ചുവപ്പ് ഭീകരതയുടെ തേര്‍വാഴ്ച്ചയാണ് കണ്ണൂരിലെന്ന് ചെന്നിത്തല

Posted on: February 13, 2018 10:03 am | Last updated: February 13, 2018 at 10:03 am

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിനെ വെട്ടിക്കൊന്ന് സിപിഎം മനുഷ്യ മന:സാക്ഷിയെ വെല്ലുവിളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചുവപ്പ് ഭീകരതയുടെ തേര്‍വാഴ്ചയാണ് കണ്ണൂരില്‍ നടക്കുന്നത്. പൊലീസിന് പകരം സി.പി.എം നിയമം കൈയിലെടുത്തിരിക്കുകയാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

ഇടത് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം 21 രാഷ്ട്രീയ കൊലപാതകങ്ങളാണ് കണ്ണൂരില്‍ അരങ്ങേറിയത്. മറ്റു രാഷ്ട്രീയ പാര്‍ട്ടികളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതെയുള്ള ഭീകര പ്രവര്‍ത്തനമാണ് കണ്ണൂരില്‍ സി.പി.എം നടത്തുന്നത്. ശുഹൈബി നിഷ്ഠൂരമായ കൊലപാതകം ഞെട്ടിപ്പിക്കുന്നതും വേദനിപ്പിക്കുന്നതുമാണെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംയമനം കൈവെടിയരുതെന്നും ചെന്നിത്തല അഭ്യര്‍ത്ഥിച്ചു. വ്യാഴാഴ്ച താന്‍ കണ്ണൂര്‍ സന്ദര്‍ശിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.