Connect with us

National

തത്കാലം വേര്‍പിരിയില്ല; സമ്മര്‍ദ തന്ത്രവുമായി ടി ഡി പി

Published

|

Last Updated

ഹൈദരാബാദ്: ആന്ധ്രാപ്രദേശിന് പ്രത്യേക പദവി ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുയര്‍ത്തി ബി ജെ പിയുമായി ഇടഞ്ഞുനിന്ന തെലുഗുദേശം പാര്‍ട്ടി (ടി ഡി പി) എന്‍ ഡി എ വിടാനുള്ള തീരുമാനത്തില്‍ നിന്ന് പിന്തിരിഞ്ഞു. സംസ്ഥാനത്തിന് പ്രത്യേക പാക്കേജ്, കേന്ദ്ര ബജറ്റില്‍ ആന്ധ്രാപ്രദേശിനോടുള്ള അവഗണന എന്നിവ പാര്‍ലിമെന്റില്‍ ഉയര്‍ത്താന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. സംസ്ഥാനത്തോട് കാണിച്ച അവഗണന ഇല്ലാതാക്കാന്‍ കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്താന്‍ ചന്ദ്രബാബു നായിഡു പാര്‍ട്ടി എം പിമാര്‍ക്ക് നിര്‍ദേശം നല്‍കി.

എന്‍ ഡി എയില്‍ തുടരുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിക്കുന്നതിനാണ് ടി ഡി പിയുടെ പാര്‍ലിമെന്ററി ബോര്‍ഡ് യോഗം അമരാവതിയില്‍ ചേര്‍ന്നത്. കേന്ദ്ര സര്‍ക്കാറിന്റെ നയങ്ങളോടുള്ള എതിര്‍പ്പ് അറിയിക്കുന്നതിന്റെ ആദ്യ ഘട്ടമെന്ന നിലയിലാണ് പാര്‍ലിമെന്റില്‍ വിഷയം ഉയര്‍ത്തുന്നതെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു. മോദി സര്‍ക്കാറിന്റെ നിലപാടിന്റെ അടിസ്ഥാനത്തിലാകും മറ്റ് കാര്യങ്ങള്‍ തീരുമാനിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

ബി ജെ പിക്ക് മേല്‍ സമ്മര്‍ദം ശക്തമാക്കുന്നതിന്റെ ഭാഗമായി കേന്ദ്രത്തിലെ ടി ഡി പി മന്ത്രിമാരെ പിന്‍വലിക്കണമെന്ന് ചില നേതാക്കള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. ബി ജെ പിയുമായുള്ള സഖ്യത്തേക്കാള്‍ ടി ഡി പി പ്രധാന്യം നല്‍കുന്നത് സംസ്ഥാന താത്പര്യങ്ങള്‍ക്കാണെന്ന് ടി ഡി പി നേതാവും കേന്ദ്ര ശാസ്ത്ര, സാങ്കേതിക സഹമന്ത്രിയുമായ വൈ സുജന ചൗധരി യോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ആന്ധ്രാപ്രദേശ് വിഭജന കാലത്ത് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ എല്ലാ വാഗ്ദാനങ്ങളും അംഗീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, യോഗത്തിന് മുമ്പ് ചന്ദ്രബാബു നായിഡുവുമായി ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ടെലിഫോണില്‍ ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ട്. സഖ്യം വിടുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പുനരാലോചന നടത്തണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടതായാണ് വിവരം.
പ്രത്യേക പാക്കേജ് അനുവദിച്ച് സംസ്ഥാനത്തിന് ഫണ്ട് അനുവദിക്കുക, പോളാവാരം പദ്ധതിക്ക് ഫണ്ട് നല്‍കുക, അമരാവതിയെ തലസ്ഥാനമാക്കുന്നതിന് സഹായം നല്‍കുക, വിശാഖപട്ടണത്ത് റെയില്‍വേ സോണ്‍ അനുവദിക്കുക തുടങ്ങിയവയാണ് ടി ഡി പി ഉയര്‍ത്തുന്ന ആവശ്യങ്ങള്‍.
പാര്‍ലിമെന്റ് ബജറ്റ് സമ്മേളനത്തിന് മുമ്പ് ചന്ദ്രബാബു നായിഡു ആവശ്യങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചിരുന്നു. എന്നാല്‍, സംസ്ഥാനത്തെ കേന്ദ്ര സര്‍ക്കാര്‍ അവഗണിച്ചുവെന്നാണ് ടി ഡി പിയുടെ ആരോപണം. എന്‍ ഡി എ ബന്ധം ഉപേക്ഷിച്ച് മൂന്നാം മുന്നണി രൂപവത്കരണമാണ് ടി ഡി പി ലക്ഷ്യമിടുന്നതെന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു.

Latest