Connect with us

Articles

സഭാ സമ്മേളനങ്ങളെ സാമാജികര്‍ കൈയൊഴിയുന്നത് എന്തുകൊണ്ട്?

Published

|

Last Updated

ജനാധിപത്യത്തിന്റെ എല്ലാമെല്ലാമായാണ് നിയമനിര്‍മാണ സഭകള്‍ വിശേഷിപ്പിക്കപ്പെടുന്നത്. എന്നാല്‍ സഭാ സമ്മേളനങ്ങളെ ക്രിയാത്മകമാക്കി സഭയുടെ അന്തസ്സ് കാത്തുസൂക്ഷിക്കേണ്ട സാമാജികര്‍ തന്നെ അലസ സമീപനം സ്വീകരിക്കുന്നതാണ് സമീപകാലത്ത് കണ്ടുവരുന്നത്. ഇതിനാണോ നമ്മള്‍ ജനപ്രതിനിധികളെ തിരഞ്ഞെടുത്ത് നിയമസഭയിലേക്ക് അയക്കുന്നതെന്ന ചോദ്യം ഇവിടെ പ്രസക്തമായിത്തീരുന്നത് ഇതുകൊണ്ടാണ്. പ്രതിപക്ഷം സഭാ നടപടികള്‍ തടസ്സപ്പെടുത്തും. എം എല്‍ എമാരുടെ ചോദ്യങ്ങളും മന്ത്രിമാരുടെ മറുപടികളും ബഹളത്തില്‍ മുങ്ങിപ്പോകും. ഇതിനിടയില്‍ ചര്‍ച്ചകളൊന്നും കൂടാതെ ബില്ലുകള്‍ പാസാക്കാന്‍ കിട്ടിയ അവസരം ഭരണപക്ഷം ഉപയോഗപ്പെടുത്തും. സ്പീക്കര്‍ സഭ പിരിച്ചുവിടും. നാം കണ്ടും കേട്ടും പഴകിച്ച സംഭവ വികാസങ്ങളാണ് ഇവയൊക്കെ. എന്നാല്‍, സഭാ സമ്മേളനത്തോട് തന്നെ പൂര്‍ണമായും വിരക്തി പ്രകടിപ്പിക്കുന്ന നിയമസഭാ സാമാജികരാണ് കര്‍ണാടകയിലുള്ളതെന്ന് പറഞ്ഞാല്‍ അത്ഭുതപ്പെടരുത്. കടന്നുപോയ രണ്ട്, മൂന്ന് സെഷനുകള്‍ നമ്മെ ബോധ്യപ്പെടുത്തുന്നത് ഇതാണ്.

കര്‍ണാടകയിലെ നിയമസഭാ മന്ദിരം വിധാന്‍ സൗധ എന്ന പേരിലാണ് അറിയപ്പെടുന്നത്. കൃഷ്ണശില കൊണ്ടുള്ള കൊട്ടാര സദൃശ്യമായ ഈ കെട്ടിടത്തിന്റെ ശീതീകരിച്ച സമ്മേളന ഹാളില്‍ എത്തുന്ന സഭാംഗങ്ങളുടെ എണ്ണം പരിമിതമാണെന്നതാണ് യാഥാര്‍ഥ്യം. 1951- 56 കാലയളവില്‍ മൈസൂര്‍ സംസ്ഥാനത്തെ (ഇന്നത്തെ കര്‍ണാടക) കെ ഹനുമന്തയ്യയാണ് വിധാന്‍സൗധ പണികഴിപ്പിച്ചത്. 1.84 കോടി രൂപ ചെലവില്‍ നിര്‍മിച്ച ഈ മനോഹര മാതൃക പുതുദ്രാവിഡന്‍ വാസ്തുശാസ്ത്രത്തിന്റെ പ്രതീകമായി തലയുയര്‍ത്തി നില്‍ക്കുന്നു. ബൃഹത്‌ക്കോവണിയാണ് ഇതിന്റെ പ്രത്യേകത. 42 പടികളും 62 മീറ്റര്‍ വീതിയുമുള്ള ഈ ഗോവണി 21 മീറ്റര്‍ മേലെ നേരേ ഒന്നാം നിലയിലെ വരാന്തയില്‍ നമ്മെ കൊണ്ടെത്തിക്കുന്നു. കയറുന്നവര്‍ക്ക് ഒട്ടും ക്ഷീണം തോന്നുകയില്ല. ഈ വരാന്ത നേരെ നിയമസഭയുടെ സദസിലേക്കാണ് നമ്മെ നയിക്കുക.

