Connect with us

Articles

റാഫേല്‍ ഇടപാടും രാജ്യസുരക്ഷയെന്ന പ്രതിരോധവും

Published

|

Last Updated

ഫ്രഞ്ച് കമ്പനിയായ ദസ്സൗള്‍ട്ട് ഏവിയേഷനില്‍ നിന്ന് 36 പോര്‍ വിമാനങ്ങള്‍ വാങ്ങാനുള്ള കരാറിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയാല്‍ രാജ്യ സുരക്ഷയാകെ അപകടത്തിലാകുമെന്നാണ് നരേന്ദ്ര മോദി സര്‍ക്കാറിന്റെ പക്ഷം. പോര്‍ വിമാനങ്ങള്‍ക്ക് നല്‍കുന്ന തുകയെത്ര എന്ന് പരസ്യപ്പെടുത്തിയാല്‍ ഇന്ത്യന്‍ യൂണിയന്‍ വാങ്ങാനുദ്ദേശിക്കുന്ന ഇനമേത് എന്നും അതിനുള്ള ആധുനിക സംവിധാനങ്ങളെന്തൊക്കെ എന്നും “ശത്രു” രാജ്യങ്ങള്‍ക്ക് മനസ്സിലാകും. അങ്ങനെ മനസ്സിലായാല്‍ ഈ അത്യാധുനിക പോര്‍ വിമാനത്തെ പ്രതിരോധിക്കാനുള്ള ശേഷി ആ രാജ്യങ്ങള്‍ ആര്‍ജിക്കും. രാജ്യ സുരക്ഷ ഇതിലധികം അപകടത്തിലാകാനുണ്ടോ? ആകയാല്‍ പോര്‍ വിമാനങ്ങള്‍ വാങ്ങാനുള്ള കരാറിന്റെ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ല. കരാറിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നവര്‍ രാജ്യ സുരക്ഷയെക്കുറിച്ച് വേവലാതിയില്ലാത്തവരാണ്, രാജ്യ സുരക്ഷയെക്കുറിച്ച് വേവലാതിയില്ലാത്തവര്‍, രാജ്യ ദ്രോഹികളാകാതെ തരമില്ല തന്നെ. കരാറിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തണമെന്ന് പാര്‍ലിമെന്റില്‍ ആവശ്യപ്പെട്ട കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പാര്‍ട്ടികളൊക്കെ, ഈ സമവാക്യമനുസരിച്ച്, രാജ്യ ദ്രോഹികളുടെ ഗണത്തില്‍ വരും. കരാറിന്റെ വിശദാംശങ്ങള്‍ പരമ രഹസ്യമായി സൂക്ഷിച്ച്, രാജ്യ സുരക്ഷയെ അപകടത്തിലാക്കാത്ത ഭരണപക്ഷം രാജ്യ സ്‌നേഹികളും. അല്ലെങ്കിലും നരേന്ദ്ര മോദി സര്‍ക്കാറിനോളം ആ സര്‍ക്കാറിനെ നയിക്കുന്നുവെന്ന് കരുതപ്പെടുന്ന ബി ജെ പിയോളം അവരെ നിയന്ത്രിക്കുന്ന ആര്‍ എസ് എസ്സിനോളം ഇവരെല്ലാം ചേരുന്ന സംഘ്പരിവാരത്തിനോളം രാജ്യ സ്‌നേഹികളായ മറ്റാരെങ്കിലുമുണ്ടോ!

