ജി എസ് ടി, നോട്ട് നിരോധനം: ഫലം ഏഴ് വര്‍ഷത്തിനകമെന്ന് മോദി

Posted on: February 12, 2018 1:11 am | Last updated: February 19, 2018 at 7:06 pm
അബൂദബിയില്‍ നിര്‍മിക്കുന്ന ക്ഷേത്രത്തിന്റെ മാതൃക അനാവരണം ചെയ്ത് പ്രധാനമന്ത്രി
നരേന്ദ്ര മോദി ദുബൈ ഒപേറയില്‍ ഇന്ത്യന്‍ സമൂഹത്തോട് സംസാരിക്കുന്നു

ദുബൈ: നോട്ട് നിരോധനം, ഏകീകൃത ചരക്ക് സേവന നികുതി (ജി എസ് ടി) ഉള്‍പ്പെടെയുള്ള കേന്ദ്ര സര്‍ക്കാര്‍ പരിഷ്‌കാരങ്ങളെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. നോട്ട് നിരോധനവും ജി എസ് ടിയും ഇന്ത്യന്‍ സമ്പദ്ഘടനക്ക് ഒരു ദോഷവും വരുത്തിയിട്ടില്ലെന്ന് മോദി അഭിപ്രായപ്പെട്ടു. യു എ ഇ സന്ദര്‍ശനത്തിനിടെ ദുബൈ ഒപേറ ഹൗസില്‍ ഇന്ത്യന്‍ സമൂഹത്തോട് സംസാരിക്കുകയായിരുന്നു മോദി.
ശരിയായ നീക്കമായിരുന്നു നോട്ട് നിരോധനമെന്ന് രാജ്യത്തെ ദരിദ്രരായ ജനവിഭാഗം പോലും പറയുന്നു. പുതിയ വീട്ടിലേക്ക് താമസം മാറ്റുമ്പോഴുള്ള സ്ഥലജല വിഭ്രാന്തി തുടക്കത്തില്‍ ആളുകള്‍ക്ക് ഉണ്ടായിട്ടുണ്ട്. ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ അത് തുടര്‍ന്നുകൊണ്ടേയിരിക്കും. ഏഴ് വര്‍ഷത്തിനു ശേഷം ജി എസ് ടിയും ശരിയാണെന്ന് തിരിച്ചറിയപ്പെടും. ലോകത്ത് ബിസിനസ് ചെയ്യാന്‍ സാഹചര്യമുള്ള രാജ്യങ്ങളില്‍ ഇന്ത്യയുടെ റാങ്ക് 142ല്‍ നിന്ന് നൂറായി ലോക ബേങ്ക് കുറച്ചതും മോദി എടുത്തുപറഞ്ഞു. എന്നാല്‍, ഇത് സംതൃപ്തിപ്പെടുത്തുന്നില്ലെന്നും ഇനിയുമേറെ മെച്ചപ്പെടാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ ശക്തമായ പരിവര്‍ത്തനത്തിന്റെ പാതയിലാണ്. ജി എസ് ടി നടപ്പാക്കാനാകുമോ എന്നത് അറുപത് വര്‍ഷമായി തുടരുന്ന ചോദ്യമായിരുന്നു. ഒന്നും നടക്കില്ലെന്ന് വിശ്വസിച്ചിരുന്ന നിരാശയുടെയും ആശങ്കയുടെയും നാളുകളെ നാല് വര്‍ഷം കൊണ്ട് മറികടന്നിരിക്കുന്നു. എഴുപത് വര്‍ഷം പഴക്കമുള്ള വ്യവസ്ഥയില്‍ നിന്ന് പരിവര്‍ത്തനങ്ങള്‍ തേടുമ്പോള്‍ ചില പ്രശ്‌നങ്ങളും പ്രയാസങ്ങളുമുണ്ടാകും. നടത്തിപ്പിന്റെ രീതിയില്‍ ഇനിയും മാറ്റങ്ങള്‍ വേണ്ടതുണ്ട്. ഈ ഗോളത്തിന്റെ എല്ലാ കോണുകളിലുമുള്ളവരില്‍ നിന്ന് പഠിച്ച് മുന്നേറാനും കൂട്ടുചേരാനും ഏറ്റവും പിന്നില്‍ നില്‍ക്കുന്ന മനുഷ്യരുടെ ക്ഷേമത്തിനു വേണ്ടി പ്രയത്‌നിക്കാനുമുള്ള അവസരം കൂടിയാണ് ആഗോളീകരണമെന്നും മോദി പറഞ്ഞു.

പതിറ്റാണ്ടുകള്‍ക്കു ശേഷമാണ് ഇന്ത്യക്ക് വിവിധ ഗള്‍ഫ് രാഷ്ട്രങ്ങളുമായി ഇത്രമേല്‍ ശക്തവും ഊര്‍ജസ്വലവുമായ ബന്ധം സാധ്യമായത്. യു എ ഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി ഇന്ത്യക്കിന്ന് ഉപഭോക്താവ് എന്ന നിലയിലല്ല, പങ്കാളികള്‍ എന്നുള്ള ബന്ധമാണുള്ളത്. യു എ ഇ ഭരണകൂടം ഇന്ത്യന്‍ പാരമ്പര്യങ്ങള്‍ക്ക് നല്‍കിയ പരിഗണനക്കും മാന്യതക്കും വിഘാതം വരുന്ന പ്രവൃത്തി ഉണ്ടാകരുതെന്നും മോദി ഓര്‍മിപ്പിച്ചു. രണ്ടായിരത്തോളം ഇന്ത്യക്കാര്‍ മോദിയുടെ പ്രസംഗം കേള്‍ക്കാന്‍ എത്തിയിരുന്നു.
യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമുമായി മോദി കൂടിക്കാഴ്ച നടത്തി. ജുമൈറ അല്‍ നസീം ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച. ഫ്രഞ്ച് പ്രധാനമന്ത്രിയുമായും മോദി കൂടിക്കാഴ്ച നടത്തി.
ഇന്നലെ രാവിലെ അബൂദബിയിലെ സൈനിക രക്തസാക്ഷി സ്മാരകമായ വാഹത് അല്‍ കറാമയില്‍ പുഷ്പചക്രം അര്‍പ്പിച്ച ശേഷമാണ് പ്രധാനമന്ത്രി ദുബൈയിലെത്തിയത്.