Connect with us

Kozhikode

ദേശീയ വോളിക്ക് കോഴിക്കോട് ഒരുങ്ങി

Published

|

Last Updated

കോഴിക്കോട്: കോഴിക്കോട് ആതിഥേയത്വം വഹിക്കുന്ന 66ാമത് ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് വന്‍ വിജയമാക്കുന്നതിന് പ്രചാരണങ്ങളും ഒരുക്കങ്ങളും ഊര്‍ജിതം.
ഈ മാസം 17 മുതല്‍ 20 വരെ കോഴിക്കോട്, വയനാട്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ ദീപശിഖാ പ്രയാണം നടക്കും. അര്‍ജുന അവാര്‍ഡ് ജേതാവും അന്താരാഷ്ട്ര വോളിബോള്‍ താരവുമായ കെ സി ഏലമ്മ ദീപശിഖ പ്രയാണത്തിന് നേതൃത്വം നല്‍കും. 17ന് രാവിലെ ഇന്ത്യന്‍ വോളിബോള്‍ ടീം മുന്‍ കോച്ച് അച്ചുതക്കുറുപ്പിന്റെ വെള്ളികുളങ്ങരയിലെ സ്മൃതിമണ്ഡലത്തില്‍ നിന്നാരംഭിക്കുന്ന ദീപശിഖ പ്രയാണം മലബാറിലെ ജില്ലകള്‍ സന്ദര്‍ശിച്ച് 20ന് സ്വപ്‌നനഗരിയില്‍ സമാപിക്കും. സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ സര്‍വീസ് മഴയെന്ന് പേരില്‍ ഇന്ന് മുതല്‍ വോളിബോള്‍ സര്‍വീസ് പ്രചാരണം നടത്തും. നഗര, ഗ്രാമ വ്യത്യാസമില്ലാതെ വോളിബോള്‍ സര്‍വീസ് ചെയ്യാന്‍ ഒരു ലക്ഷം പേര്‍ക്ക് അവസരമൊരുക്കും. രജിസ്റ്റര്‍ ചെയ്ത ക്ലബുകളുടെയും വോളി താരങ്ങളുടെയും സഹകരണത്തോടെയാണ് സര്‍വീസ് മഴ സംഘടിപ്പിക്കുക.

പ്രചാരണത്തിന്റെ ഭാഗമായി 17ന് കോഴിക്കോട് പ്രസ് ക്ലബ് ടീം കണ്ണൂര്‍ പ്രസ്‌ക്ലബ് ടീമിനെ നേരിടും. 19ന് 25,000 രൂപ സമ്മാനത്തുകയുള്ള ഇന്റര്‍കോളജ് വോളിബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കും. 20ന് ഇന്‍ഡോര്‍ സ്റ്റേഡിയം പരിസരത്ത് നിന്ന് കാലിക്കറ്റ് ട്രേഡ് സെന്റര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേക്ക് വിളംബര ഘോഷയാത്ര നടക്കും.
തുടര്‍ന്ന് ഉദ്ഘാടന സമ്മേളനവും വിവിധ കലാപരിപാടികളും അരങ്ങേറും. ഇന്ത്യക്ക് വേണ്ടി കളിച്ച സീനിയര്‍ താരങ്ങളെ ചടങ്ങില്‍ ആദരിക്കും.

കാലിക്കറ്റ് ട്രേഡ് സെന്ററില്‍ 8000 പേര്‍ക്ക് ഇരിക്കാവുന്ന ഗ്യാലറിയാണ് ഒരുക്കുന്നത്. ആയിരം പേര്‍ക്ക് വി ഐ പി ഡോണര്‍ പാസ് നല്‍കും. 5000ത്തോളം സീസണ്‍ ടിക്കറ്റുകള്‍ നല്‍കും. പരിമിതമായ ടിക്കറ്റുകളാണ് മത്സര വേദിക്ക് സമീപമുള്ള കൗണ്ടറുകളില്‍ വില്‍പ്പന നടത്തുക. വി കെ കൃഷ്ണമേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കളികള്‍ ഉച്ചവരെ എല്ലാവര്‍ക്കും സൗജന്യമായി കാണാം.
ടൂര്‍ണമെന്റിന്റെ ലോഗോ കോഴിക്കോട് നടന്ന ചടങ്ങില്‍ മുഖ്യ സ്‌പോണ്‍സറായ ഗോകുലം ഗോപാലന്‍ കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി പി ദാസന് നല്‍കി പ്രകാശനം ചെയ്തു. പ്രമോ വീഡിയോ മുന്‍ മേയര്‍ ഒ രാജഗോപാലന്‍ പ്രകാശനം ചെയ്തു.

Latest