ആരെയും ആകര്‍ഷിക്കുന്ന ഈ നിയമനിര്‍മാണ സഭയുടെ അകത്തളങ്ങളില്‍ എന്താണ് നടക്കുന്നത്? സഭാ സമ്മേളനത്തെ അവജ്ഞയോടെ നോക്കിക്കാണുന്നവരെയാണോ ജനങ്ങള്‍ തിരഞ്ഞെടുത്ത് അയച്ചത്? വീണ്ടുമൊരു തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ ഈ ചോദ്യങ്ങള്‍ക്ക് വര്‍ധിച്ച പ്രസക്തിയുണ്ട്. ഇപ്പോള്‍ നടന്നുവരുന്ന ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിവസത്തില്‍ തന്നെ സഭയില്‍ അംഗങ്ങള്‍ ശുഷ്‌കമായിരുന്നുവെന്നത് ഞെട്ടിപ്പിക്കുന്ന സംഗതിയാണ്. രണ്ടാം ദിനവും മൂന്നാം ദിനവും ഇതില്‍ മാറ്റമുണ്ടായില്ല. 224 അംഗ കര്‍ണാടക നിയമസഭയില്‍ ഭൂരിപക്ഷം കസേരകളും കാലിയായിരുന്നു. ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് ഗവര്‍ണര്‍ വജുഭായ് വാല നയപ്രഖ്യാപനം നടത്തുമ്പോള്‍ സഭയില്‍ ഹാജരായിരുന്നത് 97 പേര്‍. ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള അംഗങ്ങള്‍ ഹാജരാകാത്തവരില്‍ ഉള്‍പ്പെടും. രണ്ട് മാസം മുമ്പെ ബെലഗാവിയിലെ സുവര്‍ണ വിധാന്‍സൗധയില്‍ നടന്ന സഭയുടെ ശീതകാല സമ്മേളനത്തില്‍ ഭരണകക്ഷി അംഗങ്ങളും സമ്മേളനത്തെ കൈയൊഴിയുന്നതാണ് കണ്ടത്. അംഗങ്ങളുടെ കുറവില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് തന്നെ കടുത്ത അസംതൃപ്തി പ്രകടിപ്പിക്കേണ്ടി വന്നു. ഭരണകക്ഷി അംഗങ്ങള്‍ക്ക് പുറമെ പല മന്ത്രിമാരും സമ്മേളനത്തിനെത്തിയില്ല. ജനപ്രതിനിധികള്‍ സമ്മേളനത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും പ്രതിപക്ഷം ഉയര്‍ത്തുന്ന ആരോപണങ്ങളെ നേരിടാന്‍ കോണ്‍ഗ്രസ് എം എല്‍ എമാര്‍ സഭയിലെത്തണമെന്നും മുഖ്യമന്ത്രിയില്‍ നിന്ന് നിര്‍ദേശമുണ്ടായെങ്കിലും സഭ സമ്മേളിച്ച പിറ്റേ ദിവസവും ഇതു തന്നെയായിരുന്നു അവസ്ഥ. ഇതിനിടയിലാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം എല്‍ എയുമായ അംബരീഷ് സ്വകാര്യ ചടങ്ങില്‍ പങ്കെടുത്ത് നൃത്തം ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്. ഇത് കോണ്‍ഗ്രസിന് കടുത്ത തലവേദനയാണ് സൃഷ്ടിച്ചത്. ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിവസത്തെ നടപടികള്‍ ക്വാറം തികയാത്തതിനെ തുടര്‍ന്ന് ഒരു മണിക്കൂറോളം നിര്‍ത്തിവെക്കേണ്ടിവന്ന സാഹചര്യവുമുണ്ടായി. ആകെയുള്ള 224 അംഗങ്ങളില്‍ സഭയില്‍ ഹാജരായത് വെറും 20 പേര്‍. 28 കാബിനറ്റ് മന്ത്രിമാരില്‍ സഭയിലെത്തിയത് 11 പേര്‍ മാത്രം. ക്വാറം തികയാത്തതിനെ തുടര്‍ന്ന് സഭാ നടപടികള്‍ തുടരാന്‍ സാധിക്കാത്ത സ്ഥിതിവിശേഷമാണുള്ളതെന്നും സമ്മേളനം നിര്‍ത്തിവെക്കുന്നതായും സ്പീക്കര്‍ കെ ജി കൊലിവാഡ് അറിയിക്കുകയായിരുന്നു. രാവിലെ 11 മണിക്ക് സമ്മേളിച്ച സഭയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, പ്രതിപക്ഷ നേതാവ് ജഗദീഷ് ഷെട്ടാര്‍ എന്നിവര്‍ സഭയിലെത്തിയത് 11.45നാണ്. ബി ജെ പി സംസ്ഥാന പ്രസിഡന്റ് ബി എസ് യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ പരിവര്‍ത്തന്‍ യാത്ര നടക്കുന്നതിനാല്‍ പാര്‍ട്ടിയുടെ ഭൂരിഭാഗം എം എല്‍ എമാരും യാത്രയോടൊപ്പമായിരുന്നു. തുംക്കൂരില്‍ കെ പി സി സി സംഘടിപ്പിച്ച റാലിയില്‍ പങ്കെടുക്കാനാകട്ടെ ഭൂരിഭാഗം കോണ്‍ഗ്രസ് എം എല്‍ എമാരും അവിടേക്ക് കുതിച്ചു. പിന്നീട് ഉച്ചക്ക് 12 മണിക്ക് സഭയിലെ അംഗങ്ങളുടെ എണ്ണം 48 ആയി വര്‍ധിച്ചതോടെയാണ് സമ്മേളന നടപടികള്‍ പുനരാരംഭിച്ചത്. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ പലപ്പോഴും മന്ത്രിമാര്‍ സഭയില്‍ ഇല്ലാത്ത സാഹചര്യം കര്‍ണാടക നിയമസഭയില്‍ ഏറെക്കാലമായി ആവര്‍ത്തിക്കുന്നു.

