ദുബൈ ടൂര്‍ ഇന്നു മുതല്‍; സുരക്ഷക്ക് 250 പട്രോളിംഗ് കാറുകളും 500 പോലീസുകാരും

Posted on: February 6, 2018 8:08 pm | Last updated: February 6, 2018 at 8:08 pm

ദുബൈ: ഇന്നു മുതല്‍ പത്തു വരെ നടക്കുന്ന ദുബൈ ടൂറില്‍ പങ്കെടുക്കുന്ന മത്സരാര്‍ഥികളുടെയും പൊതുജനങ്ങളുടെയും വാഹനയാത്രക്കാരുടെയും സുരക്ഷക്കായി 250 പോലീസ് കാറുകളും 500 പോലീസുകാരെയും സജ്ജമാക്കിയതായി അധികൃതര്‍. ദുബൈ ടൂര്‍ കടന്നുപോകുന്ന മേഖലകളില്‍ സുഗമമായ ഗതാഗതം നിയന്ത്രിക്കുന്നതിനാണ് 500 പോലീസുകാരെ നിയോഗിച്ചിട്ടുള്ളതെന്ന് ദുബൈ പോലീസ് ട്രാഫിക് വിഭാഗം മേധാവി ബ്രിഗേഡിയര്‍ സൈഫ് മുഹൈര്‍ അല്‍ മസ്‌റൂഇ അറിയിച്ചു. ദുബൈ ടൂറിന് മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഞ്ചു ഘട്ടങ്ങളിലായി 851 കിലോമീറ്റര്‍ ചുറ്റുന്ന മത്സരത്തിന്റെ സുരക്ഷക്ക് ദുബൈ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ആര്‍ ടി എ, പോലീസ് എന്നിവ സംയുക്തമായാണ് പ്രവര്‍ത്തിക്കുക. ഇത്രയും വലിയൊരു പരിപാടി വിജയിപ്പിക്കുന്നതോടൊപ്പം പൊതുജനങ്ങളുടെ സുരക്ഷക്ക് വലിയ പ്രാധാന്യമാണ് ദുബൈ പോലീസ് നല്‍കുന്നതെന്ന് ബ്രിഗേഡിയര്‍ സൈഫ് മുഹൈര്‍ അല്‍ മസ്‌റൂഇ പറഞ്ഞു. കഴിഞ്ഞ നാല് വര്‍ഷമായി നടന്ന പരിപാടികളില്‍ മികച്ച സുരക്ഷയൊരുക്കാന്‍ പോലീസിനായി. മറ്റു എമിറേറ്റുകളിലൂടെ ടൂര്‍ കടന്നുപോകുമ്പോള്‍ അതാത് എമിറേറ്റിലെ പോലീസും സുരക്ഷക്കായി റോഡുകളിലുണ്ടാകും.
വാര്‍ത്താസമ്മേളനത്തില്‍ ദുബൈ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ശൈഖ് സഈദ് ഹാരിബ്, ആര്‍ ടി എ റോഡ് അതോറിറ്റി ഡയറക്ടര്‍ ആദില്‍ അല്‍ മര്‍സൂഖി, സംഘാടക സമിതി വൈസ് ചെയര്‍മാന്‍ ഹുറൈസ് അല്‍ മുര്‍ ബിന്‍ ഹാരിസ് തുടങ്ങിയവരും സംബന്ധിച്ചു.