പ്രൊഫ്‌സമ്മിറ്റ് ഇന്ന് സമാപിക്കും

Posted on: February 11, 2018 6:13 am | Last updated: February 10, 2018 at 11:34 pm
SHARE

കണ്ണൂര്‍: പതിനൊന്നാമത് എസ് എസ് എഫ് പ്രൊഫ്‌സമ്മിറ്റിന്റെ രണ്ടാം നാള്‍ വിഭവസമൃദ്ധമായ സെഷനുകള്‍കൊണ്ട് പ്രൗഢം. ക്യാമ്പസ് കെട്ടുപാടുകളിലെ അപ്രിയസത്യങ്ങള്‍ പങ്കുവെച്ചുകൊണ്ടുള്ള തുറന്ന ചര്‍ച്ചാവേദിയായി മാറി പല സെഷനുകളും. അസ്ഹാബുല്‍ കഹ്ഫിന്റെ ചരിത്രം വിശദീകരിച്ചുകൊണ്ടാണ് പ്രൊഫ്‌സമ്മിറ്റ് വേദി ഇന്നലെ ഉണര്‍ന്നത്. പിന്നീടങ്ങോട്ട് ക്യാമ്പസിലെ പ്രണയവും മുത്വലാഖും ഇസ്‌ലാമിക വിവാഹത്തില്‍ സ്ത്രീയുടെ അധികാരവുമെല്ലാം ചര്‍ച്ചക്ക് വന്നു. ക്യാമ്പസ് കൂട്ടുകാര്‍ ഉന്നയിച്ച സംശയങ്ങള്‍ക്ക് മതത്തിന്റെ ചട്ടക്കൂട്ടില്‍ നിന്ന് അടങ്ങിയൊതുങ്ങിയ മറുപടികള്‍ ശ്രദ്ധേയവും ആകര്‍ഷണീയവുമായി. ഒന്നര മണിക്കൂറോളം നീണ്ടുനിന്ന ഈ സെഷന്‍ കഴിയുമ്പോഴേക്കും ക്യാമ്പസ്‌ലോകം എന്തൊക്കെയോ കിട്ടിയ സംതൃപ്തിയിലായി.
ക്യാമ്പസിലെ രാഷ്ട്രീയ ചുറ്റുപാടുകളിലേക്ക് വെളിച്ചം വീശുന്നതായിരുന്നു അടുത്ത ഇനം. മതരാഷ്ട്രവാദത്തിന്റെ ആപത്ത് വിളിച്ചോതിയതിനൊപ്പം ഇസ്‌ലാം പ്രചരിച്ചത് സ്‌നേഹത്തിലൂടെയാണെന്ന് പ്രഖ്യാപിച്ചു. ഫാസിസ്റ്റ് കാലത്ത് മുസ്‌ലിംകള്‍ മതരാഷ്ട്രവാദമടക്കമുള്ള തീവ്രചിന്താഗതികളുമായല്ല പ്രതിരോധം തീര്‍ക്കേണ്ടതെന്ന് പ്രൊഫ്‌സമ്മിറ്റ് അഭിപ്രായപ്പെട്ടു.

ഇടത്പക്ഷത്തോട് ഓരം ചേര്‍ന്ന് നില്‍ക്കുന്ന ഞാഞ്ഞൂല്‍ രാഷ്ട്രീയ സംഘടനകള്‍ ക്യാമ്പസിനകത്ത് നിന്ന് തുടങ്ങിവെക്കുന്ന ആപത്തും ചോദ്യം ചെയ്യപ്പെട്ടു. ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ പാര്‍ശ്വവത്കരിക്കപ്പെടുന്ന സമൂഹത്തോടൊപ്പം കുറച്ചുകൂടി ഒട്ടിച്ചേരേണ്ടതുണ്ടെന്ന അഭിപ്രായവും പ്രൊഫ്‌സമ്മിറ്റ് മുന്നോട്ടുവെച്ചു. ക്യാമ്പസിലെ അരാഷ്ട്രീയ കൂട്ടുകെട്ടുകള്‍ വിദ്യാര്‍ഥികളിലുണ്ടാക്കിത്തീര്‍ക്കുന്ന മാനസിക ശൂന്യതയേയും അരാജകത്വത്തേയും പ്രൊഫ്‌സമ്മിറ്റ് ചോദ്യം ചെയ്തു. അന്ധമായ രാഷ്ട്രീയാതിപ്രസരം വേണമെന്നല്ല പകരം, രാഷ്ട്രീയബോധമാണ് പൗരന്‍മാര്‍ക്ക് വേണ്ടതെന്ന അഭിപ്രായമുയര്‍ന്നു. അരാഷ്ട്രീയ കൂട്ടുകെട്ടുകള്‍ വെറും അടിച്ചുപൊളികള്‍ക്കും തിന്മക്കുമുള്ള സംഗമകളാകുന്നതിന് പകരം രാഷ്ട്രത്തിന്റെ നിര്‍മിതിയിലും നന്മയിലും പൗരന്‍മാരെ പങ്കാളികളാക്കാനുള്ള പരിശീലനമാണ് ക്യാമ്പസില്‍ നിന്ന് ഉണ്ടാകേണ്ടതെന്ന് പ്രൊഫ്‌സമ്മിറ്റ് ആവശ്യമുന്നയിച്ചു.
ഉച്ചക്കു ശേഷം നടന്ന ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ചുള്ള ചോദ്യോത്തര പംക്തിയില്‍ ഇന്‍ഷ്വറന്‍സും പലിശയും സ്റ്റോക്ക് എക്‌സ്‌ചേഞ്ചുമെല്ലാം ചര്‍ച്ചക്ക് വന്നു. സലഫിസത്തിന്റെ ചരിത്രവും വര്‍ത്തമാനകാലത്ത് സമൂഹത്തെ എത്രമാത്രം ഈ ആശയധാരകള്‍ ക്രൂരതയോടെ സമീപിക്കുന്നുവെന്നുമുള്ള ചര്‍ച്ചകളും നടന്നു. ഐ എസ് അടക്കമുള്ള ഭീകരവാദ പ്രസ്ഥാനങ്ങളിലേക്ക് മുസ്‌ലിം സമൂഹത്തെ കൂട്ടിക്കൊണ്ടുപോകുന്ന സലഫിസമടക്കമുള്ള പുത്തന്‍ചിന്താധാരയെ എതിര്‍ത്തുതോല്‍പ്പിക്കേണ്ടതിന്റെ ആവശ്യകതയും പ്രൊഫ്‌സമ്മിറ്റ് ചര്‍ച്ച ചെയ്തു. ഐ പി ബി പ്രസിദ്ധീകരിച്ച മൂന്ന് പുസ്തകങ്ങളെ ആധാരമാക്കിയുള്ള ചര്‍ച്ചകള്‍ ഏറെ ശ്രദ്ധേയമായി. ഇസ്‌ലാമിക ചിട്ടയില്‍ ജീവിക്കേണ്ട ഒരാളുടെ ജീവിതം എങ്ങനെ പാകപ്പെടുത്തിയെടുക്കണമെന്നതിന്റെ നേര്‍രേഖ വരച്ചുകാട്ടിയ പ്രൊഫ്‌സമ്മിറ്റില്‍ ആധുനിക യുവത്വം മാതാപിതാക്കളോട് എങ്ങനെ ഇടപെടുന്നു എന്നത് സംബന്ധിച്ച വര്‍ത്തമാനങ്ങളും നടന്നു.

ക്യാമ്പസ് ലോകത്തിന് പുതിയ അറിവുകളും അനുഭവങ്ങളും സമ്മാനിക്കുന്ന പ്രൊഫ്‌സമ്മിറ്റില്‍ ഇന്ന് വിശ്വാസം, നേതൃത്വം, വിജയം എന്നിവക്കു പുറമെ, മെഡിക്കല്‍-എന്‍ജിനീയറിംഗ്-നിയമ മേഖലയിലുള്ള വിദ്യാര്‍ഥികള്‍ക്ക് കരിയര്‍ മെച്ചപ്പെടുത്തുന്നതിനുള്ള പ്രത്യേക ക്ലാസുകളുമുണ്ടാകും. ഇന്ന് ഉച്ചക്ക് ശേഷം സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരിയുടെ പ്രാര്‍ഥനാ സദസ്സോടെ പ്രൊഫ്‌സമ്മിറ്റിന് തിരശ്ശീല വീഴും.

LEAVE A REPLY

Please enter your comment!
Please enter your name here