ഗാസയില്‍ ഇന്ധന വിതരണം താറുമാറാകുമെന്ന് യു എന്‍

Posted on: February 7, 2018 11:42 pm | Last updated: February 7, 2018 at 11:42 pm
ാസയില്‍ വൈദ്യുതി നിലച്ച ആശുപത്രി

യു എന്‍: അടിയന്തര സഹായം ലഭ്യമായില്ലെങ്കില്‍ പത്ത് ദിവസത്തിനുള്ളില്‍ ഗാസയിലെ ഇന്ധന വിതരണം താറുമാറാകുമെന്ന് ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പ്. ഗുരുതര സേവനങ്ങള്‍ തടസ്സപ്പെടാതിരിക്കാനായി ജനറേറ്ററുകളിലേക്ക് ഇന്ധനങ്ങള്‍ വാങ്ങാന്‍ 6.5 ദശലക്ഷം ഡോളര്‍ ആവശ്യമാണെന്ന് യു എന്‍ അധിക്യതര്‍ ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. എം ആര്‍ ഐ, സി ടി സ്‌കാന്‍, എക്‌സ്‌റേ മെഷീനുകള്‍ തുടങ്ങിയ ആശുപത്രി ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ ഏകദേശം 7.7 ദശലക്ഷം ഇന്ധനം ആവശ്യമാണ്.

തിയേറ്ററുകള്‍, സ്‌കൂളുകള്‍ , ഉപ്പ് വെള്ള ശുദ്ധീകരണ ശാലകള്‍ എന്നിവ നല്ലരീതിയില്‍ തുടര്‍ന്നു പ്രവര്‍ത്തിക്കുവാനും ഇന്ധനം ആവശ്യമാണ്. ഗാസയിലെ ഫലസ്തീനികളുടെ ജീവനും ആരോഗ്യവും സംരക്ഷിക്കാനും കുടിവെള്ളത്തിനും ശുചീകരണ സംവിധാനത്തിനും അടിയന്തര സഹായം ആവശ്യമാണെന്ന് ഫലസ്തീന്‍ ജനതക്ക് സഹായം നല്‍കുന്ന പദ്ധതിയുടെ തലവനായ യു എന്‍ ഉദ്യോഗസ്ഥന്‍ റോബെര്‍ടൊ വാലെന്റ് പറഞ്ഞു. ഇന്ധനക്ഷാമത്തെത്തുടര്‍ന്ന് ആശുപത്രികള്‍ അടച്ചുപൂട്ടിത്തുടങ്ങിയെന്നും ഇദ്ദേഹം പറഞ്ഞു. അടിയന്തര ധനസഹായം ലഭ്യമായില്ലെങ്കില്‍ കൂടുതല്‍ സേവന ദാതാക്കള്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കുന്നത് സ്ഥിതിഗതികള്‍ കൂടുതല്‍ ഗുരുതരമാക്കുമെന്നും വാലെന്റ് പറഞ്ഞു.

2007 മുതല്‍ ഗാസക്ക് ചുറ്റും ഇസ്‌റാഈല്‍ ഉപരോധമേര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ ഇന്ധനമടക്കമുള്ള ചരക്കുകള്‍ മേഖലയിലേക്ക് കൊണ്ടുപോകുന്നതിന് നിയന്ത്രണമുണ്ട്. ഇന്ധന ക്ഷാമത്തെത്തുടര്‍ന്ന് വൈദ്യുതി പ്ലാന്റുകള്‍ പൂര്‍ണമായി പ്രവര്‍ത്തിപ്പിക്കാനാകാത്തതിനാല്‍ മേഖലയിലെ 20 ലക്ഷത്തോളം വരുന്ന ഫലസ്തീനികള്‍ക്ക് ദിവസവും എട്ട് മണിക്കൂറില്‍ താഴെമാത്രമാണ് വൈദ്യുതി ലഭിക്കുന്നത്. ഇസ്‌റാഈല്‍ വ്യോമ ആക്രമണങ്ങളെത്തുടര്‍ന്ന് കേടുപാടുകള്‍ സംഭവിച്ച പ്ലാന്റുകള്‍ക്ക് അറ്റകുറ്റപ്പണികള്‍ നടത്താനാകാത്തതും വൈദ്യുതി പ്രതിസന്ധി സ്യഷ്ടിക്കുന്നു.