Connect with us

Palakkad

അനങ്ങന്‍മലയില്‍ ഇനിയും തീ അണഞ്ഞില്ല: 20 ഹെക്ടറോളം സ്ഥലം കത്തിനശിച്ചു

Published

|

Last Updated

ഒറ്റപ്പാലം: അനങ്ങന്‍മലയിലെ തീ അണഞ്ഞില്ല. 20ഹെക്ടറോളം സ്ഥലം ഇന്നലെയും കത്തി നശിച്ചു.രാവിലെ 11മണിയോടെ അനങ്ങനടി പഞ്ചായത്തിലെ മലയടിവാരത്താണ് തീ പടര്‍ന്നത്.

കനാല്‍ വൃത്തിയാക്കാന്‍ വേണ്ടി കൂട്ടിയിട്ട ചപ്പിലകള്‍ക്ക് തൊഴിലുറപ്പ് തൊഴിലാളികള്‍ തീയിട്ടതാണ് തീ പടരാന്‍ കാരണമായത്. അനങ്ങനടി ഗ്രാമപഞ്ചായത്തിന്റെ എതിര്‍വശത്തേക്ക് വരെ തീ എത്തിയതോടെ അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് എത്തിയ ഫയര്‍ ഫോഴ്‌സും,വനംവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് തീ അണച്ചത്.

കിഴൂര്‍ ഇക്കോ ടൂറിസം ഭാഗത്തേക്കും,പനമണ്ണയിലെ ജനവാസ മേഖലയിലും, കോതക്കുര്‍ശ്ശി വരെയും തീ എത്തിയിരുന്നു.നാട്ടുകാരോടൊപ്പം,വനംവകുപ്പ് റെയ്ഞ്ച് ഓഫീസര്‍ യു.ആഷിഖ് അലി, ഫയര്‍ ഫോഴ്‌സ് ലീഡിംഗ് ഫയര്‍മാന്‍ എ കെ ഗിരീഷ്‌കുമാറിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് തീ അണച്ചത്. സന്ദര്‍ഭോചിതമായ ഇടപെടല്‍ മൂലം ജനവസമേഖലകളിലേക്ക് തീ പടരുന്നത് ഒഴിവാക്കാനായി.മല മുകളില്‍ ഇപ്പോഴും പൂര്‍ണമായി തീ അണഞ്ഞിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.ഇതിനിടെ അനങ്ങന്‍മലയില്‍ വീണ്ടും തീപടരുന്നതിന് കാരണമായതിനെ തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറിക്ക് എതിരെ കേസ്.

അനങ്ങനടി പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ കനാല്‍ വൃത്തിയാക്കാന്‍ വേണ്ടി ചപ്പിലകള്‍ക്ക് തീയിട്ടതാണ് തീ പടരാന്‍ കാരണമെന്നതിനെ തുടര്‍ന്നാണ് വനം വകുപ്പ് കേസെടുത്തത്. സൂപ്പര്‍വൈസര്‍ക്കെതിരെയും, തൊഴിലാളികള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.നാശ നഷ്ടം കണക്കാക്കി ഇവരില്‍ നിന്ന് പിഴയീടാക്കുമെന്നും റെയ്ഞ്ച് ഓഫീസര്‍ യു. ആഷിഖ് അലി പറഞ്ഞു.

 

 

Latest