കുംഭമേളക്ക് 1500 കോടി രൂപ നീക്കിവെച്ച് യോഗി ബജറ്റ്

ഗോശാലക്ക് 98.5 ലക്ഷം രൂപ *** ഗോസംരക്ഷണത്തിന് പശു ആശ്രയ പദ്ധതി *** എക്‌സ്പ്രസ് ഹൈവേ പദ്ധതിക്ക് 1700 കോടി
Posted on: February 17, 2018 9:14 am | Last updated: February 17, 2018 at 10:13 am

ലക്‌നോ: അലഹാബാദിലെ അടുത്ത വര്‍ഷത്തെ കുംഭമേളക്ക് 1500 കോടി രൂപ നീക്കിവെച്ച് യു പിയിലെ യോഗി ആദിത്യനാഥ് സര്‍ക്കാറിന്റെ ബജറ്റ്. കന്‍ഹയിലെ ഗോശാലക്ക് 98.5 ലക്ഷവും നീക്കിവെച്ചിട്ടുണ്ട്. പശുക്കള്‍ക്കായി ബിസാഹരാ പശു ആശ്രയ പദ്ധതിയടക്കം രണ്ട് സമഗ്ര പദ്ധതികളും ധനമന്ത്രി രാജേഷ് അഗര്‍വാള്‍ അവതരിപ്പിച്ച ബജറ്റില്‍ മുന്നോട്ട് വെക്കുന്നു. ഹജ്ജ് സബ്‌സിഡി എടുത്തു കളയുന്നതടക്കമുള്ള നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോഴാണ് ബി ജെ പി ഭരിക്കുന്ന യു പിയില്‍ മത ചടങ്ങുകള്‍ക്ക് കോടികള്‍ നീക്കിവെക്കുന്നത്.

4,28,384 കോടി രൂപയുടെ ബജറ്റാണ് 2018-19 വര്‍ഷത്തേക്ക് അവതരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 11.4 ശതമാനം വര്‍ധനവാണ് ഇത്. നാല് എക്‌സ്പ്രസ് ഹൈവേകള്‍ക്കായി 1700 കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. ബുന്ദേല്‍ഖണ്ഡ് എക്പ്രസ് വേക്ക് 650 കോടിയും ഗോരഖ്പൂര്‍ എക്‌സ്പ്രസ് വേക്ക് 550 കോടിയും പൂര്‍വാഞ്ചലിന് 100 കോടിയും ആഗ്രാ ലക്‌നോ എക്‌സ്പ്രസ് വേക്ക് 500 കോടിയുമാണ് വകയിരുത്തിയിട്ടുള്ളത്.

250 കോടിയുടെ സ്റ്റാര്‍ട്ട് അപ് ഫണ്ട് രൂപവത്കരിച്ചിട്ടുണ്ട്. ഊര്‍ജ മേഖലക്കുള്ള പദ്ധതികള്‍ക്ക് 29,883 കോടി രൂപ ലഭിക്കും. സര്‍വശിക്ഷാ അഭിയാന് കീഴില്‍ അടിസ്ഥാന വിദ്യാഭ്യാസ മേഖലയുടെ വികസനത്തിന് 18,167 കോടി രൂപ വകയിരുത്തിയതായും മന്ത്രി അഗര്‍വാള്‍ അറിയിച്ചു.