Connect with us

Kerala

ബസ് ചാര്‍ജ് കൂട്ടി; മിനിമം ചാര്‍ജ് എട്ട് രൂപ

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് യാത്രാ നിരക്കുകള്‍ വര്‍ധിപ്പിച്ചു. ഇതുസംബന്ധിച്ച ഇടതുമുന്നണി ശിപാര്‍ശ മന്ത്രിസഭാ യോഗം അംഗീകരിച്ചു. മിനിമം ചാര്‍ജ് ഏഴില്‍ നിന്ന് എട്ട് രൂപയായാണ് വര്‍ധിപ്പിച്ചത്. വിദ്യാര്‍ഥികളുടെ നിരക്കില്‍ മാറ്റമില്ല. സ്ലാബ് അടിസ്ഥാനത്തില്‍ നേരിയ മാറ്റം വരും. എന്നാല്‍, ചാര്‍ജ് വര്‍ധനവ് അപര്യാപ്തമാണെന്നും സമരം തുടരുമെന്നും ബസ് ഉടമകള്‍ അറിയിച്ചു. മാര്‍ച്ച് ഒന്നുമുതല്‍ നിരക്ക് വര്‍ധന നിലവില്‍ വരും.

ഓര്‍ഡിനറി ബസുകളില്‍ കുറഞ്ഞ നിരക്ക് നിലവില്‍ ഏഴ് രൂപയെന്നത് എട്ട് രൂപയായും ഫാസ്റ്റ് പാസഞ്ചറില്‍ കുറഞ്ഞ നിരക്ക് പതിനൊന്ന് രൂപയായുമായാണ് വര്‍ധിപ്പിച്ചത്. വോള്‍വോ ബസുകളില്‍ കുറഞ്ഞ നിരക്ക് 45 രൂപയായി മാറും. നിലവില്‍ നാല്‍പ്പത് രൂപയാണ്. സൂപ്പര്‍ ഡീലക്‌സ് സെമി സ്ലീപ്പര്‍ നിരക്കും ഉയരും. ഇപ്പോഴുള്ള ഇരുപത് രൂപയില്‍ നിന്ന് രണ്ട് രൂപ വര്‍ധിച്ച് 22 ആകുമെന്നാണ് സൂചന. എക്‌സിക്യൂട്ടീവ് സൂപ്പര്‍ എക്‌സ്പ്രസിലും യാത്രാ നിരക്ക് കുത്തനെ ഉയരും. ഹൈലക്ഷ്വറി, എയര്‍ കണ്ടീഷന്‍ ബസുകളില്‍ 44 രൂപ കുറഞ്ഞ നിരക്കായി നിശ്ചയിക്കാനാണ് തീരുമാനം. നിലവില്‍ ഇത് നാല്‍പ്പത് രൂപയാണ്. സ്വകാര്യ ബസുടമകള്‍ വീണ്ടും സമരരംഗത്തേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ് നല്‍കിയതോടെ ഇന്നലെ അടിയന്തര എല്‍ ഡി എഫ് യോഗം ചേര്‍ന്നാണ് തീരുമാനമെടുത്തത്.

അടിക്കടിയുണ്ടാകുന്ന ഇന്ധന വിലവര്‍ധന, സ്‌പെയര്‍ പാര്‍ട്‌സുകള്‍ വാങ്ങുന്നതില്‍ ഉണ്ടായ ചെലവുകള്‍ എന്നിവ ചൂണ്ടിക്കാട്ടിയാണ് ബസ് ഉടമകള്‍ നിരക്കു വര്‍ധന ആവശ്യപ്പെട്ടത്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരം ഉള്‍പ്പെടെ പ്രത്യക്ഷ സമര പരിപാടികള്‍ ആവിഷ്‌കരിക്കുമെന്ന മുന്നറിയിപ്പും നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് വിഷയത്തില്‍ തീരുമാനമെടുക്കാന്‍ ഇടതുമുന്നണി യോഗത്തെ ചുമതലപ്പെടുത്തുകയായിരുന്നു.

Latest