പാര്‍ലിമെന്റിന്റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അടുത്തിടെ പുറത്തുവിട്ട ഒരു റിപ്പോര്‍ട്ടിലെ വിവരങ്ങളിലേക്ക് വരാം. മിഗ് – 21, മിഗ് – 27, മിഗ് – 29, ജാഗ്വാര്‍, മിറാഷ് 2000, സുഖോയ് – 30 എം കെ ഐ, തേജസ് എന്നിവയാണ് ഇന്ത്യന്‍ വ്യോമ സേനയുടെ പക്കലുള്ള പോര്‍ വിമാനങ്ങള്‍. ഇവയെല്ലാം ചേരുന്ന 44 പോര്‍ വിമാന വ്യൂഹങ്ങളെങ്കിലും വേണം ശത്രു രാജ്യങ്ങളുടെ (പ്രധാനമായും പാക്കിസ്ഥാനും ചൈനയും) വെല്ലുവിളി നേരിടാനെന്നാണ് വ്യോമ സേനയുടെ കണക്ക്. നിലവിലുള്ളത് 33 വ്യൂഹങ്ങള്‍ മാത്രം. 42 വ്യുഹങ്ങളുണ്ടാക്കാന്‍ പ്രതിരോധ വകുപ്പ് അനുവാദം നല്‍കിയ ശേഷവും 33 എണ്ണമേയുള്ളൂ. പ്രായാധിക്യമുള്ള മിഗ് -21, മിഗ് -27 വിമാനങ്ങളുള്ള 11 വ്യൂഹങ്ങളെ ഒഴിവാക്കേണ്ട കാലം അതിക്രമിച്ചുവെന്നും വ്യോമ സേന പറയുന്നു. അത് കൂടി ഒഴിവാക്കിയാല്‍ ആകെ വ്യൂഹങ്ങളുടെ എണ്ണം 22 ആയി ചുരുങ്ങും. വ്യോമ സേനയുടെ പ്രഹരശേഷി, 22 വ്യൂഹങ്ങളിലുള്ള മിഗ് – 29, ജാഗ്വാര്‍, സുഖോയ് – 30 എം കെ ഐ, തേജസ് വിമാനങ്ങളിലായി ചുരുങ്ങിയിരിക്കുന്നുവെന്ന് പാര്‍ലിമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി തന്നെ രാജ്യത്തെയും ലോകത്തെയും അറിയിക്കുന്നു. രാജ്യസുരക്ഷ അപകടത്തിലാക്കാന്‍ ഇതിലധികം മറ്റെന്തെങ്കിലും വേണോ? രാജ്യ സുരക്ഷയെ അപകടത്തിലാക്കും വിധത്തില്‍ പാര്‍ലിമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി പ്രവര്‍ത്തിച്ചുവെന്ന് ആരോപിക്കുമോ നരേന്ദ്ര മോദി സര്‍ക്കാര്‍?
യുദ്ധമുണ്ടായാല്‍, ശത്രുപക്ഷത്തെ പ്രതിരോധത്തിലാക്കാന്‍ പാകത്തിലുള്ള പ്രഹരശേഷി കൈവശമില്ലെന്ന് വ്യോമ സേന പറയാന്‍ തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല. ഒറ്റ എന്‍ജിന്‍ മാത്രമുള്ള മിഗ് – 21 വിമാനങ്ങളെ ഇനിയും ആശ്രയിക്കാനാകില്ലെന്നും പുതിയ പോര്‍ വിമാനങ്ങള്‍ വാങ്ങണമെന്നുമുള്ള നിര്‍ദേശം ആദ്യമുയരുന്നത് 1990കളുടെ അവസാനത്തിലാണ്. 1998 മുതല്‍ 2004 വരെ രാജ്യം ഭരിച്ചത് എ ബി വാജ്പയിയുടെ നേതൃത്വത്തിലുള്ള എന്‍ ഡി എ സര്‍ക്കാറും. കൂടുതല്‍ പോര്‍ വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനമെടുക്കാതിരുന്ന അന്നത്തെ എ ബി വാജ്പയ് സര്‍ക്കാര്‍ രാജ്യ സുരക്ഷയെ അപകടത്തിലാക്കുകയാണ് ചെയ്തത് എന്ന് വേണമെങ്കില്‍ പറയാം. അന്ന് പ്രധാനമന്ത്രിയായിരുന്ന എ ബി വാജ്പയ്, സര്‍ക്കാറിന് നേതൃത്വം നല്‍കിയിരുന്ന ബി ജെ പി, അതിനെ അന്നും നിയന്ത്രിച്ചിരുന്ന ആര്‍ എസ് എസ് ഒക്കെ രാജ്യ സുരക്ഷ അപകടത്തിലാക്കും വിധത്തില്‍ അന്ന് പ്രവര്‍ത്തിച്ചുവെങ്കില്‍, രാജ്യദ്രോഹിപ്പട്ടികയില്‍ ഉള്‍പ്പെടാന്‍ അവരും യോഗ്യരാണെന്ന് വരും.

