Connect with us

Gulf

ലോക ഭരണകൂട ഉച്ചകോടിക്ക് സമാപനം; പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

Published

|

Last Updated

ദുബൈ: ലോക ഭരണകൂട ഉച്ചകോടിക്ക് പ്രൗഢമായ സമാപനം. ഇന്നലെ ലോക നേതാക്കളും പ്രമുഖ വ്യക്തിത്വങ്ങളും ചിന്തകരും രാവിലത്തെ സെഷനില്‍ ഒത്തുകൂടി. 140 രാജ്യങ്ങളില്‍ നിന്നുള്ള 4,000ത്തിലധികം പങ്കാളികളും 120 ഇന്ററാക്ടീവ് സെഷനുകളിലായി 130 പ്രഭാഷകരും 16 രാജ്യാന്തര പ്രസ്ഥാനങ്ങളുടെ പ്രതിനിധികളും രാഷ്ട്രത്തലവന്മാരും ഉച്ചകോടിയില്‍ പങ്കെടുത്തു.

ഇന്നലെ നടന്ന ലോക ഭരണകൂട ഉച്ചകോടി അവാര്‍ഡ് സമര്‍പണ ചടങ്ങില്‍ യു എഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍മക്തൂം പങ്കെടുത്തു.
ബെസ്റ്റ് ഗവണ്‍മെന്റ് എമര്‍ജിംഗ് ടെക്നോളജീസ് അവാര്‍ഡുകള്‍ യു എ ഇ ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍നഹ്യാന്‍ വിതരണം ചെയ്തു.
ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍നഹ്യാനാണ് ബെസ്റ്റ് എംഗവണ്‍മെന്റ് സര്‍വീസ് അവാര്‍ഡ് നല്‍കിയത്.

ഭാവി തൊഴിലുകള്‍ക്ക് സഹായിക്കുന്ന വിദ്യാഭ്യാസ സംവിധാനത്തെ കുറിച്ച് വിദ്യാഭ്യാസ-മനുഷ്യ വിഭവ സമിതി ചെയര്‍മാന്‍ ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍നഹ്യാന്‍ ഉച്ചകോടിയുടെ പ്രത്യേക സെഷനില്‍ വിശദീകരിച്ചു.

സാങ്കേതിക-വികസന കാര്യങ്ങള്‍ പ്രാപ്യമാകുന്നതുമായി ബന്ധപ്പെട്ട് സവിശേഷമായ ഒരു സെഷന്‍ നടന്നു. ഐ.ആം+ടോക്സ് സ്ഥാപകനും പ്രസിഡന്റുമായ വില്‍.ഐ.ആം സംസാരിച്ചു. മന:ശക്തി എല്ലാറ്റിനും മുകളില്‍ നില്‍ക്കുന്നതാണെന്ന് ഫ്യൂചര്‍ ഫോര്‍ ടെക്നോ ജപ്റ്റിമിസ്റ്റ് റാമീസ് നാം പറഞ്ഞു.
സാങ്കേിതിക വിദ്യഭ്യാസത്തിലൂടെ എങ്ങനെ ക്ഷേമം കൈവരിക്കാമെന്ന സെഷനില്‍ ബൈജൂസ് ലേണിംഗ് ആപ്പ് സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍ സംസാരിച്ചു. ടൈം മാഗസിന്റെ ക്ലെയര്‍ സില്‍മാന്‍ ഈ സെഷനില്‍ മോഡറേറ്ററായിരുന്നു.

ക്രിപ്റ്റോ കറന്‍സികള്‍ സംബന്ധിച്ച സെഷന്‍ ഏറെ വിജ്ഞാനപ്രദമായിരുന്നു. ഡോളര്‍, പൗണ്ട്, യെന്‍ തുടങ്ങിയ ഭീമന്‍ കറന്‍സികളെ പിന്തള്ളി ബിറ്റ് കോയിനും എതറീയവും ലൈറ്റ്കോയിനും രംഗം കയ്യടക്കുമോയെന്ന രസകരമായ ചര്‍ച്ചയായിരുന്നു ഈ സെഷനെ സജീവമാക്കിയത്. ഈ കറന്‍സികള്‍ നിലവിലെ കറന്‍സികള്‍ക്ക് പൂര്‍ണ ബദലാകുമോ, ഈ മേഖലയില്‍ അനഭിലഷണീയത കൊണ്ടുവരപ്പെടുമോ തുടങ്ങിയ ആശങ്കകളും സെഷനില്‍ ഉയര്‍ന്നു.

ഇന്നത്തെ ഏറ്റവും അതിസമ്മര്‍ദ ബന്ധിത പരിത:സ്ഥിതിയില്‍ വര്‍ത്തമാന ലോകത്തിന്റെ വ്യാപാര സംബന്ധമായ കാഴ്ചപ്പാട് ലോക വ്യാപാര സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ റോബര്‍ട്ടോ അസവേദോ അവതരിപ്പിച്ചു. ഈ മേഖലയില്‍ നിലനില്‍ക്കുന്ന വെല്ലുവിളികളും പ്രധാന അവസരങ്ങളും സെഷന്‍ വിലയിരുത്തി.
മനുഷ്യത്വത്തിന്റെ ഭാവി എന്ന സെഷനില്‍ വിശ്വ വിഖ്യാത ഗ്രന്ഥകാരന്‍ മാല്‍ക്കം ഗ്ളാഡ്വെല്‍ സംസാരിച്ചു. ക്ഷേമ സമൂഹങ്ങളെ രൂപപ്പെടുത്തുന്നതില്‍ ഭരണകൂടത്തിനുള്ള പങ്കാണ് ഈ സെഷന്‍ അവലോകനം ചെയ്തത്.