Connect with us

National

മോദി നാളെ കര്‍ണാടകയില്‍; നിരവധി പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും

Published

|

Last Updated

ബെംഗളൂരു: പാത ഇരട്ടിപ്പിക്കലും വൈദ്യുതീകരണവും പൂര്‍ത്തിയായ മൈസൂരു- ബെംഗളൂരു പാതയില്‍ ഇലക്ട്രിക് ട്രെയിന്‍ സര്‍വീസ് നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തിനില്‍ക്കെ ഒരുമാസത്തിനിടെ ഈ മാസം ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുന്നത്.

മൈസൂരുവില്‍ നിന്ന് രാജസ്ഥാനിലേക്കുള്ള പുതിയ ട്രെയിന്‍ സര്‍വീസ് ഫഌഗ് ഓഫ് ചെയ്യുന്ന അദ്ദേഹം ഒട്ടേറെ കേന്ദ്ര പദ്ധതികളുടെ ശിലാസ്ഥാപനവും നിര്‍വഹിക്കും. നാഗനഹള്ളിയില്‍ 789.29 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന സാറ്റ്‌ലൈറ്റ് റെയില്‍വേ സ്റ്റേഷന്‍, മൈസൂരു- ബെംഗളൂരു ദേശീയപാത എട്ടുവരി പാത എന്നിവയുടെ നിര്‍മാണങ്ങള്‍ക്ക് തുടക്കമിടും. മൈസൂരുവില്‍ ഇ എസ് ഐ ആശുപത്രിയുടെ ഉദ്ഘാടനവും നിര്‍വഹിക്കും.

വൈകിട്ട് മഹാരാജാസ് കോളജ് മൈതാനിയില്‍ നടക്കുന്ന സമ്മേളനത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. ശ്രാവണ ബെലഗോളയില്‍ നടക്കുന്ന മഹാമസ്തകാഭിഷേകത്തില്‍ മുഖ്യാതിഥിയായി സംബന്ധിക്കും. പാത ഇരട്ടിപ്പിക്കലും വൈദ്യുതീകരണവും ഡിസംബറില്‍ പൂര്‍ത്തിയായിരുന്നെങ്കിലും പ്രധാനമന്ത്രിയുടെ സമയം ലഭിക്കാത്തതിനാലാണ് ഉദ്ഘാടനം നീണ്ടത്.