തായ്‌വാനില്‍ ഭൂകമ്പം; രണ്ട് പേര്‍ മരിച്ചു; 219 പേര്‍ക്ക് പരുക്ക്, നിരവധി പേരെ കാണാതായി

Posted on: February 7, 2018 9:55 am | Last updated: February 7, 2018 at 12:17 pm

തായ്‌പേയ്: തായ്‌വാനിലെ ഹുവാലിയനിലുണ്ടായ ഭൂചലനത്തില്‍ രണ്ട് പേര്‍ മരിച്ചു. 219 പേര്‍ക്ക് പരുക്കേറ്റു. റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത എര്‍പ്പെടുത്തിയ ചലനത്തില്‍ അശുപത്രികളും ഹുവാലിയനിലെ ആഡംബര ഹോട്ടലും ഉള്‍പ്പെടെ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. ഹുവാലിയനില്‍ നിന്ന് 22 കിലോമീറ്റര്‍ അകലെയായാണ് പ്രഭവ കേന്ദ്രം.

150ഓളം പേരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിയതായി സംശയിക്കുന്നു. സുരക്ഷാ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

സുനാമി മുന്നറിയിപ്പില്ലെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ഭൂകമ്പത്തെ തുടര്‍ന്ന് ഹൈവേകളും പാലങ്ങളും അടച്ചു. കഴിഞ്ഞ ഞായറാഴ്ച തായ്‌വാനില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു.