ഇന്ധന വില : കേന്ദ്രം സാധാരണക്കാരുടെ രക്തമൂറ്റുന്നുവെന്ന് ചിദംബരം

Posted on: February 11, 2018 12:20 am | Last updated: February 11, 2018 at 12:20 am

കൊച്ചി: പെട്രോൡന്റെയും ഡീസലിന്റെയും എക്‌സൈസ് നികുതി വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ സാധാരണക്കാരുടെ രക്തം ഊറ്റുകയാണെന്ന് മുന്‍ കേന്ദ്ര ധന മന്ത്രി പി ചിദംബരം.
രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസ് കളമശ്ശേരി എസ് സി എം എസ് കോളജുമായി സഹകരിച്ച് സംഘടിപ്പിച്ച സെമിനാറില്‍ ബജറ്റ് പ്രഭാഷണം നടത്തുകയായിരുന്നു ചിദംബരം.

പെട്രോള്‍ വില ബാരലിന് 70 ഡോളറായാല്‍ എന്തുചെയ്യുമെന്ന ചോദ്യത്തിന് കേന്ദ്രത്തിന് മറുപടിയില്ല. ഈ സര്‍ക്കാറിന് വില കൂട്ടുക എന്ന കാര്യം മാത്രമേ അറിയൂ. ബാരലിന് 140 ഡോളറില്‍ നിന്ന് 40 ഡോളറായിട്ടും വില കുറച്ചില്ല. ലോകം സാമ്പത്തിക വളര്‍ച്ചയിലേക്ക് കുതിക്കുമ്പോള്‍ ഇന്ത്യ പിറകിലേക്ക് പോകുന്നു.
ആരോഗ്യമേഖലയില്‍ 30 കോടി ജനങ്ങള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പ്രചാരണം. എന്നാല്‍ ബജറ്റില്‍ ഇന്‍ഷ്വറന്‍സ് എന്നൊരു വാക്ക് ഉപയോഗിച്ചിട്ടില്ല. ആരോഗ്യ പരിരക്ഷാ പദ്ധതി എന്ന് മാത്രമാണ് ബജറ്റില്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. ഇതിനായി ഒരു രൂപ പോലും നീക്കി വെച്ചിട്ടില്ല.
ഈ പദ്ധതിക്ക് ആവശ്യമായ പണം എവിടെ നിന്ന് കണ്ടെത്തുമെന്ന ചോദ്യത്തിന് ധനമന്ത്രിക്ക് ഉത്തരമില്ല. കഴിഞ്ഞ ബജറ്റിലും ഇത്തരം വാഗ്ദാനങ്ങള്‍ ഉണ്ടായിരുന്നു. ക്യാബിനറ്റ് ഇതിന് അംഗീകാരം നല്‍കുകയോ പണം അനുവദിക്കുകയോ പദ്ധതി നടപ്പാക്കുകയോ ചെയ്തില്ല. വലിയ കളവുകള്‍ പറഞ്ഞ് ജനങ്ങളെ വിശ്വസിപ്പിക്കാനാണ് ധനമന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

കേന്ദ്ര ബജറ്റ് അവതരണത്തിന് ശേഷമുള്ള ചിദംബരത്തിന്റെ ആദ്യ ബജറ്റ് പ്രഭാഷണമായിരുന്നു കൊച്ചിയിലേത്. എം പി ജോസഫ് മോഡറേറ്ററായി.
രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസ് ഡയറക്ടര്‍ ബി എസ് ഷിജു, എസ് സി എം എസ് ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ പ്രൊഫ. പ്രമോദ് പി തേവന്നൂര്‍, എം എല്‍ എമാരായ അന്‍വര്‍ സാദത്ത്, റോജി എം ജോണ്‍, മുന്‍ എം എല്‍ എ ബെന്നി ബെഹനാന്‍, ഡെപ്യൂട്ടി മേയര്‍ ടി ജെ വിനോദ് സംബന്ധിച്ചു.