Connect with us

Kannur

കണ്‍സ്യൂമര്‍ സഹകരണമേഖല തളരുന്നു; സ്ഥാപനങ്ങളില്‍ പലതും നഷ്ടത്തില്‍

Published

|

Last Updated

കണ്ണൂര്‍: സംസ്ഥാനത്തെ പൊതുവിപണിയില്‍ മുഖ്യസ്ഥാനമുണ്ടായിരുന്ന കണ്‍സ്യൂമര്‍ സഹകരണസംഘങ്ങളുടെ പൊതുസ്ഥിതി ദയനീയമെന്ന് കണ്ടെത്തല്‍. ഉപഭോക്താക്കളുടെ അഭിരുചി മാറുന്നതും വന്‍കിടസ്ഥാപനങ്ങളുടെ കടന്നുവരവും കൂടുന്ന പശ്ചാത്തലത്തില്‍ ആധുനികവിപണന തന്ത്രം സ്വീകരിക്കാന്‍ കഴിയാത്തതുള്‍പ്പടെയുള്ള നിരവധി പ്രശ്‌നങ്ങളാണ് കണ്‍സ്യൂമര്‍ സഹകരണ സ്ഥാപനങ്ങളുടെ സ്ഥിതി പരിതാപകരമാക്കുന്നത്.

സഹകരണ മേഖലക്കു കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന വിവിധ മൊത്ത വ്യാപാരസ്റ്റോറുകള്‍, സഹകരണ സ്റ്റോറുകള്‍, സ്‌കൂള്‍ കോഓപറേറ്റീവ് സ്‌റ്റോര്‍, കോളജ് കോഓപറേറ്റീവ് സ്റ്റോര്‍ തുടങ്ങി വിവിധ സ്ഥാപനങ്ങളില്‍ വലിയൊരു ശതമാനം പ്രവര്‍ത്തനരഹിതമായിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നേരത്തെ പുറത്തു വന്ന കണക്കുപ്രകാരം 500ല്‍പരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തനക്ഷമമല്ലാതായെന്നും 239 എണ്ണം ലിക്വിഡേഷന്‍ നടപടികള്‍ നേരിടുന്നവയുമാണെന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്. 13 ജില്ലാ മൊത്ത വ്യാപാര സ്റ്റോറുകളില്‍ രണ്ടെണ്ണം ലിക്വിഡേഷന്‍ നടപടി നേരിടുന്നതായും ഒന്ന് പ്രവര്‍ത്തനക്ഷമമല്ലെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രൈമറി കണ്‍സ്യൂമര്‍ സ്റ്റോറുകളില്‍ 331 എണ്ണം പ്രവര്‍ത്തനക്ഷമമല്ലെന്നാണ് ചൂണ്ടിക്കാട്ടുന്നത്. 221 എണ്ണമാണ് ഈ വിഭാഗത്തില്‍ ലിക്വിഡേഷന്‍ നടപടി നേരിടുന്നത്. സ്‌കൂള്‍ കോഓപറേറ്റീവ് സ്റ്റോറുകളില്‍ 158 എണ്ണവും കോളജ് കോഓപറേറ്റീവ് സ്റ്റോറുകളില്‍ 20 എണ്ണവും പ്രവര്‍ത്തനക്ഷമമല്ലെന്ന് വിലയിരുത്തുന്നുണ്ട്.

കണ്‍സ്യൂമര്‍ ഫെഡ് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സൂപ്പര്‍മാര്‍ക്കറ്റ്, നീതി സ്റ്റോര്‍, കണ്‍സ്യൂമര്‍ സ്റ്റോര്‍ എന്നീ പേരുകളിലായി നിലവില്‍ സംസ്ഥാനത്ത് 659 സ്ഥാപനങ്ങള്‍ കൂടി പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയില്‍ 487 എണ്ണം നീതി സ്‌റ്റോറുകളും 55 എണ്ണം സൂപ്പര്‍ മാര്‍ക്കറ്റുകളും 17 എണ്ണം കണ്‍സ്യൂമര്‍ സ്റ്റോറുകളുമാണ്. പലപ്പോഴും ഉത്സവകാലത്തോ സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്ന കാലത്തോ മാത്രം പ്രവര്‍ത്തിക്കുന്ന ഇവക്ക് വിപണിയില്‍ ഫലപ്രദമായി ഇടപെടാന്‍ കഴിയുന്നില്ലെന്ന് കണ്‍സ്യൂമര്‍ഫെഡ് തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്.