നിയമസഭാ നടപടികളെ എന്തുകൊണ്ടാണ് സാമാജികര്‍ ഗൗരവത്തോടെ കാണാത്തത്? ജനങ്ങള്‍ വലിയ പ്രതീക്ഷയോടെയാണ് ജനപ്രതിനിധികളെ നിയമനിര്‍മാണ സഭകളിലേക്ക് തിരഞ്ഞെടുത്തയക്കുന്നത്. സഭയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രവര്‍ത്തനം തീര്‍ച്ചയായും നിയമനിര്‍മാണം തന്നെയാണ്. ഇതിന് വേണ്ടി ഒരു ബില്ലിന്റെ രൂപത്തില്‍ സഭയില്‍ അവതരിപ്പിക്കപ്പെടുന്ന നിര്‍ദേശം നിയമസഭാകമ്മിറ്റിയുടെ വിശദമായ പരിശോധനക്കും സഭാതലത്തില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്കും ശേഷമാണ് നിയമമായി മാറുന്നത്. പക്ഷേ, പലപ്പോഴും ഗൗരവമേറിയ ചര്‍ച്ചകള്‍ക്ക് നില്‍ക്കാതെ പ്രധാനപ്പെട്ട നിയമനിര്‍മാണ നിര്‍ദേശങ്ങള്‍ പോലും സഭകള്‍ പാസാക്കുകയാണ്. വേണ്ടത്ര ചര്‍ച്ച കൂടാതെ ബില്ലുകള്‍ പാസാക്കുന്നത് ജനാധിപത്യ വ്യവസ്ഥകളുടെ ലംഘനമാണ്. ഇത്തരത്തില്‍ പാസാക്കുന്ന നിയമങ്ങള്‍ പലവിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമായിത്തീരുകയും ചെയ്യും. അംഗങ്ങള്‍ നിയമനിര്‍മാണം ഏറ്റവും ഗൗരവമുള്ള ഒരു വിഷയമായി കാണുകയും അതില്‍ പൂര്‍ണമനസ്സോടെ വ്യാപൃതരാകുകയും ചെയ്യാത്തിടത്തോളം കാലം ഇതിന് ഒരു മാറ്റം പ്രതീക്ഷിക്കേണ്ടതില്ല.

പുതിയ സാങ്കേതികവിദ്യകള്‍ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് നിയമനിര്‍മാണ നിര്‍ദേശങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ വിവിധ തലത്തില്‍ ചര്‍ച്ചകള്‍ നടന്നുവരുന്നതിനിടയിലാണ് സാമാജികര്‍ തന്നെ സഭാസമ്മേളനത്തെ ലാഘവത്തോടെ നോക്കിക്കാണുന്ന പ്രവണത തുടരുന്നത്. നിയമനിര്‍മാണം സാധാരണനിലയില്‍ ഭരണപക്ഷം മുന്‍കൈയെടുത്ത് ചെയ്യേണ്ട ഒന്നാണെങ്കിലും ഭരണ- പ്രതിപക്ഷ ഭേദമന്യേ ഏതൊരു നിയമസഭാ സാമാജികനും ഇക്കാര്യത്തില്‍ പുതിയ നിര്‍ദേശങ്ങള്‍ സഭയുടെ മുന്നില്‍ വെക്കാനുള്ള അവകാശമുണ്ട്. സ്വകാര്യ ബില്ലിന്റെ രൂപത്തിലാണ് ഇത് സാധ്യമാകുക. പലപ്പോഴും നിയമനിര്‍മാണത്തിനുള്ള മൗലികമായ ആശയങ്ങള്‍ സ്വകാര്യ ബില്ലുകളുടെ രൂപത്തില്‍ വരികയും അവ പില്‍ക്കാലത്ത് ഔദ്യോഗിക ബില്ലായി പരിണമിക്കുകയും ചെയ്തിട്ടുണ്ട്.

