കൂട്ടിയത് പോര; സംസ്ഥാനത്ത് നാളെ മുതല്‍ സ്വകാര്യ ബസ് സമരം

Posted on: February 15, 2018 12:57 pm | Last updated: February 15, 2018 at 8:03 pm

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ സ്വകാര്യ ബസുകള്‍ പണിമുടക്കും. സര്‍ക്കാര്‍ പ്രഖ്യാപിച്ച നിരക്ക് വര്‍ധന അപര്യാപതമല്ലെന്ന് ആരോപിച്ചാണ് ബസുടമകള്‍ സമരം പ്രഖ്യാപിച്ചത്. കുറഞ്ഞ നിരക്ക് പത്ത് രൂപയാക്കണമെന്നാണ് ഇവരുടെ ആവശ്യം. ജനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതില്‍ കൂടുതല്‍ ചാര്‍ജ് വര്‍ധിപ്പിക്കാനാകില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. സമരത്തില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് ബസുടമകളുമായി ചര്‍ച്ച നടത്തുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു.

സ്വകാര്യ ബസുകളുടെയും കെ എസ് ആര്‍ ടി സിയുടെയും യാത്രാ നിരക്ക് വര്‍ധിപ്പിക്കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗ്മാണ് തീരുമാനമെടുത്തത്. കുറഞ്ഞ നിരക്ക് ഏഴ് രൂപയില്‍ നിന്ന് എട്ട് രൂപയാക്കിയായാണ് വര്‍ധിപ്പിച്ചത്. ദീര്‍ഘദൂര സര്‍വീസുകളില്‍ രണ്ട് മുതല്‍ അഞ്ച് വരെ രൂപയുടെ വര്‍ധനയുണ്ടാകും. മാര്‍ച്ച് ഒന്ന് മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും. കഴിഞ്ഞ ദിവസം ചേര്‍ന്ന എല്‍ ഡി എഫ് യോഗം ബസ് യാത്രാ നിരക്ക് കൂട്ടാന്‍ അനുമതി നല്‍കിയിരുന്നു.

പുതുക്കിയ നിരക്കുകള്‍ പ്രകാരം കിലോമീറ്ററിന് എഴുപത് പൈസയായി വര്‍ധിക്കും. ഓര്‍ഡിനറി, സിറ്റി ഫാസ്റ്റ് ബസുകളില്‍ കുറഞ്ഞ നിരക്ക് എട്ട് രൂപയാകും. ഫാസ്റ്റ് പാസഞ്ചര്‍ നിരക്ക് 11 രൂപയും സൂപ്പര്‍ ഫാസ്റ്റ് നിരക്ക് പതിനഞ്ച് രൂപയായും ഉയരും. സൂപ്പര്‍ എക്‌സ്പ്രസ്്- 22 രൂപ, സൂപ്പര്‍ ഡീലക്‌സ്, സെമി സ്ലീപ്പര്‍- 30 രൂപ, ഹൈടെക്, ലക്ഷ്വറി എ സി- 44 രൂപ, വോള്‍വോ- 45 രൂപ എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്. അതേസമയം, വിദ്യാര്‍ഥികളുടെ കുറഞ്ഞ നിരക്കില്‍ വര്‍ധനയില്ല. കുറഞ്ഞ നിരക്കിന് ശേഷമുള്ള നിരക്കില്‍ വര്‍ധനയുടെ 25 ശതമാനം വിദ്യാര്‍ഥികള്‍ക്കും കൂടും. ഇങ്ങനെ വര്‍ധിപ്പിക്കുമ്പോള്‍ അമ്പത് പൈസ വരെയുള്ള വര്‍ധന ഒഴിവാക്കും. വിദ്യാര്‍ഥികള്‍ക്ക് നാല്‍പ്പത് കിലോമീറ്റര്‍ വരെയുള്ള യാത്രക്ക് പുതുക്കിയ നിരക്കില്‍ ഒരു രൂപയുടെ വര്‍ധനയേ ഉണ്ടാകൂ.

ഇന്ധന, സ്‌പെയര്‍ പാര്‍ട്‌സുകളുടെ വിലയിലും തൊഴിലാളികളുടെ വേതനത്തിലും ഉണ്ടായ വര്‍ധന മൂലം ബസ് വ്യവസായം നേരിടുന്ന പ്രതിസന്ധിയെ കുറിച്ച് പഠിക്കാന്‍ റിട്ട. ജസ്റ്റിസ് രാമചന്ദ്രന്‍ അധ്യക്ഷനായ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ ശിപാര്‍ശ കൂടി കണക്കിലെടുത്താണ് നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.
2014 മേയിലാണ് സംസ്ഥാനത്ത് ഒടുവില്‍ ബസ് യാത്രാ നിരക്ക് കൂട്ടിയത്.