കണ്‍സ്യൂമര്‍ മേഖലയില്‍ സഹകരണ സ്ഥാപനങ്ങള്‍ക്ക് ഫലപ്രദമായി ഇടപെട്ട് പൊതുവിപണിയില്‍ ഇടപെടാന്‍ കഴിയണമെങ്കില്‍ നിരവധി പ്രശ്‌നങ്ങള്‍ തരണം ചെയ്യേണ്ടതുണ്ടെന്ന് സഹകരണ കോണ്‍ഗ്രസില്‍ അവതരിപ്പിച്ച പ്രബന്ധം നിരീക്ഷിക്കുന്നു. പ്രാഥമിക തലത്തില്‍ പ്രവര്‍ത്തിക്കുന്ന കണ്‍സ്യൂമര്‍ സ്റ്റോറുകള്‍ക്കും സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്ന കണ്‍സ്യൂമര്‍ഫെഡിനും മൂലധനമില്ലെന്നതാണ് പ്രധാന പ്രശ്‌നമായി ചൂണ്ടിക്കാട്ടുന്നത്. വിളവെടുപ്പ് കാലത്ത് വന്‍തോതില്‍ സാധനങ്ങള്‍ വാങ്ങി കേടുപാട് കൂടാതെ സൂക്ഷിച്ച് വിപണിയിലെത്തിക്കാന്‍ കഴിയണമെങ്കില്‍ മൂലധനശേഷി കൈവരിക്കണം. ഇത് ഇപ്പോഴില്ല. വിപണിയില്‍ നിന്നും കിട്ടുന്ന വിലയ്ക്ക് സാധനങ്ങള്‍ വാങ്ങി,നഷ്ടം സഹിച്ചോ ലാഭം ഇല്ലാതെയോ വില്‍ക്കാന്‍ മാത്രമാണ് ഇപ്പോള്‍ കഴിയുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

വായ്പക്ക് നല്‍കേണ്ട ഉയര്‍ന്ന പലിശയാണ് മറ്റൊരു പ്രധാന പ്രശ്‌നം. മിക്കവാറും സഹകരണ സ്റ്റോറുകള്‍ ജില്ലാ, സംസ്ഥാന സഹകരണ ബേങ്കുകളില്‍ നിന്നാണ് പണം കടമെടുക്കാറുള്ളത്. 12 ശതമാനം മുതല്‍ 14 ശതമാനം വരെ പലിശക്ക് കണ്‍സ്യൂമര്‍ വ്യാപാര രംഗത്ത് ഏര്‍പ്പെട്ടാല്‍ ശമ്പളം, വാടക എന്നീ ഇനങ്ങളില്‍ വരുന്ന ചിലവും കൂടി ചേര്‍ത്താല്‍ മിനിമം 20 ശതമാനമെങ്കിലും ലാഭം ലഭിച്ചാല്‍ മാത്രമേ നഷ്ടമില്ലാതെ പ്രവര്‍ത്തിക്കാന്‍ കഴിയൂ. ഇതിനായി ഉത്പന്നങ്ങളുടെ വിലവര്‍ധിപ്പിക്കേണ്ടിവരും. അങ്ങനെ വന്നാല്‍ വിപണിയില്‍ ഫലപ്രദമായി ഇടപെടാന്‍ കഴിയാതെ വരും. ഉയര്‍ന്ന തോതിലുള്ള ഭരണ ചെലവ്, വില്‍പ്പന വില നിശ്ചയിക്കുന്നതിലെ പോരായ്മകള്‍, ആധുനിക വിപണന തന്ത്രത്തിന്റെ അഭാവം, സര്‍ക്കാര്‍ സഹായത്തിലെ പിന്നോട്ടടി, സര്‍ക്കാറിന്റെ അമിത നിയന്ത്രണം, അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് തുടങ്ങിയ നിരവധി പ്രശ്‌നങ്ങള്‍ സ്ഥാപനങ്ങളുടെ വളര്‍ച്ചക്ക് വിഘാതമാകുന്നുണ്ട്. വിറ്റുവരവ് പരിശോധിക്കുമ്പോള്‍ അതില്‍ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ട് സ്ഥാപനത്തിന്റെ സ്ഥിരം ചിലവ് പോലും നടത്താന്‍ കഴിയാതെ വരുന്നു. കണ്‍സ്യൂമര്‍ ഫെഡിന്റെ കീഴിലുള്ള 240 ത്രിവേണി സ്റ്റോറുകളില്‍ കേവലം പത്തില്‍ താഴെ എണ്ണം മാത്രമാണ് ലാഭത്തില്‍ പ്രവര്‍ത്തിച്ചുവരുന്നതെന്ന് കണ്‍സ്യൂമര്‍ഫെഡ് എം ഡി വ്യക്തമാക്കുന്നു. പ്രതിമാസ വില്‍പ്പന എട്ട് കോടിയില്‍ നിന്ന് 16 കോടിയായി വര്‍ധിപ്പിച്ച് നഷ്ടം ലഘൂകരിക്കാന്‍ കഴിഞ്ഞെങ്കിലും പ്രതിമാസ വില്‍പ്പന 22 കോടിയില്‍ എത്തിച്ചെങ്കില്‍ മാത്രമേ ഈ നഷ്ടമില്ലാതെ കൊണ്ടുപോകാനാകൂയെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു.

 

 

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest