മോദിയുടേത് രാഷ്ട്രീയ പ്രസംഗം; ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ അവഗണിച്ചു: രാഹുല്‍ ഗാന്ധി

Posted on: February 7, 2018 4:49 pm | Last updated: February 7, 2018 at 7:56 pm

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് ലോക്‌സഭയില്‍ പ്രസംഗിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദിയുടേത് രാഷ്ട്രീയ പ്രസംഗമാണെന്നും ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ അവഗണിച്ചെന്നും അദ്ദേഹം പറഞ്ഞു.

റാഫേല്‍ വിമാന ഇടപാടിനെക്കുറിച്ചോ കര്‍ഷകരെയോ യുവാക്കളുടെ തൊഴിലിനെക്കുറിച്ചോ പ്രധാനമന്ത്രി സംസാരിച്ചില്ല. ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ പ്രതിപക്ഷത്തിനും നെഹ്‌റു കുടുംബത്തിനുമെതിരെ ആരോപണം ഉന്നയിക്കുകയാണ് മോദി ചെയ്തതെന്നും രാഹുല്‍ വിമര്‍ശിച്ചു. ഒരു മണിക്കൂര്‍ നീണ്ട പ്രസംഗത്തിനിടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെന്ന കാര്യം അദ്ദേഹം മറന്നുപോയതാകും ഇതിന് കാരണമെന്നും രാഹുല്‍ പറഞ്ഞു.

രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയത്തിന് നല്‍കിയ മറുപടിയിലാണ് കോണ്‍ഗ്രസിനും നെഹ്‌റു കുടുംബത്തിനും എതിരെ മോദി ആഞ്ഞടിച്ചത്. കോണ്‍ഗ്രസ് ചെയ്ത പാപത്തിന്റെ ഫലം ഓരോ ദിവസവും രാജ്യം അനുഭവിച്ച് കൊണ്ടിരിക്കുന്നതെന്ന് മോദി ആരോപിച്ചു.