ഇറാന് മുന്നറിയിപ്പുമായി ഇസ്‌റാഈല്‍

Posted on: February 12, 2018 9:46 am | Last updated: February 12, 2018 at 12:54 pm

ടെല്‍അവീവ്: സിറിയന്‍ അതിര്‍ത്തിയില്‍വെച്ച് ഇറാന്‍ സൈന്യത്തില്‍ നിന്നേറ്റ കനത്ത തിരിച്ചടിയില്‍ രോഷാകുലനായി ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹൂ. രാജ്യത്തിനും സൈന്യത്തിനും നേരെയുള്ള ഏത് രീതിയിലുള്ള ആക്രമണങ്ങളെയും ശക്തമായി പ്രതിരോധിക്കുമെന്നും തിരിച്ചടിക്കുമെന്നും നെതന്യാഹൂ വ്യക്തമാക്കി.

സിറിയന്‍ പ്രതിരോധ സേന ഇസ്‌റാഈല്‍ യുദ്ധവിമാനമായ എഫ് 16 വെടിവെച്ച് വീഴ്ത്തിയതിനോടുള്ള പ്രതിഷേധമായാണ് നെതന്യാഹൂ ഇക്കാര്യം വ്യക്തമാക്കിയത്. ഇതിന് മറുപടിയായി സിറിയ – ഇസ്‌റാഈല്‍ അതിര്‍ത്തിയില്‍വെച്ച് ഇറാന്‍ ഡ്രോണ്‍ വിമാനം ഇസ്‌റാഈല്‍ സൈന്യം വെടിവെച്ച് വീഴ്ത്തി.

വടക്കന്‍ ഇസ്‌റാഈലിലെ അതിര്‍ത്തിയില്‍ ആക്രമണം നടത്താന്‍ ശ്രമിച്ച വിമാനമാണ് സിറിയ വെടിവെച്ച് വീഴ്ത്തിയത്. വിമാനത്തില്‍ നിന്നും രക്ഷപ്പെട്ട പൈലറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. 2006ന് ശേഷം ഇതാദ്യമായാണ് സിറിയന്‍ അതിര്‍ത്തിയില്‍ ഇത്തരത്തിലൊരു തിരിച്ചടി ഇസ്‌റാഈല്‍ നേരിടുന്നത്. ഇറാന്റെയും റഷ്യയുടെയും പിന്തുണയോടെ ശക്തമായ സൈനിക മുന്നേറ്റമാണ് സിറിയന്‍ സേന നടത്തുന്നത്.
രാജ്യത്തിന്റെ അഖണ്ഡതക്ക് കോട്ടം വരുന്ന രീതിയിലുള്ള ഏത് ആക്രമണത്തെയും ശക്തമായി പ്രതിരോധിക്കുമെന്നും ഇറാന്‍ ഇസ്‌റാഈലിന്റെ അഖണ്ഡതക്ക് ഭീഷണിയാകുകയാണെന്നും നെതന്യാഹൂ വ്യക്തമാക്കി. അതേസമയം, ഇസ്‌റാഈലിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഇറാന്‍ പ്രതികരിച്ചു.