Connect with us

Gulf

പരമ്പരാഗത മാധ്യമങ്ങള്‍ വെല്ലുവിളി നേരിടുന്നു: എന്‍ എം സി ആശയവിനിമയം ശ്രദ്ധേയമായി

Published

|

Last Updated

അബുദാബി: മാധ്യമങ്ങളുടെ ഭാവി സംബന്ധിച്ച് നാഷണല്‍ മീഡിയ കൗണ്‍സില്‍ സംഘടിപ്പിച്ച ആശയവിനിമയ പരിപാടി ശ്രദ്ധേയമായി. അറബി, ഇംഗ്ലീഷ്, മലയാളം, ഉറുദു, തഗലോഗ് ഭാഷകളില്‍ നിന്നുള്ള മാധ്യമ മേധാവികള്‍ പങ്കെടുത്തു. മാധ്യമ ലോകം വലിയ മാറ്റത്തിന് വിധേയമാകുന്ന കാലത്തിലൂടെയാണ് കടന്നുപോകുന്നതെന്നും പരമ്പരാഗത മാധ്യമങ്ങള്‍ വെല്ലുവിളി നേരിടുകയാണെന്നും ചര്‍ച്ചക്കു നേതൃത്വം നല്‍കിയവര്‍ ചൂണ്ടിക്കാട്ടി. അതേസമയം നവമാധ്യമങ്ങള്‍ ബാലാരിഷ്ടത മറികടന്നിട്ടുമില്ല. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകവഴി വിശ്വാസ്യത നഷ്ടപ്പെടുത്തുകയാണ്.

യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, ഉപ പ്രധാനമന്ത്രി ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ എന്നിവര്‍ സന്ദര്‍ശനം നടത്തി.

ഈ ആശയ വിനിമയ പരിപാടി യു എ ഇ മാധ്യമ സമൂഹത്തിന്റെ ചരിത്രത്തില്‍ നവയുഗത്തിന് കാരണമാകുമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. യു എ ഇയിലെ മാധ്യമങ്ങളില്‍ വലിയ വിശ്വാസമുണ്ട്. നമ്മുടെ സാമൂഹിക മൂല്യങ്ങളും ദേശീയ സമ്പത്തും സംരക്ഷിക്കുന്നതിന് മാധ്യമങ്ങള്‍ മുന്നില്‍ നില്‍ക്കുന്നു. രാഷ്ട്രപിതാവ് ശൈഖ് സായിദിന്റെ ഈ വര്‍ഷാചരണത്തില്‍ എല്ലാ വെല്ലുവിളികളും നേരിടാന്‍ മാധ്യമങ്ങള്‍ ഒന്നിച്ചു നില്‍ക്കണമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.
യു എ ഇ സഹമന്ത്രിയും എന്‍ എം സി അധ്യക്ഷനുമായ സുല്‍ത്താന്‍ അല്‍ ജാബിര്‍ സ്വാഗതം പറഞ്ഞു. എന്‍ എം സി ഡയറക്ടര്‍ ജനറല്‍ മന്‍സൂര്‍ അല്‍ മന്‍സൂരി സംസാരിച്ചു. സായിദ് വര്‍ഷാചരണം സംബന്ധിച്ച് ഫാരിസ് അല്‍ മസ്റൂയി, മാധ്യമ പ്രസിദ്ധീകരണത്തെക്കുറിച്ചു ടോം ഫ്ളെച്ചര്‍ ക്ലാസെടുത്തു.

വിദേശമാധ്യമങ്ങള്‍,തദ്ദേശീയ മാധ്യമങ്ങള്‍ എന്നിങ്ങനെ സംഘം തിരിഞ്ഞുള്ള ചര്‍ച്ചകളും ക്രോഡീകരണവും നടന്നു. വിദേശ ഭാഷാ മാധ്യമങ്ങളുടെ ചര്‍ച്ച അസ്ദ പി ആര്‍ ഏജന്‍സി സ്ഥാപകന്‍ സുനില്‍ ജോണ്‍ നയിച്ചു.
യു എ ഇ വികസനത്തില്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് സൗഹൃദ സംഭാഷണത്തില്‍ മലയാളം പ്രതിനിധികളോട് മന്ത്രി സുല്‍ത്താന്‍ അല്‍ ജാബിര്‍ പറഞ്ഞു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു എ ഇ സന്ദര്‍ശനം ആവേശം ജനിപ്പിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സിറാജ് ദിനപത്രത്തെ പ്രതിനിധീകരിച്ചു എഡിറ്റര്‍ ഇന്‍ ചാര്‍ജ് കെ എം അബ്ബാസ് പങ്കെടുത്തു.

 

Latest