Connect with us

Gulf

പ്രധാനമന്ത്രി 11ന് ഒമാനിലെത്തും

Published

|

Last Updated

മസ്‌കത്ത്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒമാന്‍ സന്ദര്‍ശനം സുപ്രധാനമായതെന്ന് ഇന്ത്യന്‍ വിദശേകാര്യ മന്ത്രാലയം. മേഖലയിലെ മൂന്ന് രാഷ്ട്രങ്ങളിലാണ് ഈ മാസം ഒമ്പത് മുതല്‍ 12 വരെ മോദി സന്ദര്‍ശിക്കുന്നത്. ഫലസ്തീനിലേക്ക് ഒമ്പതിന് തിരിക്കുന്ന പ്രധാനമന്ത്രി യു എ ഇ സന്ദര്‍ശനത്തിന് ശേഷം ഫെബ്രുവരി 11നാണ് മസ്‌കത്തിലെത്തുക. 12ന് തിരിച്ച് ഡല്‍ഹിയിലെത്തും.
ഊര്‍ജം, സുരക്ഷാ സഹകരണം, ഭീകരവിരുദ്ധ നടപടികള്‍ തുടങ്ങിയവ സംബന്ധിച്ചു സുപ്രധാനമായ സന്ദര്‍ശനമാണ് നടക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. രാഷ്ട്ര നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ വിവിധ വിഷയങ്ങള്‍ ഉയര്‍ന്നുവരും. രാജ്യങ്ങള്‍ക്കിടയില്‍ പുതിയ കരാറുകള്‍ രൂപപ്പെടാനും നരേന്ദ്ര മോദിയുടെ സന്ദര്‍ശനം വേദിയൊരുക്കും.
11ന് ഒമാനിലെത്തുന്ന പ്രധാന മന്ത്രി രാഷ്ട്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. സുല്‍ത്താന്‍ ഖാബൂസ് ഗ്രാന്റ് മസ്ജിദും മസ്‌കത്ത് ശിവക്ഷേത്രവും സന്ദര്‍ശിക്കും. ഇന്ത്യക്കും ഒമാനും ഇടയില്‍ സുരക്ഷാ വിഷയങ്ങളില്‍ പങ്കാളിത്തം ശക്തമാക്കാന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം സഹായകമാകുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചനത്തിന് ഇടപെടല്‍ നടത്തിയ രാഷ്ട്രമാണ് ഒമാന്‍ എന്നത് ശ്രദ്ധേയമാണെന്നും ഗള്‍ഫ് രാഷ്ട്രങ്ങളുടെ ചുമതലയുള്ള ജോയിന്റ് സെക്രട്ടറി മൃദുല്‍ കുമാര്‍ പറഞ്ഞു.
ഒമാനിലേക്ക് നരേന്ദ്ര മോദിയുടെ ആദ്യസന്ദര്‍ശനമാണിത്. ഫലസ്തീനിലും ആദ്യമായാണ് മോദി സന്ദര്‍ശിക്കുന്നത്. യു എ ഇയില്‍ രണ്ടാം തവണയുമാണ്. ഫലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനമെന്നും ജറൂസലം വിഷയത്തില്‍ യു എന്‍ പൊതുസഭയില്‍ വോട്ട് ചെയ്ത് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയതാണെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് അറിയിച്ചു.
അതേസമയം, 11ന് മോദി ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുന്ന കമ്യൂണിറ്റി ഇവന്റിലേക്ക് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് എന്‍ട്രി പാസ് ലഭിച്ചുതുടങ്ങി. സോഷ്യല്‍ ക്ലബ് വഴിയാണ് പാസ് നല്‍കുന്നത്. ഇന്ത്യന്‍ എംബസി വെബ്‌സൈറ്റിലും ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് വഴിയും രജിസ്റ്റര്‍ ചെയ്യാന്‍ അവസരം ഒരുക്കിയിരുന്നു. രജിസ്‌ട്രേഷന്‍ നിലവില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

Latest