ഡല്‍ഹി അന്താരാഷ്ട്ര പുസ്തക മേളയില്‍ ഷാര്‍ജക്ക് ഗസ്റ്റ് ഓഫ് ഓണര്‍ ബഹുമതി

Posted on: February 15, 2018 10:33 pm | Last updated: February 15, 2018 at 10:33 pm

ഷാര്‍ജ: അടുത്ത വര്‍ഷം ഡല്‍ഹി ബുക്ക് ഫെയറില്‍ ഷാര്‍ജ അതിഥി നഗരമാകുന്നു. കഴിഞ്ഞ ദിവസം ഷാര്‍ജ ബുക്ക് അതോറിറ്റി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. മേഖലയില്‍ വായനയെ പ്രോത്സാഹിപ്പിച്ചു വൈജ്ഞാനികവിപ്ലവത്തിന് ആക്കം കൂട്ടുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത് പരിഗണിച്ചാണ് ഷാര്‍ജയെ ഈ ബഹുമതി തേടിയെത്തിയതെന്ന് അധികൃതര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ഡല്‍ഹി ബുക്ക് ഫെയര്‍ അധികൃതര്‍ ഷാര്‍ജക്ക് ഗസ്റ്റ് ഓഫ് ഓണര്‍ ബഹുമതി നല്‍കുമെന്ന് അറിയിച്ചിരുന്നു. ഷാര്‍ജയുടെ സാംസ്‌കാരികവും സാഹിത്യപരവുമായ ഇടപെടലുകളെ കൂടുതല്‍ ആഗോള തലത്തില്‍ പ്രദര്‍ശിപ്പിക്കുന്ന വിധത്തിലുള്ളതാകും ഡല്‍ഹി ബുക്ക് ഫെയറിലെ സാന്നിധ്യം. ലോകോത്തര പ്രസാധക സംഘത്തിന്റെ സാന്നിധ്യം, മികച്ച രീതിയില്‍ വിറ്റഴിയുന്ന അന്താരാഷ്ട്ര എഴുത്തുകാരുടെ പങ്കാളിത്തം തുടങ്ങിയവകൊണ്ട് ലോകത്തെ ഏഴാമത്തെ സാമ്പത്തിക ശക്തിയായ ഇന്ത്യയില്‍ ഷാര്‍ജക്ക് മികച്ച അവസരങ്ങളാണ് ഓരോ വര്‍ഷവും ഡല്‍ഹി ബുക്ക് ഫെയര്‍ നേടിത്തരുന്നത്.

ഈ വര്‍ഷം നടക്കുന്ന സായോ പൗലോയിലെ അന്താരാഷ്ട്ര പുസ്തകമേളയിലും ഷാര്‍ജ സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്. പാരീസ് ബുക്ക് ഫെയറില്‍ പ്രധാന അഥിതി നഗരമെന്ന ബഹുമതിയും ഈ വര്‍ഷം ഷാര്‍ജയെ തേടിയെത്തുന്നുണ്ട്. 2020 ലെ ബൊളോഗ്ന ചില്‍ഡ്രന്‍സ് ബുക്ക് ഫെയറിലും ഷാര്‍ജ ഗസ്റ്റ് ഓഫ് ഹോണര്‍ ബഹുമതി അലങ്കരിക്കും. ആഗോള തലത്തില്‍ മികച്ചതും നിരന്തരവുമായ സാംസ്‌കാരിക സാഹിത്യ പ്രവര്‍ത്തനങ്ങളുടെ കരുത്തില്‍ ലോകത്തെ ഏറ്റവും വലിയ സാംസ്‌കാരിക ബഹുമതിയായ ഐക്യരാഷ്ട്രസഭ യുനെസ്‌കോയുടെ 2019ലെ വേള്‍ഡ് ബുക്ക് ക്യാപിറ്റല്‍ ആയി തിരഞ്ഞെടുത്തിട്ടുണ്ട്. ജി സി സി രാഷ്ട്രങ്ങളില്‍ ആദ്യമായാണ് ഒരു നഗരത്തെ ഈ പദവി തേടിയെത്തുന്നത്.

മേഖലയിലെ പ്രധാന സാംസ്‌കാരിക കേന്ദ്രമായി ഷാര്‍ജ മാറിയിട്ടുണ്ട്. യു എ ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ അല്‍ ഖാസിമിയുടെ ധിഷണാ പരമായ നേതൃപാടവവും ലോകോത്തര സാഹിത്യ ഇടപെടലുകളും ഷാര്‍ജയെ ആഗോള തലത്തില്‍ ക്രിയാത്മകമായ നേതൃപദവിയിലേക്ക് എത്തിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.