നിയമസഭാ സമ്മേളനങ്ങളെ ഏറ്റവും സജീവമാക്കുന്നത് ചോദ്യോത്തര വേളകളാണ്. സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ മനസ്സിലാക്കാനും മണ്ഡലങ്ങളിലെ വിവിധങ്ങളായ പ്രശ്‌നങ്ങള്‍ സര്‍ക്കാറിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനും ഇതിലൂടെ സാധിക്കുന്നു. എന്നാല്‍ ചോദ്യോത്തര വേളകള്‍ തന്നെ വിവിധങ്ങളായ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷം തടസ്സപ്പെടുത്തുകയാണ്. നിയമസഭക്കും സാമാജികര്‍ക്കും ഭരണഘടനാപരമായ ഒട്ടേറെ പ്രത്യേക അവകാശങ്ങളും അധികാരങ്ങളും ഉണ്ട്. എന്നാല്‍, സാമാജികര്‍ പൊതുവെ സ്വന്തം അവകാശങ്ങളെക്കുറിച്ച് മാത്രം ജാഗ്രത പുലര്‍ത്തുകയും തങ്ങളില്‍ അര്‍പ്പിതമായ കടമകള്‍ വിസ്മരിക്കുകയും ചെയ്യുന്നു എന്നതാണ് വസ്തുത. ശമ്പള വര്‍ധനവിന് വേണ്ടി ഒറ്റക്കെട്ടായി നിലപാട് സ്വീകരിക്കുന്ന സാമാജികര്‍ മറ്റു വിഷയങ്ങളില്‍ ഈയൊരു സമീപനം സ്വീകരിക്കാത്തതിന്റെ കാരണം ഇതാണ്.
രണ്ട് പദവിയില്‍ ഇരുന്ന് ഇരട്ട വേതനം കൈപ്പറ്റിയെന്ന ആരോപണം നേരിടുന്ന 21 എം എല്‍ എമാരുടെ ശമ്പളം കര്‍ണാടക നിയമസഭ തടഞ്ഞത് സമീപകാലത്താണ്. സര്‍ക്കാറിന്റെ കീഴിലുള്ള ബോര്‍ഡുകളുടെയും കോര്‍പറേഷനുകളുടെയും ചെയര്‍മാന്‍ പദവി വഹിക്കുന്ന എം എല്‍ എമാര്‍ക്ക് ഖജനാവില്‍ നിന്ന് ശമ്പളം കൊടുക്കേണ്ടതില്ല എന്ന നിയമോപദേശത്തെ തുടര്‍ന്നാണ് നിയമസഭാ സെക്രട്ടറി ഉത്തരവിറക്കിയത്. ഇവര്‍ക്കുള്ള മറ്റു ആനുകൂല്യങ്ങളും നിര്‍ത്തിവെക്കാനാണ് സെക്രേട്ടറിയറ്റിലെ അക്കൗണ്ട്‌സ് വിഭാഗത്തിന് ലഭിച്ച നിര്‍ദേശം. അഡ്വക്കേറ്റ് ജനറല്‍, അക്കൗണ്ടന്റ് ജനറല്‍ എന്നിവര്‍ നല്‍കിയ ഉപദേശം അനുസരിച്ചാണ് കര്‍ണാടക നിയമസഭ സുപ്രധാന തീരുമാനം കൈക്കൊണ്ടത്. സിറ്റിംഗ് എം എല്‍ എമാരില്‍ ഒട്ടേറെ പേരെ ബോര്‍ഡ്, കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനങ്ങളില്‍ നിയമിക്കുകയും അവര്‍ക്ക് ക്യാബിനറ്റ് പദവി നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ പേരില്‍ ഇവര്‍ വീട്ടുവാടക, യാത്രാ ബത്ത, ടെലിഫോണ്‍- മെഡിക്കല്‍ ചെലവ് തുടങ്ങിയ ആനുകൂല്യങ്ങള്‍ കൈപ്പറ്റി. ഇവരില്‍ ചിലര്‍ എം എല്‍ എ എന്ന നിലയിലുള്ള ശമ്പളവും ആനുകൂല്യങ്ങളും ആവശ്യപ്പെട്ടതോടെയാണ് ശമ്പളം ആര് നല്‍കുമെന്ന ആശയക്കുഴപ്പമുണ്ടായത്.
ജനങ്ങള്‍ അഭിമുഖീകരിക്കുന്ന ചെറുതും വലുതുമായ പ്രശ്‌നങ്ങള്‍ സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെടുത്താനും ഫലപ്രദമായ പരിഹാരം കാണാനുമാണ് ജനപ്രതിനിധികളെ തിരഞ്ഞെടുത്തയക്കുന്നത്. എന്നാല്‍, തങ്ങളില്‍ അര്‍പ്പിതമായ കടമകളില്‍ നിന്ന് ജനപ്രതിനിധികള്‍ ഒളിച്ചോടുന്നത് ജനാധിപത്യത്തിന് ഒരിക്കലും ഭൂഷണമല്ല. സാമാജികരുടെ പൂര്‍ണമനസ്സോടെയുള്ള മുഴുവന്‍ സമയ ഇടപെടലുകള്‍ ഉണ്ടായാല്‍ മാത്രമേ നിയമനിര്‍മാണ വേദികള്‍ ഉദ്ദിഷ്ട ലക്ഷ്യം കൈവരിക്കുകയും അര്‍ഥപൂര്‍ണമാവുകയും ചെയ്യുകയുള്ളൂ. ജനങ്ങള്‍ നിങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്നതും അതാണ്.