കേരളത്തിലെ രക്താര്‍ബുദബാധിതരായ കുട്ടികള്‍ക്ക് സഹായവുമായി ദി ഹോപ്പ് ലുക്കീമിയ പദ്ധതി

Posted on: February 14, 2018 8:09 pm | Last updated: February 14, 2018 at 8:09 pm

ദുബൈ: കേരളത്തിലെ രക്താര്‍ബുദ ബാധിതരായ കുട്ടികള്‍ക്ക് സഹായകരമായി കോഴിക്കോട് ആസ്ഥാനമായുള്ള ഹോപ്പ് ചൈല്‍ഡ് ക്യാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്‍ ദി ഹോപ്പ് ലുക്കീമിയ പ്രോജക്ട് എന്ന പേരില്‍ പുതിയ പദ്ധതി ദുബൈയില്‍ അവതരിപ്പിച്ചു. രക്താര്‍ബുദബാധിതരായ കുട്ടികളെ പ്രാരംഭഘട്ടത്തില്‍ തന്നെ കണ്ടെത്തി തികച്ചും സൗജന്യമായി ആധുനിക ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കി അവരെ പുതുജീവിതത്തിലേക്ക് കൊണ്ടുവരിക എന്നതാണ് ദി ഹോപ്പ് ലുക്കീമിയ പ്രോജക്ട് എന്ന് ഡോ. സൈ നുല്‍ ആബിദീന്‍ വിശദീകരിച്ചു. കേരളത്തിലെ പ്രമുഖ ചികിത്സാ കേന്ദ്രങ്ങളുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഇന്ത്യയില്‍ രക്താര്‍ബുദബാധിതരായ കുട്ടികളുടെ അതിജീവന സാധ്യതാ നിരക്ക് നിലവില്‍ 40നും 50നും ശതമാനത്തിനിടയിലാണ്. എന്നാല്‍ മറ്റു വികസിത രാജ്യങ്ങളില്‍ ഈ നിരക്ക് 90 ശതമാനമാണ്. കുട്ടികളിലെ അര്‍ബുദ ചികിത്സക്ക് ഏറ്റവും മികച്ച സൗകര്യങ്ങളുളള അമേരിക്കയിലെ സെന്റ് ജൂഡ് ഹോസ്പിറ്റലിലെ ലുക്കീമിയ രോഗികളുടെ അതിജീവന സാധ്യതാ നിരക്ക് 98 ശതമാനമാണ്. ഇത്തരത്തില്‍കുട്ടികളിലെ കാന്‍സര്‍ ചികിത്സാ രംഗത്ത് നമ്മുടെ രാജ്യം ഏറെ മുന്നോട്ട് പോകാനുണ്ടെന്ന തിരിച്ചറിവില്‍ നിന്നാണ് ഹോപ്പ് ഈ രംഗത്തെ ഏറ്റവും ആധുനിക ചികിത്സാ സൗകര്യങ്ങള്‍ കേരളത്തിലേക്ക് കൊണ്ടുവരാനുള്ള പദ്ധതിക്ക് രൂപം നല്‍കിയത്. ചികിത്സാ വിദഗ്ധര്‍, ഹോസ്പിറ്റലുകള്‍, കുട്ടികളുടെ മാതാപിതാക്കള്‍ തുടങ്ങിയവരെ ഈ പദ്ധതിയുമായി പരിപൂര്‍ണമായും സഹകരിപ്പിച്ചു കൊണ്ടാണ് പദ്ധതി. ഈ രംഗത്തെ രാജ്യാന്തര ചികിത്സാ കേന്ദ്രങ്ങളുടെ പിന്തുണയും പദ്ധതിക്കുണ്ട്. കേരളത്തില്‍ ആദ്യമായാണ് സ്വകാര്യ മേഖലയില്‍ തികച്ചും സൗജന്യമായി ആധുനിക ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാകുന്നത്. ഹോപ്പിന്റെ മെഡിക്കല്‍ ഡയറക്ടറും കുട്ടികളുടെ ക്യാന്‍സര്‍ ചികിത്സാരംഗത്തെ വിദഗ്ധനും അബുദാബി ബുര്‍ജീല്‍ ആശുപത്രിയിലെ ഡോക്ടറാണ് സൈനുല്‍ ആബിദീന്‍. കുട്ടികളിലെ അര്‍ബുദത്തെ അതിജീവിക്കാനുളള ഏറ്റവും മികച്ച സാധ്യതകള്‍ സൃഷ്ടിക്കുക എന്നതാണ് ഹോപ്പ് -ചൈല്‍ഡ് കാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്‍ സേവന മേഖലയില്‍ ലക്ഷ്യംവെക്കുന്നതെന്ന് ചെയര്‍മാന്‍ ഹാരിസ് കാട്ടകത്ത് പറഞ്ഞു.

കോഴിക്കോട് ആസ്ഥാനമായി 2016ല്‍ പ്രവര്‍ത്തനമാരംഭിച്ച ഹോപ്പ് -ചൈല്‍ഡ് കാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്‍ കേരളത്തിലെ നിരവധി അര്‍ബുദ രോഗബാധിതരായ കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും സാന്ത്വനമേകുന്ന സ്ഥാപനമായി നിലകൊളളുകയാണ്. കുട്ടികളില്‍ അര്‍ബുദ രോഗം സ്ഥിരീകരിക്കുന്ന നിമിഷം മുതല്‍ രോഗത്തെ അതിജീവിക്കുന്ന കാലയളവ് വരെ സഹായഹസ്തമായി നിലകൊളളുന്നു. കോഴിക്കോട് മെഡിക്കല്‍കോളേജ് കേന്ദ്രമായാണ് പ്രധാനമായും സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. തലശ്ശേരി മലബാര്‍ ക്യാന്‍സര്‍ സെന്ററിനടുത്തും പ്രവര്‍ത്തിച്ചുവരുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. പ്രൊജക്ട് അവതരണ ചടങ്ങില്‍ ജോജോ സി കാഞ്ഞിരക്കാടന്‍ സ്വാഗതം പറഞ്ഞു. ചെയര്‍മാന്‍ ഹാരിസ് കാട്ടകത്ത്, ഷെറിന്‍, ഡോ സൈനുല്‍ ആബിദീന്‍, ഡോ സിദ്ധിഖി യു കെ, എ കെ ഫൈസല്‍, കെ പി സഹീര്‍ സ്റ്റോറീസ്, ഷാഫി അല്‍ മുര്‍ഷിദി, എ എ കെ മുസ്തഫ, ബഷീര്‍ തിക്കോടി, റിയാസ് കില്‍ട്ടന്‍, ഷംസുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഹനീഫ നന്ദി പറഞ്ഞു. വിവരങ്ങള്‍ക്ക് 058-2140000.