വ്യോമസേനയുടെ ആവശ്യം പരിഗണിച്ച് 126 പോര്‍ വിമാനങ്ങള്‍ വാങ്ങാനുള്ള തീരുമാനമെടുത്തത് 2007ലാണ്, ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള യു പി എ സര്‍ക്കാറായിരുന്നു അധികാരത്തില്‍. ആഗോള ടെന്‍ഡര്‍ വിളിച്ചപ്പോള്‍ ബോയിംഗ്, യൂറോഫൈറ്റര്‍, ലോക്ഹീഡ് മാര്‍ട്ടിന്‍, സാബ് ജാസ്, ദസ്സൗള്‍ട്ട്, മികോയാന്‍ എന്നീ ആറ് കമ്പനികള്‍ മത്സരിക്കാനെത്തി. സാങ്കേതിത – സാമ്പത്തിക പരിശോധനകള്‍ക്ക് ശേഷം യൂറോ ഫൈറ്ററിന്റെ ടൈഫൂണും ദസ്സൗള്‍ട്ടിന്റെ റാഫേലുമാണ് ശേഷിച്ചത്. ഇതില്‍ റാഫേലിനെ നിശ്ചയിച്ചപ്പോള്‍, ഇന്ത്യയുടെ പൊതുമേഖലാ കമ്പനിയായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡും ദസ്സൗള്‍ട്ടുമായുള്ള പങ്കാളിത്തം ഉറപ്പാക്കിയിരുന്നു. ദസ്സൗള്‍ട്ടില്‍ നിന്ന് 18 എണ്ണം വാങ്ങാനും 108 എണ്ണം ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡില്‍ നിര്‍മിക്കാനുമായിരുന്നു ഉദ്ദേശ്യം. ഇതിനാവശ്യമായ സാങ്കേതിക വിദ്യ ദസ്സൗള്‍ട്ട് കൈമാറണമെന്നും വ്യവസ്ഥ വെച്ചു. എന്നാല്‍ എച്ച് എ എല്ലില്‍ നിര്‍മിക്കുക എന്ന നിര്‍ദേശത്തെ ദസ്സൗള്‍ട്ട് എതിര്‍ത്തു. അതുകൊണ്ട് കരാര്‍ വൈകി. ഈ കരാര്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ശ്രമിക്കാതെയാണ് 36 പോര്‍ വിമാനങ്ങള്‍ വാങ്ങാനുള്ള കരാര്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ഉണ്ടാക്കിയത്. പ്രധാനമന്ത്രി നേരിട്ട് ചര്‍ച്ച നടത്തിയാണ് ഈ കരാറിലേക്ക് എത്തിയത്. “ശത്രു”ക്കളുടെ ഭീഷണി മുന്‍നിര്‍ത്തി 126 പോര്‍ വിമാനങ്ങള്‍ വാങ്ങാനെടുത്ത തീരുമാനം 36ലേക്ക് പരിമിതപ്പെടുത്തുമ്പോള്‍ രാജ്യ സുരക്ഷ അപകടത്തിലാക്കുന്നത് ആരാണ്?
60,000 കോടിയോളം രൂപയാണ് 36 പോര്‍ വിമാനങ്ങള്‍ക്കും അതില്‍ ഘടിപ്പിക്കുന്ന മിറ്റിയര്‍, സ്‌കാല്‍പ്പ് തുടങ്ങിയ അത്യാധുനിക മിസൈലുകളടക്കം അയുധങ്ങള്‍ക്കുമായി കരാര്‍ പ്രകാരം നല്‍കേണ്ടത്. യു പി എ സര്‍ക്കാറിന്റെ കാലത്ത് കരാറിനെക്കുറിച്ച് ചര്‍ച്ച നടക്കുമ്പോള്‍ അറുന്നൂറ് കോടിയോളമായിരുന്നു റാഫേലൊന്നിന് വില. പുതിയ കരാറനുസരിച്ച് വില ഇരട്ടിയോളം വര്‍ധിച്ചിരിക്കുന്നു. വര്‍ഷം നാല് കഴിയുമ്പോള്‍ വില വര്‍ധിക്കുക സ്വാഭാവികം. പക്ഷേ, അത് ഇരട്ടിയോളമാകുമ്പോള്‍, സംശയങ്ങളുയരുക സ്വാഭാവികം. 72 വിമാനങ്ങള്‍ വാങ്ങാനുള്ള തുക നല്‍കി 36 എണ്ണം വാങ്ങുന്നതിന് പിറകില്‍ കോഴ – കമ്മീഷന്‍ ഇടപാടുകളുണ്ടോ എന്ന ആശങ്ക പങ്കുവെക്കപ്പെടുന്നതിലും അത്ഭുതമില്ല. അതിര്‍ത്തികളില്‍ ഉപയോഗിക്കുന്ന ജീപ്പ്, എ ബി ബൊഫോഴ്‌സിന്റെ ഹൊവിറ്റ്‌സര്‍ തോക്ക് എന്തിന് സൈനിക നടപടിയില്‍ മരിക്കുന്ന പട്ടാളക്കാരുടെ ശരീരം കൊണ്ടുവരാന്‍ ഉപയോഗിക്കുന്ന ശവപ്പെട്ടി വാങ്ങിയതില്‍ വരെ അഴിമതി ആരോപണം ഉയര്‍ന്നിട്ടുണ്ട് രാജ്യത്ത്. വ്യാജ ആയുധക്കമ്പനിയുടെ ഏജന്റുമാരായി അഭിനയിച്ചവരില്‍ നിന്ന് കോഴപ്പണം എണ്ണിവാങ്ങാന്‍ മടികാട്ടാതിരുന്ന പ്രസിഡന്റുണ്ടായിരുന്ന ഏക രാഷ്ട്രീയ പാര്‍ട്ടിയെന്ന ബഹുമതി ഇപ്പോഴും ബി ജെ പിക്ക് മാത്രമേയുള്ളൂവെന്നതിനാല്‍ ആശങ്കക്ക് കനമേറുക സ്വാഭാവികമാണുതാനും.
വാങ്ങാന്‍ പോകുന്നത് 36 പോര്‍ വിമാനങ്ങളാണെന്നതും 2019 മുതല്‍ ഇവയുടെ കൈമാറ്റം തുടങ്ങുമെന്നും 2022 ആകുമ്പോഴേക്കും മുഴുവനും കൈമാറുമെന്നും അവയില്‍ ഘടിപ്പിക്കാന്‍ പോകുന്നത് മിറ്റിയര്‍, സ്‌കാല്‍പ്പ് മിസൈലുകളുള്‍പ്പെടെ ആയുധങ്ങളാണെന്നുമൊക്കെ ഇതിനകം പുറത്തുവന്നിട്ടുണ്ട്. ഈ വിവരങ്ങളാണ് യഥാര്‍ഥത്തില്‍ രാജ്യ സുരക്ഷയെ അപകടത്തിലാക്കുന്നത്. ഇന്ത്യ സമാഹരിക്കുന്ന സന്നാഹങ്ങളുടെ വിവരങ്ങള്‍ മനസ്സിലാക്കിയ “ശത്രു”ക്കള്‍ക്ക് അതിന് ബദലാകാന്‍ പോന്നവ ആവനാഴിയിലെത്തിക്കാന്‍ സാധിക്കും. അതിന് ചെലവിടുന്ന പണത്തിന്റെ കണക്ക്, വിലപേശലിനുള്ള സൗകര്യം ഒരുപക്ഷേ “ശത്രു”ക്കള്‍ക്ക് ഉണ്ടാക്കിയേക്കാമെന്ന് മാത്രം. അത്തരം വിലപേശലുകള്‍ക്കപ്പുറത്താണ് ആയുധ ഇടപാടുകളെന്ന് മനസ്സിലാക്കാനുള്ള സാമാന്യബുദ്ധി രാജ്യത്തെ ജനങ്ങള്‍ക്കുണ്ടെന്ന് മോദി, ജയ്റ്റ്‌ലി, നിര്‍മല പ്രഭൃതികള്‍ക്ക് ഉണ്ടാകാതെ വരുമോ?

