Connect with us

National

രാജസ്ഥാന്‍: വസുന്ധരയെ മാറ്റണമെന്നാവശ്യപ്പെട്ട് അമിത് ഷാക്ക് കത്ത്

Published

|

Last Updated

ജയ്പൂര്‍: ഉപതിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തെ തുടര്‍ന്ന് രാജസ്ഥാന്‍ ബി ജെ പിയിലുണ്ടായ പൊട്ടിത്തെറി കൂടുതല്‍ രൂക്ഷമാകുന്നു. സംസ്ഥാനത്ത് ബി ജെ പി അധികാരത്തില്‍ തുടരണമെങ്കില്‍ നേതൃമാറ്റം വേണമെന്ന ആവശ്യവുമായി ഒരു വിഭാഗം രംഗത്തെത്തി. ഇക്കാര്യമാവശ്യപ്പെട്ട് ബി ജെ പി കോട്ട ജില്ലാ പ്രസിഡന്റ് അശോക് ചൗധരി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്ക് കത്തയച്ചു.

മുഖ്യമന്ത്രി വസുന്ധര രാജെയോ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ അശോക് പ്രണാമിയോ തത്സ്ഥാനങ്ങളില്‍ തുടരുകയാണെങ്കില്‍ 2018ലെയും 19ലെയും തിരഞ്ഞെടുപ്പുകളില്‍ ബിജെ പിയുടെ അവസ്ഥ അതിദയനീയമായിരിക്കുമെന്ന് അശോക് ചൗധരി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം പുറത്തുവന്ന ഉപതിരഞ്ഞെടുപ്പില്‍ ബി ജെ പി വലിയ പരാജയമാണ് നേരിട്ടത്. മാസങ്ങള്‍ക്കകം സംസ്ഥാന തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബി ജെ പിക്കും മുഖ്യമന്ത്രി വസുന്ധരാ രാജെക്കും ഉപതിരഞ്ഞെടുപ്പ് ഫലം കനത്ത ക്ഷീണമുണ്ടാക്കിയിരുന്നു.

വസുന്ധര രാജെയുടെ ജനപ്രീതി കുത്തനെയിടിഞ്ഞുവെന്നാണ് പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെയും ആര്‍ എസ് എസ് നേതൃത്വത്തിന്റെയും വിലയിരുത്തല്‍. ഗോരക്ഷാ ഗുണ്ടകളുടെ വിളയാട്ടവും ഹിന്ദുത്വ തീവ്രവാദികളുടെ അഴിഞ്ഞാട്ടവും വസുന്ധര രാജെ സര്‍ക്കാറിന്റെ കര്‍ഷകവിരുദ്ധ നിലപാടുകളുമാണ് ബി ജെ പിക്ക് വിനയായത്. തോല്‍വിയെ തുടര്‍ന്ന് പാര്‍ട്ടിയില്‍ ചേരിപ്പോര് രൂക്ഷമാകുകയായിരുന്നു.