കള്ളപ്പണം: ഹിമാചല്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിക്ക് സമന്‍സ്

Posted on: February 13, 2018 7:14 am | Last updated: February 13, 2018 at 12:16 am

ന്യൂഡല്‍ഹി: ഹിമാചല്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി വീര്‍ഭദ്ര സിംഗിന് ഡല്‍ഹി പ്രത്യേക കോടതി സമന്‍സ് അയച്ചു. ഏകദേശം ഏഴ് കോടിയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് വീര്‍ഭദ്ര സിംഗ്, ഭാര്യ, മറ്റ് മൂന്ന് പേര്‍ എന്നിവര്‍ക്ക് കോടതി സമന്‍സ് അയച്ചത്. ആരോപണവിധേയരായവര്‍ക്കെതിരെ പ്രഥമദൃഷ്ട്യാ മതിയായ തെളിവുണ്ടെന്നും മാര്‍ച്ച് 22ന് കോടതിക്ക് മുമ്പാകെ ഹാജരാകാന്‍ ഉത്തരവിടുകയാണെന്നും സ്‌പെഷ്യല്‍ ജഡ്ജി സന്തോഷ് സ്‌നേഹി മന്‍ പറഞ്ഞു.

ഭാര്യയും മറ്റ് മൂന്ന് പേരും ചേര്‍ന്ന് ഏഴ് കോടി രൂപ കാര്‍ഷിക വരുമാനമാണെന്ന് അവതരിപ്പിക്കുകയും തുടര്‍ന്ന് എല്‍ ഐ സി പോളിസികള്‍ വാങ്ങുന്നതിന് ഈ പണം ഉപയോഗിക്കുകയും ഇത് കണ്ടില്ലെന്ന് നടിക്കുകയും ചെയ്തുവെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 83കാരനായ വീര്‍ഭദ്ര സിംഗിനെതിരെ കുറ്റം ചുമത്തിയിരുന്നു. ഭാര്യ പ്രതിഭ സിംഗ്, യൂനിവേഴ്‌സല്‍ ആപ്പിള്‍ അസോസിയേറ്റ് ഉടമ ചുന്നി ലാല്‍ ചൗഹാന്‍, പ്രേം രാജ്, ലവാന്‍ കുമാര്‍ റോച്ച് എന്നിവര്‍ക്കാണ് സമന്‍സ്.