മുഖ്യ ശത്രു സ്ഥാനത്ത് നിര്‍ത്തുന്ന പാക്കിസ്ഥാനും ചൈനയും ഡൊണാള്‍ഡ് ട്രംപിന്റെ അമേരിക്കയുടെ അപ്രീതി പട്ടികയിലുള്ളവരാണ്. ഫ്രാന്‍സാകട്ടെ, അമേരിക്കയുടെ സഖ്യ രാഷ്ട്രവും. അമേരിക്ക മുന്‍കൈ എടുത്ത് നടപ്പാക്കുന്ന ഏത് അത്രിക്രമാധിനിവേശത്തിനും പിന്തുണ നല്‍കുന്നവരാണ് അവര്‍. ആ രാജ്യത്തെ കമ്പനിയില്‍ നിന്ന് പാക്കിസ്ഥാനോ ചൈനക്കോ പോര്‍ വിമാനങ്ങളോ ആയുധങ്ങളോ കൈമാറുമ്പോള്‍, വല്യേട്ടന്റെ ഇംഗിതം കണക്കിലെടുക്കാതിരിക്കില്ല. ഇതൊന്നും കണക്കിലെടുക്കാതെയുള്ള കച്ചവടത്തിന് ഫ്രഞ്ച് കമ്പനി സന്നദ്ധമായാല്‍, അവര്‍ക്ക് വിലപേശാനുള്ള പ്രധാന സംഗതി ഇന്ത്യക്ക് കൈമാറിയ ആയുധങ്ങളുടെ വിശദ വിവരങ്ങളായിരിക്കും. അതിന്റെ പട്ടിക മുന്നില്‍വെച്ചായിരിക്കും “ശത്രു”ക്കളുമായി കച്ചവടമുറപ്പിക്കുക. വ്യാപാരാഭിവൃദ്ധി ലക്ഷ്യമിടുന്ന കുത്തകകള്‍, ഇന്ത്യക്ക് നല്‍കിയതിന്റെ വിവരങ്ങളൊക്കെ മറച്ചുവെക്കുമെന്ന് പ്രതീക്ഷിക്കുന്നതിനോളം മൗഢ്യം മറ്റൊന്നില്ല തന്നെ.

വാങ്ങേണ്ട പോര്‍ വിമാനങ്ങളുടെ എണ്ണം 36 ആയി കുറച്ചതിന്റെ യുക്തി എന്ത്? ഇങ്ങനെ കുറക്കുകയും വിമാനത്തിനൊപ്പം മിസൈല്‍ ഉള്‍പ്പെടെ ആയുധങ്ങള്‍ വാങ്ങാന്‍ തീരുമാനിക്കുകയും ചെയ്തതു വഴി വ്യോമസേനക്കും അതുവഴി രാജ്യത്തിനുമുണ്ടാകുന്ന മേല്‍ക്കൈ എന്ത്? കരാര്‍ പുതുക്കിയപ്പോള്‍ വിമാന വില ഇരട്ടിയോളം വര്‍ധിച്ചതിന്റെ കാരണമെന്ത്? പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡും ദസ്സൗള്‍ട്ടും ചേരുന്ന സംരംഭമെന്ന ആശയം ഉപേക്ഷിച്ചത് എന്തുകൊണ്ട്? സാങ്കേതിക വിദ്യ കൈമാറണമെന്ന വ്യവസ്ഥ ഒഴിവാക്കിയത് രാജ്യത്തിന് നഷ്ടമല്ലേ? എച്ച് എ എല്ലിന്റെ സ്ഥാനത്ത് ദസ്സൗള്‍ട്ടുമായുള്ള സംയുക്ത സംരംഭത്തിലേക്ക് അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഡിഫന്‍സ് ലിമിറ്റഡ് എത്തിയത് സ്വാഭാവികമായാണോ? ഇത്തരം ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറും ജനങ്ങളോട് പറയേണ്ടത്. ഈ ചോദ്യങ്ങളില്‍ ഒന്നിന്റെ ഉത്തരം പോലും രാജ്യ സുരക്ഷയെ അപകടത്തിലാക്കുന്നില്ല. എന്തെങ്കിലും അപടകത്തിലാക്കുന്നുണ്ടെങ്കില്‍ അത്, നരേന്ദ്ര മോദി സര്‍ക്കാറിന്റെ സത്യസന്ധതയെയാണ് (അങ്ങനെയൊന്നുണ്ടെങ്കില്‍), സര്‍ക്കാറും സംഘപരിവാരവും സ്വയം ഉടമസ്ഥാവകാശം ഏറ്റെടുത്തിരിക്കുന്ന (കപട) രാജ്യസ്‌നേഹത്തെയാണ്.
കോളിളക്കമുണ്ടാക്കുകയും രാജ്യത്തിന്റെ രാഷ്ട്രീയദിശ മാറ്റുകയും ചെയ്ത ബൊഫോഴ്‌സ് അഴിമതിക്കേസില്‍ പുനഃരന്വേഷണം ആവശ്യപ്പെടാന്‍ സി ബി ഐയെ പ്രേരിപ്പിച്ച സര്‍ക്കാറാണ് നരേന്ദ്ര മോദിയുടേത്. മൂന്ന് പതിറ്റാണ്ട് പിന്നിടുമ്പോഴും ബൊഫോഴ്‌സിലെ കോഴ കണ്ടെത്തിയേ അടങ്ങൂവെന്ന വാശി ഈ സര്‍ക്കാറിനുണ്ടെങ്കില്‍, വസ്തുതകള്‍ നിരത്തി റാഫേല്‍ ഇടപാട് സുതാര്യമാണെന്ന് ജനത്തെ ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്തവുമുണ്ട്. രാജ്യസുരക്ഷയുടെ പേരുപറഞ്ഞ്, അതില്‍ നിന്ന് ഒഴിവാകാന്‍ ശ്രമിക്കുമ്പോള്‍ സ്വയം അപഹാസ്യരാകുക മാത്രമേ സംഭവിക്കുകയുള്ളൂ. ആളെക്കൊന്ന് അഴിമതി ആരോപണം ഇല്ലാതാക്കാന്‍ മടിക്കാത്ത (വ്യാപം ഫെയിം) കൂട്ടര്‍ക്ക് അപഹാസ്യതയും തണലാകും.

 

 

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest