ചരിത്ര സന്ദര്‍ശനത്തിനായി മോദി ഇന്ന് ഫലസ്തീനിലേക്ക് പുറപ്പെടും

Posted on: February 9, 2018 10:21 am | Last updated: February 9, 2018 at 1:09 pm

ന്യൂഡല്‍ഹി: ഫലസ്തീന്‍, ഗള്‍ഫ് സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പുറപ്പെടും. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഫലസ്തീന്‍ സന്ദര്‍ശിക്കുന്നത്. ജോര്‍ദാന്‍ വഴിയാകും അദ്ദേഹം പലസ്തീനില്‍ എത്തുക. ശ്രേഷ്ഠ അതിഥിയെ സ്വീകരിക്കാന്‍ രാജ്യം ഒരുങ്ങിയെന്ന് പലസ്തീന്‍ പ്രസിഡന്റ് മെഹ്മൂദ് അബ്ബാസിന്റെ കൊട്ടാരം പ്രസ്താവനയില്‍ പറഞ്ഞു.

മോദിക്ക് മെഹ്മൂദ് അബ്ബാസ് ഉച്ചവിരുന്ന് നല്‍കും. ചര്‍ച്ചകള്‍ക്കു ശേഷം ചില കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കും. റമല്ലയിലെ പ്രസിഡന്‍ഷ്യല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഇന്ത്യയുടെ തുടരുന്ന സഹായത്തിനും പിന്തുണക്കും നന്ദി രേഖപ്പെടുത്തുമെന്ന് പലസ്തീന്‍ അറിയിച്ചു. ഒരു പകല്‍ മാത്രം റമല്ലയില്‍ തങ്ങുന്ന പിന്നീട് ഗള്‍ഫ് മേഖലയിലെ മൂന്ന് രാഷ്ട്രങ്ങൡ സന്ദര്‍ശനം നടത്തും.

യു എ ഇ സന്ദര്‍ശനത്തിന് ശേഷം ഫെബ്രുവരി 11നാണ് അദ്ദേഹം മസ്‌കത്തിലെത്തുക. 12ന് തിരിച്ച് ഡല്‍ഹിയിലെത്തും. ഊര്‍ജം, സുരക്ഷാ സഹകരണം, ഭീകരവിരുദ്ധ നടപടികള്‍ തുടങ്ങിയവ സംബന്ധിച്ചു സുപ്രധാനമായ സന്ദര്‍ശനമാണ് നടക്കുന്നതെന്ന് ഒമാനിലെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. രാഷ്ട്ര നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ വിവിധ വിഷയങ്ങള്‍ ഉയര്‍ന്നുവരും. രാജ്യങ്ങള്‍ക്കിടയില്‍ പുതിയ കരാറുകള്‍ രൂപപ്പെടാനും നരേന്ദ്ര മോദിയുടെ സന്ദര്‍ശനം വേദിയൊരുക്കും.

11ന് ഒമാനിലെത്തുന്ന പ്രധാനമന്ത്രി രാഷ്ട്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. സുല്‍ത്താന്‍ ഖാബൂസ് ഗ്രാന്റ് മസ്ജിദും മസ്‌കത്ത് ശിവക്ഷേത്രവും സന്ദര്‍ശിക്കും. ഇന്ത്യക്കും ഒമാനും ഇടയില്‍ സുരക്ഷാ വിഷയങ്ങളില്‍ പങ്കാളിത്തം ശക്തമാക്കാന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം സഹായകമാകുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഒമാനിലേക്ക് നരേന്ദ്ര മോദിയുടെ ആദ്യസന്ദര്‍ശനമാണിത്. യു എ ഇയില്‍ രണ്ടാം തവണയുമാണ്.