ്. തിരുവനന്തപുരത്തെ ആസ്ഥാനമായ ട്രാന്‍സ്‌പോര്‍ട്ട് ഭവന്‍, സംസ്ഥാനത്ത് എല്ലാ ജില്ലകളിലേക്കുമുള്ള സര്‍വീസ് ഓപ്പറേഷനുകളുടെ കേന്ദ്രമായ തമ്പാനൂരുള്ള ആധുനിക ബഹുനില ബസ് ടെര്‍മിനല്‍, പാപ്പനംകോട്, ആലുവ, മാവേലിക്കര, എടപ്പാള്‍, കോഴിക്കോട് റീജിയണല്‍ വര്‍ക്‌ഷോപ്പുകള്‍, പുതിയ ബസ് ടെര്‍മിനലിനായി ഈഞ്ചക്കലുള്ള സ്ഥലമടക്കം 14 ജില്ലകളിലായി കെ എസ് ആര്‍ ടി സിക്കുള്ള കണ്ണായ സ്ഥലങ്ങള്‍ എല്ലാം പണയത്തിലാണ്.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണ് കൊല്‍ക്കത്തയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റില്‍ പ്രൊഫസറായ സുശീല്‍ ഖന്നയെ പ്രശ്‌നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി നിയമിച്ചത്. കെ എസ് ആര്‍ ടി സിയുടെ പുനഃസംഘടനയെപ്പറ്റി പഠിച്ച്, ഷെഡ്യൂള്‍ പുനഃക്രമീകരിക്കുന്നതിലൂടെ പരമാവധി നഷ്ടം കുറക്കണമെന്നും ഇന്ധന നഷ്ടം കുറച്ച് വരുമാനം വര്‍ധിപ്പിക്കണമെന്നുമുള്ള പ്രാഥമിക റിപ്പോര്‍ട്ട് കഴിഞ്ഞ വര്‍ഷം തുടക്കത്തില്‍ സുശീല്‍ ഖന്ന സമര്‍പ്പിച്ചു. ഡ്യൂട്ടി സമയം എട്ട് മണിക്കൂറാക്കണമെന്നും ഓടുന്ന ദൂരത്തിനനുസരിച്ചല്ലാതെ ഓടുന്ന സമയത്തിനനുസൃതമായി ഡ്യൂട്ടി നിശ്ചയിക്കണമെന്നുമുള്ള ശിപാര്‍ശകള്‍ അടങ്ങുന്നതായിരുന്നു റിപ്പോര്‍ട്ട്. ബസുകളുടെ സര്‍വീസ് യൂട്ടിലൈസേഷന്‍ ഇപ്പോഴത്തെ 80.05 ല്‍ നിന്ന് 95.96ശതമാനത്തിലേക്ക് എത്തിക്കണമെന്നും ഇതു വഴി പ്രതിവര്‍ഷം 433 കോടി വരുമാനം കൂടുതലായി ഉണ്ടാക്കണമെന്നും അദ്ദേഹം ശിപാര്‍ശ ചെയ്തു. വര്‍ക്ക്‌ഷോപ്പുകള്‍ നവീകരിച്ച് ഇന്‍വെന്ററി മാനേജ്‌മെന്റ്, ഡ്യൂട്ടി പാറ്റേണ്‍ എന്നിവ പുനഃക്രമീകരിച്ച് എല്ലാ പേപ്പര്‍ ഷെഡ്യൂളുകളും റദ്ദ് ചെയ്യണമെന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ അദ്ദേഹം മുന്നോട്ട് വെച്ചു.

ഇന്ധനക്ഷമത ഇപ്പോഴുള്ള 4.15 എന്നത് അഞ്ച് ആയി ഉയര്‍ത്തണം. അങ്ങനെ ധാരാളം ഡീസല്‍ ലാഭിക്കാനാകും. വര്‍ക്ക്‌ഷോപ്പുകളില്‍ ഉത്പാദന ക്ഷമത വര്‍ധിപ്പിക്കുന്നതിനുള്ള പുതിയ നടപടിക്രമങ്ങള്‍ നടപ്പിലാക്കണം. ബസുകള്‍ കേട് തീര്‍ത്ത് 48 മണിക്കൂറിനകം തിരികെ നല്‍കാന്‍ കഴിയണം. ഡബിള്‍ ഡ്യൂട്ടി സമ്പ്രദായം നിര്‍ത്തണം. തുടങ്ങിയ നിര്‍ദേശങ്ങളും അദ്ദേഹം മുന്നോട്ട് വെച്ചു. ജീവനക്കാരുടെ സംഘടനകളുമായി ചര്‍ച്ചകള്‍ നടത്തി ചില നിര്‍ദേശങ്ങള്‍ നടപ്പാക്കിയെങ്കിലും ബാക്കി നിര്‍ദേശങ്ങള്‍ ഇനിയും പ്രാവര്‍ത്തികമായിട്ടില്ല.

പ്രശ്‌നം ഗുരുതരമായ സാഹചര്യത്തില്‍ ബേങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 3500 കോടിയുടെ താഴ്ന്ന പലിശ നിരക്കിലുള്ള ദീര്‍ഘകാലവായ്പ ലഭ്യമാക്കി കോര്‍പറേഷന്റെ നിലവിലുള്ള ഹ്രസ്വകാല വായ്പകള്‍ തിരിച്ചടക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുകയാണ്. ഹ്രസ്വകാല വായ്പകള്‍ ദീര്‍ഘകാല വായ്പകളാകുന്നതോടെ പ്രതിമാസം 60 കോടിയുടെ ഇളവു ലഭിക്കുമെന്ന കണക്കു കൂട്ടലിലാണ് കോര്‍പറേഷന്‍. പെന്‍ഷന്‍ കുടിശ്ശിക നല്‍കാനായി സഹകരണ ബേങ്കില്‍ നിന്ന് വായ്പയും സര്‍ക്കാര്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇത് ആറ് മാസത്തിനകം നല്‍കിത്തീര്‍ക്കുമെന്നും നിലവിലെ ബജറ്റില്‍ പ്രഖ്യാപനം നടത്തിയിട്ടുണ്ട് സര്‍ക്കാര്‍.

ഇത്തരം സാമ്പത്തിക കണക്കുകള്‍ നിരത്തുമ്പോഴും കെ എസ് ആര്‍ ടി സിയെന്ന സ്ഥാപനത്തിന്റെ ഇന്നത്തെ അവസ്ഥക്ക് കാരണം വിവിധ കാലങ്ങളിലുണ്ടായിരുന്ന മാനേജ്‌മെന്റുകളുടെ പിടിപ്പു കേടും ദീര്‍ഘവീഷണമില്ലായ്മയുമാണെന്ന് നിസ്സംശയം പറയാം. സൗഹൃദപരമായ സമീപനം വെച്ചു പുലര്‍ത്താത്ത ജീവനക്കാരും സ്ഥാപനത്തിന്റെ താഴേക്കുള്ള പതനത്തിന് ആക്കം കൂട്ടിയിട്ടുണ്ട്.