Connect with us

National

നോട്ട് നിരോധിച്ചിട്ട് 15 മാസം; എണ്ണിത്തീര്‍ന്നില്ലെന്ന് ആര്‍ ബി ഐ

Published

|

Last Updated

ന്യൂഡല്‍ഹി: നോട്ട് നിരോധനം പ്രഖ്യാപിച്ച് ഒരു വര്‍ഷവും മൂന്ന് മാസവും പിന്നിട്ടിട്ടും നിരോധിച്ച നോട്ടുകള്‍ എണ്ണിതീര്‍ന്നിട്ടില്ലെന്ന് റിസര്‍വ് ബേങ്ക്. ബേങ്കുകളില്‍ തിരിച്ചെത്തിയ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും പഴയ നോട്ടുകളുടെ എണ്ണം തിട്ടപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നും റിസര്‍വ് ബേങ്ക് വൃത്തങ്ങള്‍ വ്യക്തമാക്കി. തിരിച്ചെത്തിയ നോട്ടുകളുടെ കൃത്യമായ എണ്ണം അറിയുന്നതിനും ഇതില്‍ ഉള്‍പ്പെട്ട വ്യാജ നോട്ടുകള്‍ കണ്ടെത്തുന്നതിനും വേണ്ടിയാണ് ഇപ്പോഴും നോട്ടെണ്ണല്‍ പ്രക്രിയ തുടരുന്നതെന്നും റിസര്‍വ് ബേങ്ക് വിശദീകരിച്ചു. വിവരാവകാശ അപേക്ഷക്ക് ലഭിച്ച മറുപടിയിലാണ് ആര്‍ ബി ഐയുടെ മറുപടി. നോട്ടെണ്ണല്‍ എന്ന് പൂര്‍ത്തിയാകുമെന്ന കാര്യത്തില്‍ റിസര്‍വ് ബേങ്ക് മറുപടി നല്‍കിയിട്ടില്ല.

തിരിച്ചെത്തിയ നോട്ടുകള്‍ എത്രയാണെന്ന് റിസര്‍വ് ബേങ്കിന് ഇതുവരെ കൃത്യമായ ഉത്തരം നല്‍കാന്‍ സാധിച്ചിരുന്നില്ല. ഈ ഘട്ടത്തിലാണ് നോട്ടെണ്ണല്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് മാത്രം ആര്‍ ബി ഐ വ്യക്തമാക്കുന്നത്. വിവിധ ബേങ്കുകളില്‍ തിരിച്ചെത്തിയ നോട്ടുകളില്‍ എത്ര വ്യാജന്‍ കടന്നുകൂടിയിട്ടുണ്ടെന്നതു സംബന്ധിച്ച് കൃത്യമായ വിവരം ആര്‍ ബി ഐക്ക് ലഭിച്ചിട്ടില്ലെന്ന് കഴിഞ്ഞ വര്‍ഷം ആര്‍ ബി ഐയുടെ കറന്‍സി മനേജ്‌മെന്റ് (കള്ളനോട്ട് വിജിലന്‍സ് വിഭാഗം) അറിയിച്ചിരുന്നു. എന്നാല്‍, വലിയതോതിലുള്ള കള്ളപ്പണവും കള്ളനോട്ടുകളും തിരിച്ചെത്തിയവയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ആര്‍ ബി ഐയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. നോട്ട് നിരോധനത്തിനെതിരെ ആര്‍ ബി ഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു കള്ളപ്പണം തിരിച്ചെത്തിയെന്ന വാര്‍ത്ത പുറത്തുവന്നത്.

രാജ്യത്തെ പ്രമുഖ വാണിജ്യ ബേങ്കുകളില്‍ നിന്നുള്‍പ്പെടെയുള്ള 59 നോട്ടെണ്ണല്‍ യന്ത്രങ്ങളുടെ സഹായത്തോടെയാണ് റിസര്‍വ് ബേങ്ക് ആസ്ഥാനത്ത് തിരിച്ചെത്തിയ നോട്ടുകളുടെ എണ്ണല്‍ പുരോഗമിക്കുന്നത്. 2016 നവംബര്‍ എട്ടിനാണ് ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പ്രധാനമന്ത്രി അസാധുവായി പ്രഖ്യാപിച്ചത്. കള്ളപ്പണം തിരികെ കൊണ്ടുവരിക, അഴിമതിയും ഭീകര പ്രവര്‍ത്തനവും ഇല്ലായ്മ ചെയ്യുക തുടങ്ങിയ അവകാശവാദങ്ങളുന്നയിച്ചായിരുന്നു നോട്ട് നിരോധനം. 15.44 ലക്ഷം കോടി രൂപയായിരുന്നു നിരോധിച്ച നോട്ടുകളുടെ ആകെ മൂല്യം. 2016- 17 സാമ്പത്തിക വര്‍ഷത്തിലെ റിസര്‍വ് ബേങ്ക് റിപ്പോര്‍ട്ട് പ്രകാരം 15.28 ലക്ഷം കോടി രൂപയാണ് തിരിച്ചത്തിയത്. നിരോധിച്ച നോട്ടുകളുടെ 99 ശതമാനം വരുമിത്.

 

Latest