മഹാ വിരാട്; ഇന്ത്യക്ക് അഞ്ചാം വിജയം

Posted on: February 17, 2018 12:26 am | Last updated: February 17, 2018 at 8:51 am

സെഞ്ചൂറിയന്‍: വിരാട് കോഹ്‌ലിക്ക് മുപ്പത്തഞ്ചാം സെഞ്ച്വറി ! ഏകദിന പരമ്പരയിലെ ആറാമത്തെയും അവസാനത്തെയും മല്‍സരത്തില്‍ ഇന്ത്യക്കു എട്ട് വിക്കറ്റ് ജയം. ഇതോടെ പരമ്പര ഇന്ത്യ 5-1ന് വാരി. ഇതിനു മുമ്പ് ആസ്‌ത്രേലിയയോട് മാത്രമേ നാട്ടില്‍ ഒരു പരമ്പരയില്‍ അഞ്ചു മല്‍സരങ്ങള്‍ ദക്ഷിണാഫ്രിക്ക തോറ്റിട്ടുള്ളൂ. അതേസമയം, ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ കന്നി ഏകദിന പരമ്പരയെന്ന നേട്ടത്തോടൊപ്പം വിദേശത്ത് തങ്ങളുടെ എക്കാലത്തെയും വലിയ വിജയം കൂടിയാണ് ഇന്ത്യ സ്വന്തം പേരില്‍ കുറിച്ചത്.
സ്‌കോര്‍: ദക്ഷിണാഫ്രിക്ക 46.5 ഓവറില്‍ 204 ; ഇന്ത്യ 32.1 ഓവറില്‍ രണ്ട് വിക്കറ്റിന് 206.

പരമ്പരയിലെ മൂന്നാമത്തെയിം കരിയറിലെ 35ാമത്തെയും സെഞ്ച്വറിയാണ് വിരാട് ഇന്നലെ കുറിച്ചത്.
ശിഖര്‍ ധവാനും (18) കഴിഞ്ഞ മല്‍സരത്തിലെ സെഞ്ച്വറി വീരന്‍ രോഹിത് ശര്‍മയും (15) മാത്രമാണ് പുറത്തായത്. കോലിയും അജിങ്ക്യ രഹാനെയും ചേര്‍ന്ന് ഇന്ത്യയെ അനായാസം വിജയതീരത്തെത്തിച്ചു. കോലി 129*ഉം രഹാനെ 34*ഉം റണ്‍സെടുത്തു. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 126 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. കോലി 96 പന്തില്‍ 19 ബൗണ്ടറികളും രണ്ടു സിക്‌സറും പറത്തിയപ്പോള്‍ രഹാനെ 50 പന്തില്‍ മൂന്ന് ബൗണ്ടറികള്‍ നേടി.

ദക്ഷിണാഫ്രിക്കയെ ഇന്ത്യ 46.5 ഓവറില്‍ 204 റണ്‍സിനു എറിഞ്ഞിടുകയായിരുന്നു. പരമ്പരയില്‍ ആദ്യമായി കളിക്കാന്‍ അവസരം ലഭിച്ച ശര്‍ദ്ദുല്‍ താക്കൂറാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. താരം നാലു വിക്കറ്റ് പോക്കറ്റിലാക്കി. 54 റണ്‍സെടുത്ത ഖായ സോന്‍ഡോയ്ക്കു മാത്രമേ ഇന്ത്യന്‍ ബൗളിങ് ആക്രമണത്തിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായുള്ളൂ. മറ്റുള്ളവരൊന്നും 35 റണ്‍സ് പോലും നേടിയില്ല. ആന്‍ഡില്‍ ഫെലുക്വായോ (34), എബി ഡിവില്ലിയേഴ്‌സ് (30), ക്യാപ്റ്റന്‍ എയ്ഡന്‍ മര്‍ക്രാം (24), ഹെന്റിച്ച് ക്ലാസെന്‍ (22), മോര്‍നെ മോര്‍ക്കല്‍ (20), ഹാഷിം അംല (10) എന്നിവലാണ് രണ്ടക്കം കടന്ന മറ്റു താരങ്ങള്‍.